ശുഭദിന സന്ദേശം : കുഴഞ്ഞ ചേറ് ഒഴിഞ്ഞ വയറ് | ഡോ.സാബു പോൾ

”നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി”(സങ്കീ.40:2).

മദർ തെരേസ കുഷ്ഠരോഗികളുടെ വ്രണങ്ങൾ കഴുകുന്നത് ഒരാൾ നിരീക്ഷിക്കുകയായിരുന്നു…..

വൃത്തിഹീനമായ വ്രണങ്ങളുടെ ഭയാനകതയിൽ അറപ്പും ഭയവും അനുഭവപ്പെട്ട അയാൾ പറഞ്ഞു:
”ഒരു മില്യൻ ഡോളർ തരാമെന്ന് പറഞ്ഞാലും ഞാനിതു ചെയ്യില്ല.”

മറുപടിയായി മദർ പറഞ്ഞു:
”ഞാനും ചെയ്യില്ലായിരുന്നു. എന്നാൽ യേശുവിന് വേണ്ടിയായത് കൊണ്ടാണ് സന്തോഷത്തോടെ ഞാനിതിന് തയ്യാറായത്…..”

ഏറ്റവും വെറുപ്പുളവാക്കുന്ന വ്രണങ്ങളിലേക്കും ഭയാനകമായ മുറിവുകളിലേക്കും അമ്മയുടെ കരങ്ങൾ നീണ്ടുചെന്നത് യേശുവിൻ്റെ സ്നേഹവും കരുണയും തന്നെ നിർബ്ബന്ധിച്ചതു കൊണ്ടാണ്…..

കുക്കു സായിപ്പ് എന്ന ദൈവദാസൻ സുവിശേഷത്തിൻ്റെ തിരിനാളവുമായി കൊച്ചു കേരളത്തിലെത്തിയപ്പോൾ അക്കാലത്ത് അവഗണിക്കപ്പെട്ടു കിടന്ന സമൂഹങ്ങളിലുള്ളവരെ ആശ്ലേഷിച്ച് “സഹോദരാ” എന്ന് ആത്മാർത്ഥമായി വിളിച്ചതും ദൈവസ്നേഹം തന്നിൽ കവിഞ്ഞൊഴുകിയിരുന്നതുകൊണ്ടാണ്….

പൊതുവെ എല്ലാ മതങ്ങളും സമൂഹങ്ങളും ദരിദ്രനെ മാറ്റി നിർത്തുകയും ബലഹീനനെ അവഗണിക്കുകയും മുറിവേറ്റവനെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുമ്പോൾ….

നല്ല ശമര്യാക്കാരൻ്റെ അനുയായികളാണ് ആതുരാലയങ്ങൾ ആരംഭിച്ചത്. പത്തടി മാറി നിന്നോണം എന്ന് മതങ്ങൾ പറഞ്ഞവരെ ആശ്ലേഷിച്ച് ചേർത്ത് നിർത്തിയത്. വിദ്യാഭ്യാസം അന്യമായിരുന്നവർക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയത്. ഒഴിഞ്ഞ വയറുകളെ നിറച്ചത്….

അപ്പോൾ ദുരാരോപണങ്ങളുടെ കുത്തൊഴുക്കായി. ഇവർ വിദേശിയൻ്റെ പണം വാങ്ങി മതം മാറ്റുന്നവരാണ്, നമ്മുടെ രാജ്യത്തെ ഒറ്റുകൊടുക്കുന്നവരാണ് തുടങ്ങി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ.

യഥാർത്ഥത്തിൽ ഇത്തരം ദീനാനുകമ്പയുടെ നിദാനമെന്തായിരുന്നു….?

അക്ഷരീകമായി പകർന്നു നൽകിയ സഹാനുഭൂതി ആത്മീയതയുടെ നിഴലായിരുന്നു. പരിശുദ്ധനായ ദൈവത്തിൻ്റെ സന്നിധിയിലേക്ക് അടുത്ത് ചെല്ലാൻ അനുവാദമില്ലാതിരുന്ന മർത്യനെ അതിന് യോഗ്യനാക്കുന്ന ദൈവസ്നേഹത്തിൻ്റെ പ്രദർശനമായിരുന്നു….

വിമാനത്തിൽ യാത്ര ചെയ്യാൻ വൃത്തിഹീനമായ യാചക വേഷം ധരിച്ച ഒരാളെ അനുവദിക്കുമോ? അദ്ദേഹം ടിക്കറ്റ് വിലയുടെ ഇരട്ടി നൽകാമെന്ന് പറഞ്ഞാലും….?
ഒരു കുഷ്ഠരോഗിയെ അനുവദിക്കുമോ….?
ഒരിക്കലുമില്ല!
കാരണം, ഓരോന്നിനും അതിൻ്റേതായ യോഗ്യതകൾ നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.

ഭൂമിയിലെ ഏറ്റവും ധനവാനായ മനുഷ്യനും ദൈവദൃഷ്ടിയിൽ പാപത്തിൻ്റെ കുഴഞ്ഞ ചേറ്റിൽ കിടക്കുന്നവനാണ്. അവൻ്റെ ആത്മീയാവസ്ഥ ഒഴിഞ്ഞ വയറിൻ്റെ ദയനീയതയാണ്.

അതിന് പരിഹാരം വരുത്താനാണ് ദൈവപുത്രൻ മനുഷ്യനായവതരിച്ചത്.
അവൻ്റെ രക്തം മാനവവർഗ്ഗത്തിനായി ചൊരിഞ്ഞത്.
ദൈവം വെച്ചിരിക്കുന്ന മാനദണ്ഡം തട്ടി മാറ്റിയിട്ട് എന്തെല്ലാം നന്മ പ്രവൃത്തികൾ ചെയ്താലും സ്വർഗ്ഗപ്രാപ്തിയില്ലെന്ന് തിരിച്ചറിയണം…

ആത്മീകമായി മനുഷ്യനെ ഉദ്ധരിക്കാനും രക്ഷിക്കാനും തനിക്ക് കഴിയുമെന്ന് അക്ഷരീകമായ ഉദ്ധാരണങ്ങൾ നൽകി യേശു തെളിയിച്ചു.

മുടന്തൻ ചാടിയെഴുന്നേറ്റു…
അന്ധൻ്റെ കണ്ണുകളിൽ വർണ്ണ വിസ്മയത്തിൻ്റെ മാസ്മരികത തെളിഞ്ഞു…..
ബധിരൻ്റെ കർണ്ണപുടങ്ങളിൽ ശബ്ദത്തിൻ്റെ സപ്തസ്വരങ്ങൾ തുടികൊട്ടി…..
മരണത്തിൻ്റെ തണുത്ത കരത്തിൽ നിന്ന് ചിലർ ജീവൻ്റെ തുടിപ്പിലേക്ക് മടങ്ങി വന്നു….

പ്രിയമുള്ളവരേ,
അക്ഷരീകമായി ചിലത് ചെയ്തു കൊണ്ട് തൻ്റെ ആത്മീയ രാജ്യത്തിൻ്റെ വിളംബരം നടത്തിയ കർത്താവിന് നമ്മുടെ ഏതവസ്ഥയും മാറ്റാനാകുമെന്നു വിശ്വസിക്കുക…
അത് രോഗത്തിൻ്റെ കുഴഞ്ഞ ചേറായാലും, അനിശ്ചിതത്വത്തിൻ്റെയും ദാരിദ്ര്യത്തിൻ്റെയും ഒഴിഞ്ഞ വയറായാലും…

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-Advertisement-

You might also like
Comments
Loading...