ശുഭദിന സന്ദേശം: ഒഴിഞ്ഞതും, നിറഞ്ഞതും | ഡോ.സാബു പോൾ

ഡോ.സാബു പോൾ

” അതിനു ശീമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിനു ഞാൻ വല ഇറക്കാം എന്ന് ഉത്തരം പറഞ്ഞു.”
(ലൂക്കൊ.5:5).

യേശുക്രിസ്തുവിന്റെ ശുശ്രൂഷ പുരോഗമിക്കുമ്പോൾ ജനത്തിന് പ്രധാനമായും രണ്ടു കാര്യങ്ങളിൽ താത്പര്യമേറി വന്നു.
▪ ദൈവവചനം കേൾക്കാൻ….
▪ വിടുതൽ അനുഭവിക്കാൻ….

ലൂക്കൊസ് 5-ാം അദ്ധ്യായത്തിൽ ദൈവവചനം കേൾക്കാനാണ് ജനം തിക്കിത്തിരക്കുന്നത്. ആകാംക്ഷയോടെ യേശുവിന്റെ അധരത്തിൽ നിന്നു വീഴുന്ന മൊഴിമുത്തുകൾ പെറുക്കിയെടുക്കാൻ ഒരു വിഭാഗം ആളുകൾ തത്രപ്പെടുമ്പോൾ, നിഷ്ഫലമായിപ്പോയ ഒരു രാത്രിയെ മറക്കാൻ ശ്രമിച്ച് വല കഴുകുന്ന മറ്റൊരു കൂട്ടർ…..

ശീമോന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒന്നും കിട്ടാത്ത ഒരു രാത്രി. അവനറിഞ്ഞിരുന്നില്ല അത് തന്റെ ജീവിതത്തിൽ എല്ലാം കിട്ടുന്ന ദിനമാണെന്ന്.

ഒന്നാലോചിച്ചു നോക്കൂ…….

ജീവിതത്തിൽ നഷ്ടങ്ങളുടെ കണക്കെടുപ്പു നടത്തി നിരാശയിൽ തകർന്നു നിൽക്കുമ്പോൾ ആളും ആരവവും നമുക്ക് അലർജിയായി തോന്നില്ലേ….?
ആ സമയത്ത് നമ്മോട് എന്തെങ്കിലും സഹായം ചോദിച്ചാൽ നാം പൊട്ടിത്തെറിക്കില്ലേ…?
ഇതാണ് പത്രോസിനെ വ്യത്യസ്തനാക്കുന്നത്!

❓അന്നെന്തെങ്കിലും ലഭിച്ചിരുന്നെങ്കിൽ…

1. പത്രോസിന്റെ പടക് ഒരിക്കലും ഒരു പ്രസംഗ പീഠമാകുമായിരുന്നില്ല. അൽപ്പമെങ്കിലും മീനുണ്ടായിരുന്നെങ്കിൽ അത് ബുദ്ധിമുട്ടാകുമായിരുന്നു.
2. അവന്റെ പടക് അതു പോലെ നിറയുമായിരുന്നില്ല.
3. സുപ്രസിദ്ധനായ അപ്പൊസ്തലനായി അവൻ മാറുമായിരുന്നില്ല.

‘ആഴത്തിലേക്ക് നീക്കി വലയിറക്കുവാൻ ‘ യേശു കൽപ്പിച്ചപ്പോൾ പത്രോസ് പ്രതിവചിച്ചതാണ് നമ്മുടെ കുറിവാക്യം. കൂടെയുള്ളവർ നിശ്ശബ്ദത പാലിച്ചപ്പോൾ പത്രോസ് പറഞ്ഞത് _ഞങ്ങൾ_ രാത്രി മുഴുവൻ അദ്ധ്വാനിച്ചതാണ്. നിന്റെ വാക്കിന് _ഞാൻ_ വലയിറക്കാം….

വീണ്ടും വ്യത്യസ്തനാകുന്ന പത്രോസ്…..
അന്ന് അവനിലെ മുക്കുവൻ പരാജയപ്പെട്ടു. കാരണം…

1. യേശു പറഞ്ഞത് തീർത്തും യുക്തിരഹിതവും മുക്കുവനെന്ന നിലയിൽ അവന്റെ കഴിവിനെയും നൈപുണ്യത്തെയും ചോദ്യം ചെയ്യുന്നതുമാണ്.
2. പകൽ മീൻ പിടുത്തത്തിന് പറ്റിയ സമയമല്ല.
3. രാത്രി മുഴുവൻ തലങ്ങും വിലങ്ങും അൽപം സ്ഥലം പോലും വിടാതെ വല വീശിയതാണ്.
4. രാത്രി മുഴുവൻ അദ്ധ്വാനിച്ച ഇവരെല്ലാം ക്ഷീണിതരാണ്.

അന്ന് അവനിലെ ‘വിശ്വാസി’ വിജയിച്ചു. കാരണം …..
1. ഞങ്ങൾ അദ്ധ്വാനിച്ചു, _ഞാൻ_ വലയിറക്കാം എന്ന് പറഞ്ഞാൽ എന്റെ കൂട്ടുകാരുടെ ചിന്തയെന്തായാലും _ഞാൻ_ അനുസരിക്കാം.
2. കേവലം വാക്കു പറയുകയല്ല, അവനത് ചെയ്തു.

പത്രോസിനെ തന്നെ ഒന്നു കൂടി ശ്രദ്ധിക്കാം.
?അനുസരണത്തിനു മുമ്പ് …………….
1. ഒഴിഞ്ഞ പടക്.
2. പ്രതീക്ഷയൊഴിഞ്ഞ മനസ്സ്.
3. ഊർജസ്വലതയൊഴിഞ്ഞ ശരീരം.
?അനുസരണത്തിനു ശേഷം……….
1. നിറഞ്ഞ പടക്.
2. ആവേശം നിറഞ്ഞ മനസ്.
3. സന്തോഷാശ്രുക്കളാൽ നിറഞ്ഞ കണ്ണുകൾ.
4. അനുതാപത്താൽ നിറഞ്ഞ ഹൃദയം.

പ്രിയ ദൈവ പൈതലേ,
ഒരിക്കലും സംഭവിക്കാത്ത ശൂന്യത ദൈവം നൽകുന്നത് ഇന്നുവരെ നിറയാത്തതുപോലെ നിറയ്ക്കാനാകാം. പത്രോസിനെപ്പോലെ വിശ്വാസത്തിൽ വ്യത്യസ്തരാകാം… അവൻ നിന്നെ നിറയ്ക്കും…!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

-Advertisement-

You might also like
Comments
Loading...