ശുഭദിന സന്ദേശം : എത്ര മനോജ്ഞം ! എത്ര മഹത്വം ! | ഡോ.സാബു പോൾ

”ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു”(യോവേൽ 1:8)!

മാർക്ക് ട്വയിൻ എന്ന തൂലികാനാമത്തിൽ പ്രശസ്തനായ സാമുവൽ ക്ലമൻ്റ്സ് മികച്ച ഹാസ്യ സാഹിത്യകാരനായിരുന്നു. അമേരിക്കൻ സാഹിത്യത്തിൻ്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ഐക്യതയില്ലാത്ത ക്രിസ്ത്യാനികളെ കളിയാക്കിക്കൊണ്ട് ഒരിക്കൽ എഴുതി.

”ഒരേ കൂട്ടിനകത്ത് പരസ്പരവൈരികളായ നായെയും പൂച്ചയെയും ഞാൻ അടച്ചു. ആദ്യം പരസ്പരം പൊരുതിയെങ്കിലും പിന്നീടവർ കൂട്ടുകാരായി…
പിന്നെ ഒരു പക്ഷിയെയും പന്നിയെയും ആടിനെയും ഒരുമിച്ചാക്കി പരീക്ഷിച്ചു നോക്കി. അവരും അൽപ്പം കഴിഞ്ഞപ്പോൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി തമ്മിലടി നിർത്തി…
അവസാനം ഞാൻ ഒരു ബാപ്റ്റിസ്റ്റിനെയും പ്രസ്ബറ്റീരിയനെയും കത്തോലിക്കനെയും ഒരുമിച്ചാക്കി. കുറച്ച് കഴിഞ്ഞപ്പോൾ ആരും അവശേഷിച്ചില്ല….!”

ഐക്യതയുടെ ഗുണവും ശ്രേഷ്ഠതയും ആർക്കാണറിയാത്തത്…?
‘ഐകമത്യം മഹാബലം’ എന്നത് മലയാളിക്ക് സുപരിചിതമായ പദം…
ഒരു ഈർക്കിലി ഒടിക്കാൻ എളുപ്പമായിരിക്കെ ഒത്തിരി ഈർക്കിലികൾ കൂട്ടിച്ചേർത്ത ചൂൽ ഒടിക്കുക ദുഷ്ക്കരമാണെന്ന പാഠം മരണാസന്നനായ അപ്പച്ചൻ മക്കളെ പഠിപ്പിച്ചത് നമ്മൾ കേട്ടു പഴകിയ കഥ…

എന്നാൽ….

ഐക്യതയോടെ ജീവിക്കാനാവുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തിയാൽ ശിരസ്സ് കുനിയാനാണ് സാദ്ധ്യത.

ആരോഹണ ഗീതങ്ങളുടെ ഭാഗമായ ഈ സങ്കീർത്തനം ദാവീദ് രചിച്ചതാണെന്ന് തലക്കെട്ട് സാക്ഷ്യപ്പെടുത്തുന്നു.

അനൈക്യത്തിൻ്റെ അലയൊലികൾ സ്വഭവനത്തിലാണ് ദാവീദ് ആദ്യം കണ്ടത്. അഭിഷേകം ചെയ്യപ്പെട്ടതോടെ മാതാപിതാക്കളും സഹോദരങ്ങളും അകമഴിഞ്ഞ പിന്തുണ നൽകുകയായിരുന്നില്ല. പ്രത്യുത, ‘നീ പട കാണാൻ വന്നതല്ലേ?’ എന്നു പറഞ്ഞു പരിഹസിക്കുകയായിരുന്നു സഹോദരൻമാർ.

പിന്നീട് ഭാര്യാ ഗൃഹത്തിലാണ് ഐക്യതയില്ലായ്മയുടെ അമാതൃക ദർശിച്ചത്. ഭാര്യയും അളിയനും ദാവീദിന് പൂർണ്ണ പിന്തുണ നൽകിയപ്പോൾ ‘കൊന്നേ അടങ്ങൂ!’ എന്ന വാശിയോടെ അമ്മായിഅപ്പൻ…

ശൗലിൻ്റെ മരണശേഷം രാജ്യത്തിലാണ് വിഭജനചിന്തകൾ രൂപപ്പെട്ടത്. യഹൂദാ ഗോത്രം ദാവീദിനോടു ചേർന്നു നിന്നപ്പോൾ ശൗലിൻ്റെ ഗോത്രവും മറ്റു ഗോത്രങ്ങളും അവനോട് ശത്രുത പുലർത്തി.

എന്നാൽ അവസാനം എല്ലാ യിസ്രായേല്യരും ദാവീദുമായി ഉടമ്പടി ചെയ്ത് അവനെ രാജാവായി അഭിഷേകം ചെയ്തംഗീകരിച്ചു. ഈ സന്ദർഭമാകാം സഹോദരൻമാർ ഒത്തൊരുമിച്ച് വസിക്കുന്നതിൻ്റെ മനോഹാരിതയും മഹത്വവും അയവിറക്കാൻ ദാവീദിനെ സഹായിച്ചത്.

ഐക്യത ശുഭവും മനോഹരവുമാണെങ്കിൽ അനൈക്യം അശുഭവും വിരൂപവുമല്ലേ…?

എന്താണ് അനൈക്യത്തിന് കാരണം?
നിരവധി കാരണങ്ങൾ നിരത്താനാവുമെങ്കിലും ദാവീദിൻ്റെ ജീവിതം മാത്രം ശ്രദ്ധിച്ചാൽ….

…ശൗലിന് തൻ്റെ പദവി നഷ്ടമാകുമോ എന്ന സംശയമുണ്ടായി.
…ദൈവാത്മാവിൻ്റെ നിയന്ത്രണം നഷ്ടമാകുകയും ദുരാത്മാവ് നിയന്ത്രണമേറ്റെടുക്കുകയും ചെയ്തു.
…വചനത്തെ അനുസരിക്കാൻ മറന്നു പോയി.

…ദാവീദിൻ്റെ സഹോദരന്മാർക്ക് തന്നോട് അസൂയയുണ്ടായി.

ഇന്നും അനൈക്യത്തിനു പിന്നിൽ ഇത്തരം കാര്യങ്ങളുണ്ട്.

ഓരോരുത്തനും മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠനെന്ന് എണ്ണിയാൽ…
പരിശുദ്ധാത്മാവിൻ്റെ ഹിതത്തിനായി സമർപ്പിച്ചാൽ…
വചനത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്താൽ…

അവിടെ ഒത്തൊരുമ വെളിപ്പെടും…!
സ്വർഗ്ഗീയ പിതാവ് സന്തോഷിക്കും…!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.