ശുഭദിന സന്ദേശം: വെളിച്ചദൂതനും വെളിച്ചപ്പാടും | ഡോ.സാബു പോൾ

”എന്റെ ബുദ്ധിക്കെത്താത്ത വൻകാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല”(സങ്കീ.I31:1).

ബൈബിളിൽ പറഞ്ഞിരിക്കുന്ന എല്ലാക്കാര്യങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാവുന്നവയല്ല. ചില കാര്യങ്ങളെ വിശദീകരണമില്ലാതെ പറഞ്ഞിരിക്കുന്നതു കൊണ്ട് അവയെക്കുറിച്ച് കൂടുതൽ പഠിച്ചവർ നൽകുന്ന വ്യാഖ്യാനങ്ങളിൽ നിന്നും മറുപടി കണ്ടെത്തേണ്ടി വരും. അങ്ങനെ വ്യക്തമായി പറയാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് അധികമാരും പ്രസംഗിക്കാറില്ല. മാത്രമല്ല, അവ രക്ഷയെ ബാധിക്കുന്ന സുപ്രധാന കാര്യങ്ങളുമല്ല…

എന്നാൽ ചിലർ ഇത്തരം വേദഭാഗങ്ങൾ എടുത്ത് മറ്റുള്ളവരിലും ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇങ്ങനെയൊരു വിഷയം ശ്രദ്ധയിൽ പെട്ടതുകൊണ്ട് അതിനെക്കുറിച്ച് ചിന്തിക്കാനാഗ്രഹിക്കുന്നു.

ഇന്നത്തെ തലക്കെട്ടിലെ രണ്ടു വാക്കുകളിലും ‘വെളിച്ചം’ ഉണ്ടെങ്കിലും നേർ വിപരീതമായ അർത്ഥമാണുള്ളത്. വെളിച്ചപ്പാട് (Necromancer) എന്നതിന് ഭൂതാവാഹനശക്തിയുള്ളയാൾ, പരേതാത്മാക്കളോട് സംസാരിക്കുന്നവൻ, ദുർമന്ത്രവാദി എന്നൊക്കെയുള്ള അർത്ഥമാണുള്ളത്.

എന്നാൽ വെളിച്ച ദൂതൻ വെളിച്ചത്തിൻ്റെ ദൂതനാണ് അഥവാ ദൈവദൂതനാണ്. സാത്താൻ ചിലപ്പോൾ ദൈവദൂതനെപ്പോലെ വേഷം മാറി വരുന്നതിനെക്കുറിച്ച്(2 കൊരി.11:14) പൗലോസ് ശ്ലീഹ മുന്നറിയിപ്പ് നൽകുന്നുണ്ട്.

1988 മാർച്ചിൽ മലയാള മനോരമ സൺഡെ സപ്ലിമെൻ്റിൽ റിട്ട. ജസ്റ്റിസ് V. R. കൃഷ്ണയ്യർ ‘മരണം ഒരു വാതിൽ’ എന്ന തലക്കെട്ടോടെ ഒരു ലേഖനം എഴുതിയിരുന്നു. നിരീശ്വരവാദിയായിരുന്ന കൃഷ്ണയ്യർ, പ്രിയ പത്നി ശാരദയുടെ വിയോഗത്തോടെയാണ് തൻ്റെ യുക്തിവാദ ചിന്തകളുടെ ഒരു പുനർവായനയ്ക്ക് തയ്യാറായത്.

ഇന്നലെ വരെ തൻ്റെ സന്തത സഹചാരിയായിരുന്ന തൻ്റെ പ്രിയപ്പെട്ടവൾ ഒരു ദിവസം കൊണ്ട് ഒന്നുമല്ലാതായോ എന്ന ചിന്ത അദ്ദേഹത്തെ ഭരിച്ചു കൊണ്ടിരിക്കുമ്പോഴാണ് പരേതാത്മാക്കളോട് സംസാരിക്കുന്ന അത്ഭുതസിദ്ധിയുള്ള ഒരാളെ അദ്ദേഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. തുടർന്നുണ്ടായ അനുഭവത്തെക്കുറിച്ചാണ് യുക്തിവാദത്തെ പടിക്കു പുറത്താക്കിയ കൃഷ്ണയ്യർ എഴുതിയത്.

ശൗൽ വെളിച്ചപ്പാടത്തിയുടെ അടുത്ത് പോയതും ശമൂവേലിനോട് സംസാരിച്ചതുമാണ് തർക്കവിതർക്ക ങ്ങൾക്കിടയാക്കിയ വേദഭാഗം. അതിനെക്കുറിച്ച് വിശദമായി നാളെ ചിന്തിക്കാം.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-Advertisement-

You might also like
Comments
Loading...