ശുഭദിന സന്ദേശം: പ്രതിദാനവും പ്രതിഫലവും | ഡോ.സാബു പോൾ

ഡോ.സാബു പോൾ

”നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവൻ പൂർണ്ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു”(രൂത്ത് 2:12).

ആ വൃക്ഷത്തിൻ്റെ പല വേരുകളുമറ്റ് നിർജ്ജീവമായിക്കഴിഞ്ഞിരുന്നു…..
ഇലകളുടെ പച്ചപ്പ് നോക്കിയാണ് മരത്തിന് നിലനിൽപ്പുണ്ടോ എന്ന് തിരിച്ചറിയുന്നത്. ഇവിടെ
ഇല കൊഴിഞ്ഞ് ഉണങ്ങി നിൽക്കുന്ന മരം ഭാവിയെക്കുറിച്ചും പ്രതീക്ഷയൊന്നും നൽകുന്നില്ല…

പക്ഷേ…..

വർത്തമാനകാലത്തിൽ ചെയ്യാൻ കഴിയുന്ന ഒരു കാര്യമുണ്ട്. ആവോളം വെള്ളമൊഴിച്ച് നനയ്ക്കുക. അതവൾ വളരെ നന്നായി ചെയ്തു….

നഷ്ടങ്ങളുടെ തുടർപരമ്പരകൾ നിസ്സഹായയായി നോക്കി നിൽക്കേണ്ടി വന്നവൾ…
ഭാവിയിലേക്ക് മിഴികൾ ഉയർത്തിയാൽ ശൂന്യത മാത്രം കാണുന്ന നിരാലംബയായവൾ…
… അതായിരുന്നു രൂത്ത്!

ആശ്രയിക്കാൻ ആൺതുണയില്ലാത്ത രണ്ട് വിധവകളുടെ കഥ പറഞ്ഞാണ് രൂത്ത് ഒന്നാം അദ്ധ്യായം സമാപിക്കുന്നത്.

പ്രതീക്ഷയറ്റ് ഉണങ്ങിപ്പോയ എലീമേലേക്കിൻ്റെ ഭവനത്തെ തന്നെക്കൊണ്ടാവും വിധം നിലനിർത്താനായിരുന്നു രൂത്തിൻ്റെ കതിർ പെറുക്കാനുള്ള കാൽനട യാത്ര…

അവളുടെ ഒരു സ്വഭാവശ്രേഷ്ഠത ഒത്തിരിക്കണ്ണുകൾ സാകൂതം നിരീക്ഷിച്ചു. ഉയരത്തിലെ രണ്ട് കണ്ണുകളും അത് കാണുന്നുണ്ടായിരുന്നു.
…അതവളുടെ വിശ്വസ്തതയായിരുന്നു!

വിധവയായ ഒരുവളെ പല വിധത്തിലാണ് സമൂഹം വീക്ഷിക്കുന്നത്.
ആഗ്രഹിച്ച കതിരുകൾ കിട്ടാൻ അവളുടെ നോട്ടം ആരെയും തേടിച്ചെന്നില്ല…
കറ്റക്കൂട്ടങ്ങളിൽ നിന്നും വേർപെട്ടു പോയ കതിരുകളിൽ മാത്രമായിരുന്നു അവളുടെ ശ്രദ്ധ. അൽപ്പസമയത്തെ വിശ്രമത്തിനു ശേഷം വീണ്ടും കഠിന പ്രയത്നം…

ഈ സമയത്താണ് മഹാധനികനായ ബോവസിൻ്റെ ആഗമനം.
തൻ്റെ ജോലിക്കാരെ അനുഗ്രഹിക്കുന്ന നല്ല യജമാനൻ….
തൊഴിലാളികളുമായി ഇഴയടുപ്പമുള്ള മുതലാളി…
അതുകൊണ്ട് തന്നെ പുതുതായി ഒരാൾ വയലിൽ വന്നത് അദ്ദേഹം ശ്രദ്ധിച്ചു, അന്വേഷിച്ചു…

മറ്റുള്ളവരുടെ കുറ്റങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന മുതലാളിയോ നേതാവോ ആണെങ്കിൽ നുണക്കഥകളെത്തിക്കാൻ ഉപജാപക വൃന്ദമുണ്ടാകും.
പക്ഷേ, അത്തരം സ്വഭാവമില്ലാത്ത ബോവസിനോട് കൊയ്ത്തുകാരുടെ മേലാൾ പറഞ്ഞത് രൂത്തിനെക്കുറിച്ച് കലർപ്പില്ലാത്ത വസ്തുതകൾ മാത്രം.

തുടർന്ന് രൂത്തിനോട് സംസാരിക്കുന്ന ബോവസ് അവൾക്ക് നൽകുന്ന രണ്ടനുഗ്രഹങ്ങൾ…
ദൈവം പകരം നൽകും (പ്രതിദാനമേകും), പൂർണ്ണ പ്രതിഫലം നൽകും. അനുഗ്രഹങ്ങളെ നാളെ കൂടുതൽ വിശകലനം ചെയ്യാം.

പ്രിയ ദൈവ പൈതലേ,
▪️ഇന്നലെകളിലേക്കും നാളെയിലേക്കും നോക്കുമ്പോഴും പ്രതീക്ഷകളില്ലെങ്കിലും ഇന്ന് നന്നായി നനയ്ക്കാൻ കഴിയട്ടെ – കണ്ണുനീരു കൊണ്ടും കരം കൊണ്ടും…
▪️ദൈവത്തിന് മറ്റെന്തിനേക്കാളും ഇഷ്ടം വിശ്വസ്തതയാണ്. മറ്റാരും കണ്ടില്ലെങ്കിലും, ദൈവം നിൻ്റെ വിശ്വസ്തത കാണും, അവസ്ഥ മാറ്റും.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.