ഫീച്ചർ : കൊറോണ കാലത്തെ നല്ലിടയൻ | തയ്യാറാക്കിയത്: അജി മാവേലിക്കര

“ഒരു ഇടയനെ പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവിടത്തിൽ ചേർത്ത് വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും”(യെശയ്യ 40:11).

ആശ്രയം ആരുമില്ല എന്ന് പറയുന്ന അനേകർ ഉള്ള ദൈവജനത്തിന് ഇടയിൽ ആലംബമായി ഒരുആട്ടിടയൻ.
കോട്ടയം കുഴിമറ്റം എന്ന പ്രദേശത്തെ അസംബ്ലീസ് ഓഫ് ഗോഡ് ദൈവസഭയുടെ ശുശ്രൂഷകൻ ആയ പാസ്റ്റർ ഫിലിപ്പ് എം എബ്രഹാം എന്ന സന്തോഷ് എബ്രഹാം ആണ് ഈ നല്ലിടയൻ. കോവിഡ് എന്ന, നഗ്നനേത്രം കൊണ്ട് കാണുവാൻ പറ്റാത്ത ഒരു സൂക്ഷ്മ ജീവി ഇംഗ്ലണ്ടിലെ ബർഹിങ്ങാം കൊട്ടാരം മുതൽ മുംബയിലെ ചേരികളിൽ വരെ മരണഭീതി വിതച്ചു പെയ്തുകൊണ്ടിരുന്നു. ചൈനയുടെ വന്മതിലും കടന്ന് ഇറ്റലിയുടെ കൊളോസിയ പ്രതാപത്തിന്റെ അടിവേരിളക്കി, അമേരിക്കയുടെ സാമ്പത്തികശക്തിക്കോ സ്പെയിനിന്റെ കായികബലത്തിനോ പിടിച്ചുകെട്ടാനാവാതെ ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളെ നാമാവശേഷമാക്കി,അനേകം കുടുംബങ്ങൾ ജീവിക്കുവാൻ മാർഗമില്ലാതാക്കി തകർത്താടുമ്പോൾ സ്വന്തം സഭയിലെ കുടുംബങ്ങൾക്ക് സ്വയം ജീവിതമാർഗ്ഗം കണ്ടെത്തി അവർക്ക് ഈ ലോക്ഡൌൺ കാലം അല്ലലില്ലാതെ തീര്ത്തിരിക്കുകയാണ് പ്രീയ ദൈവദാസനും കുടുംബവും.

വർഷങ്ങൾക്കു മുൻപാണ് കോട്ടയം മൂലേടം ദൈവ സഭയിൽ നിന്നും കുഴിമറ്റം AG യുടെ സഭാ ശുശ്രൂഷകനായി പാസ്റ്റർ സന്തോഷ്‌ എബ്രഹാം എത്തിയത്. അനവധി ദൈവദാസൻമാർ തങ്ങളുടെ സഭാ കേന്ദ്രത്തിലേക്ക് സഹായത്തിനായി കണ്ണുംനട്ടിരുക്കുമ്പോൾ, സാഹചര്യത്തിനനുസരിച്ചു വിവിധ മാര്ഗങ്ങളിലൂടെ ആത്മീക ഭക്ഷണത്തിനൊപ്പം ഭൗതീക ഭക്ഷണത്തിനും തന്റെ ആടുകൾക്ക് വഴി കണ്ടെത്തിക്കൊടുക്കുക എന്നതിലൂടെ വ്യത്യസ്തനാവുകയാണ് ഈ ദൈവദാസൻ.
തന്റെ വരവോടുകൂടി സഭയുടെ മുഖച്ഛായതന്നെ മാറ്റപ്പെട്ടു എന്ന് വിശ്വാസികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ദേശത്തെ നടുക്കുന്ന കോവിഡ്-19 എന്ന മാരകരോഗം പടർന്നതോടെ എല്ലായിടത്തെയും പോലെ ഇവിടെയും ആരാധനയും കൂട്ടായ്മയും നടത്തുവാൻ പറ്റാതായി. സഭാ വിശ്വാസികളായ പലരുടെയും ജോലികളും ഈ കാലങ്ങളിൽ നഷ്ടപ്പെട്ടപ്പോൾ തന്റെ ആടുകളും കുടുംബങ്ങളും പട്ടിണി ആവരുത് എന്ന ചിന്തയോടെ പ്രവർത്തനത്തോടൊപ്പം പ്രാർത്ഥനയോടെ ചില നടപടികളിലേക്ക് നീങ്ങി.
കഴിഞ്ഞ 45 ദിവസങ്ങളിലായി താൻ കടുത്ത പരിശ്രമത്തിലാണ്. K.G.T.A യിലെ പരിശീലക ആയിരുന്ന തന്റെ സഹധർമിണിയുടെ തയ്യൽ പ്രാവീണ്യം മുതലെടുത്തു ഈ സമയത്തിന്റെയും സാഹചര്യത്തിന്റെയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാസ്കുകൾ നിർമ്മിച്ച് വിതരണം ചെയ്യുവാൻ തീരുമാനിച്ചു. സഭയിലെ യുവജനസംഘടനയായ C.A യുടെ സഹായംതേടിയപ്പോൾ അവർ നൂറുവട്ടം സമ്മതം മൂളി. സ്വന്തമായി കടം വാങ്ങിയ പണവുമായി തുടങ്ങി സ്വന്തം സഭയിലെയും ഏതാനും അയൽസഭകളിലെയുമായി 8 കുടുംബങ്ങൾക്ക് ജീവിതമാർഗമായീ മാസ്ക് നിർമാണം പുരോഗമിച്ചു. ഒപ്പം തന്നെ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന തന്റെ കുടുംബത്തിനും നേത്യുത്വത്തിന്റെ സഹായമില്ലാതെ നിലനിൽക്കാനായി. ഇതിനുമുമ്പ് ഇരുന്ന സ്ഥലത്ത് അനവധി പേർക്ക് ജീവിതമാർഗമായി തയ്യൽ പരിശീലനം നൽകി കൊടുത്തിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന തയ്യൽ മെഷീനുകൾ ഈ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെട്ടു. പ്രാർത്ഥനയിലും പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തമാണ് ദൈവദാസിക്കുമുള്ളത്.
ദൈവജനത്തെ കുടുംബാംഗങ്ങളെ പോലെ കരുതുന്ന ദൈവദാസന്റെയും കുടുംബത്തിന്റെയും നേതൃത്വത്തിൽ 8 സ്ഥലങ്ങളിലായി ഏറ്റവും സുരക്ഷിതമായി മാസ്ക് നിർമ്മാണ ശൃംഖല ഇപ്പോൾ സജീവമാണ്.കൂട്ടത്തിൽ കാരി ബാഗുകൾ നിർമ്മിച്ച് കൊടുക്കുന്നു. ഞായറാഴ്ച ഒഴിച്ചുള്ള എല്ലാദിവസവും വൈകിട്ട് 7 മണിവരെ നിർമാണപ്രവർത്തനങ്ങൾ തുടരും.

അർഹരായവർക്ക് സൗജന്യമായും ,സമീപവാസികൾക്ക് തുച്ഛമായ വിലക്കും മാസ്കുകൾ വിതരണം ചെയ്യുന്നു. അതുപോലെതന്നെ പോലീസ് സ്റ്റേഷനുകളിലും വിവിധ സംഘടനകൾക്കും ലാഭേച്ഛകൂടാതെ നൽകിവരുന്നു. അനവധി ആളുകളിൽ മാസ്ക് എത്തിക്കാനും വിതരണത്തിനും ഒക്കെയായി ദൈവദാസനും യുവജനങ്ങളും കൈകോർത്ത് ഐക്യതയോടെ ഉള്ള പ്രവർത്തനങ്ങൾ മറ്റു ദൈവദാസൻ മാർക്കും ഒരു മാതൃകയാണ്. കഴിഞ്ഞ വർഷം വരെ ഈ സഭയുടെ നേതൃത്വത്തിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന വിബിഎസ് കുഞ്ഞുങ്ങളിൽ ഉല്ലാസത്തിനും ആത്മീക ഉണർവിനും വഴിതെളിച്ചിരുന്നു. ഇക്കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് അനവധി കുടുംബങ്ങൾക്ക് ആശ്രയമായി ഭക്ഷ്യധാന്യ കിറ്റ്കളും വസ്ത്രങ്ങളും വിതരണം ചെയ്തിരുന്നു.എല്ലാ വർഷവും സ്കൂൾ കുട്ടികൾക്ക് ബാഗ് കുട അവശ്യ സാധനങ്ങളും സൗജന്യമായി കൊടുത്തു പോന്നിരുന്നു. പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിലും നമുക്ക് ദൈവസ്നേഹത്തിന്റെ വ്യാപകരാവാം എന്ന സന്ദേശം ദൈവദാസനിലൂടെ നമുക്കേവർക്കും മാതൃകയാക്കാം.

അജി മാവേലിക്കര.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.