ലേഖനം: ആത്മാക്കൾ ദൈവത്തിൽ നിന്നു തന്നെയോ എന്നുള്ളത് എങ്ങനെ ശോധന ചെയ്ത് അറിയാം? | ബെന്നി ഏബ്രഹാം

എങ്ങനെ ദൈവാത്മാവിനെ തിരിച്ചറിയാം? ആത്മാക്കൾ ദൈവത്തിൽനിന്ന് തന്നെയോ എന്ന് എങ്ങനെ മനസ്സിലാക്കാം? ദൈവത്തിൽനിന്ന് അല്ലാത്ത ആത്മാവിനെ എങ്ങനെ തിരിച്ചറിയാം? തുടങ്ങിയ ചില ചോദ്യങ്ങൾക്ക് ഉത്തരം തിരുവചനാടിസ്ഥാനത്തിൽ കണ്ടെത്തുവാൻ ശ്രമിക്കുകയാണ്.
ചില പ്രസംഗങ്ങൾ കേൾക്കുമ്പോൾ ശരിയാണെന്ന് തോന്നുക മാത്രമല്ല വളരെ ശരിയാണെന്ന് തോന്നും, എങ്കിലും എന്തോ ഒരു പാകപ്പിഴ പോലെ!! ഇപ്പോൾ പ്രസംഗത്തിനും ഉപദേശങ്ങൾക്കും ഒരു കുറവുമില്ല. എന്നാൽ ഇത് ദൈവത്തിൽനിന്നുള്ളതു തന്നയോ എന്നു തിരിച്ചറിയുകാ എന്നതാണ് ഒരു ദൈവ മനുഷ്യനെ സംബന്ധിച്ച് പ്രധാനം.
അപ്പോസ്തോലനായ യോഹന്നാൻ തൻറെ 1 യോഹന്നാൻ 4- 1,2,3 വാക്യങ്ങളിൽ ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട് “പ്രിയമുള്ളവരെ കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുകയാൽ ഏത് ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‌വിൻ. ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്ന് സ്വീകരിക്കുന്ന ആത്മാവൊക്കയും ദൈവത്തിൽ നിന്നുള്ളത്. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ളതല്ല”.
ഇവിടെ “യേശുക്രിസ്തു ജഡത്തിൽ വന്നു എന്ന് സ്വീകരിക്കുന്ന ആത്മാവ് ഒക്കെയും ദൈവത്തിൽ നിന്നുള്ളതാണ്” എന്നു പറയുന്നു. എന്നാൽ എല്ലാ പ്രാസംഗികരും, ഉപദേശകൻമാരും, പ്രവാചകന്മാരും യേശു ജഡത്തിൽ വന്നു എന്ന് അംഗീകരിക്കുകയും അത് പ്രസ്താവിക്കുകയും ചെയ്യുന്നു. പിന്നെ എങ്ങനെയാണ് ഈ വചന പ്രകാരം ഒരു ദൈവമനുഷ്യനു ഈ കാര്യങ്ങൾ മനസ്സിലാകുന്നത്?

അതുകൊണ്ട് ഇവിടെ ഒരു ചോദ്യം പ്രസക്തമാണ് ‘യേശുക്രിസ്തു എന്ത് കാരണത്താലാണ് ഭൂമിയിൽ വന്നത്? ഈ ചോദ്യത്തിന് പല കോണുകളിൽനിന്നും തിരുവചനത്തിന്റ് അടിസ്ഥാനത്തിൽ ഉത്തരം നൽകുവാൻ കഴിയും എന്ന കാര്യം മറക്കുന്നില്ല. ഈ ലേഖനത്തിന് ഇണങ്ങിയ നിലയിൽ ഒരു ഉത്തരം തിരുവചന അടിസ്ഥാനത്തിൽ കണ്ടെത്തി നൽകുകയാണ് ഇവിടെ. “ദൈവം ഏദനിൽ ആക്കിവെച്ച മനുഷ്യൻ ദൈവിക പദ്ധതിയിൽനിന്നു വീണുപോയി- റോമർ 5- 12 പറയുന്നു “അതുകൊണ്ട് ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു ഇങ്ങനെ എല്ലാവരും പാപം ചെയ്കയിൽ മരണം സകലമനുഷ്യരും പരന്നിരിക്കുന്നു” ഈ ഒരു അവസ്ഥയിൽനിന്നും മനുഷ്യരെ വിടുവിക്കാൻ ദൈവം തന്റ് ഏകജാതനായ പുത്രനെ നൽകുന്നു. യോഹന്നാൻ 3:16 ഇങ്ങനെ പറയുന്നു “തൻറെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” യേശു തിരുവെഴുത്തിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു അവൻറെ രക്തത്താൽ പാപമോചനം ഉണ്ട് ആയതിനാൽ അവനിൽ വിശ്വസിക്കണം. യോഹന്നാൻ1-12 പറയുന്നു”അവനെ കൈക്കൊണ്ട് അവന്റ് നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു” അങ്ങനെയുള്ളവർക്ക് നിത്യജീവൻ ലഭ്യമാണ് (യോഹന്നാൻ 10-10 ഇങ്ങനെ പറയുന്നു “അവർക്ക് ജീവൻ ഉണ്ടാകുവാനും, സമൃദ്ധിയായി ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്”)
യേശുവിനെക്കുറിച്ച് സങ്കീർത്തനങ്ങളിലും, മോശയുടെ പുസ്തകങ്ങളിലും, പ്രവാചക പുസ്തകങ്ങളിലും പറഞ്ഞിരുന്നതാണ് നടന്നത് ഇനിയും നടക്കാനിരിക്കുന്നത്(1തെസ്സ 4-16) “അതായത് പാപത്തിൽ ആണ്ടുപോയ മനുഷ്യൻറെ വീണ്ടെടുപ്പ്” അതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം.

അതുകൊണ്ട് ഇവിടെ ‘യേശുക്രിസ്തു ജഡത്തിൽ വന്നു എന്ന് സ്വീകരിക്കുക’ എന്നുപറഞ്ഞാൽ യേശുക്രിസ്തു ജഡത്തിൽ വന്നതിന്റ് ആത്യന്തികമായ ലക്ഷ്യം തിരുവചന അടിസ്ഥാനത്തിൽ മനസ്സിലാക്കുകയും, അത് അംഗീകരിക്കുകയും, വിശ്വസിക്കുകയും ചെയ്യുക എന്നുള്ളതാണ്. അതാണ് ജീവന്റെ വഴി. ഉൽപ്പത്തി മുതൽ വെളിപ്പാട് വരെയുള്ള 66 പുസ്തകങ്ങളിൽ യേശുവിനെ കുറിച്ച് പറഞ്ഞത് വിശ്വസിക്കുകയും,തന്റ് ക്രൂശ് എടുത്ത് അനുഗമിക്കുകയും എന്നുള്ളതാണ് ‘യേശു ജഡത്തിൽ വന്നു എന്ന് സ്വീകരിക്കുക’ എന്നു പറഞ്ഞാൽ. ഇതിന്റെ അടിസ്ഥാനത്തിൽ യേശുക്രിസ്തു മനുഷ്യനായി വന്നു എന്ന് ഏറ്റുപറയുന്ന ആത്മാവ് ദൈവത്തിൽ നിന്നുള്ളതാകുന്നു.

എന്നാൽ എതിർ ക്രിസ്തുവിൻറെ ആത്മാവിനെ എങ്ങനെ തിരിച്ചറിയാം? 1യോഹന്നാൻ4-3 പറയുന്നു” യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ളതല്ല അത് എതിർക്രിസ്തുവിന്റ് ആത്മാവു തന്നെ അത് വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ അത് ഇപ്പോൾ തന്നെ ലോകത്തിൽ ഉണ്ട്”ഈ വചനപ്രകാരം നോക്കുകയാണങ്കിൽ യേശുവിനെ സ്വീകരിക്കാത്ത ഒരുപാടുപേർ ലോകത്തിൽ ഉണ്ടെന്ന് നമുക്കറിയാം. എന്നാൽ സഭയിൽ ഇങ്ങനെയുള്ളവരെ എങ്ങനെ തിരിച്ചറിയാം? എതിർക്രിസ്തുവിന്റ് ആത്മാവ് ലോകത്തിലാണ് ഉള്ളത്, അങ്ങനെയെങ്കിൽ സഭയിൽ എതിർക്രിസ്തുവിന്റ് ആത്മാവ് എങ്ങനെ വരുമെന്ന് തോന്നിയേക്കാം. ഉത്തരം വളരെ സിമ്പിൾ ‘സഭയ്ക്കകത്തു ലോകം കടന്നുകൂടിയിട്ടുണ്ട് ‘അതാണ് കാരണം.( കളകൾ ഇപ്പോൾ പറിച്ചു കളയുവാൻ സാധ്യമല്ല.യജമാനൻ കൊയ്ത്തിന്റ് ദിവസം കോതമ്പും, കളയും ഒന്നിച്ചു കൊയ്തെടുക്കും. കളകൾ ചുട്ടുകളയുകയും കോതമ്പ് കളപുരയിൽ കൂട്ടിവെയ്ക്കുകയും ചെയ്യും-മത്തായി13-30)

യേശുവിൻറെ മരണ ,അടക്ക പുനരുത്ഥാനങ്ങളെക്കുറിച്ച് എതിർ ക്രിസ്തുവിൻറെ ആത്മാവ് ഉള്ളവരും പറയും ഈ കൂട്ടർ യേശുക്രിസ്തു ജഡത്തിൽ വന്നതിന്റെ ആത്യന്തികമായ ലക്ഷ്യത്തെ മറച്ചു പിടിച്ചുകൊണ്ട് തങ്ങളുടെ താൽപര്യങ്ങൾക്ക് അനുസൃതമായി വചനത്തെ കോട്ടികളയുന്നു. ഇവർ നമ്മുടെ ഇടയിൽ നിന്നു പുറപ്പെട്ടു.യേശു ജഡത്തിൽ വന്നു എന്ന് പറയുന്നതുതന്നെ ലൗകിക കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുവാനാണ്.ഇവരുടെ ദൈവസ്നേഹം സാമ്പത്തികത്തെ അടിസ്ഥാനമാക്കിയാണ്.വചനം പറഞ്ഞു ആർക്കും മുറിവേൽക്കാതിരിക്കാൻ വളരെ ശ്രദ്ധിക്കും, അതാണ് ഇവരുടെ ദൈവിക’പരിജ്ഞാനം’,ഇത് ദൈവജനത്തെ യഥാർത്ഥ വഴിയിൽ നിന്നും നീത്യജീവനിൽ നിന്നും അകറ്റി കളയുന്നു.

ഒരു ദൈവമനുഷ്യൻ ബെരോവയിൽ ഉള്ളവരെ പോലെ അത് അങ്ങനെ തന്നെയാണോ എന്നു തിരുവെഴുത്തുകളെ പരിശോധിച്ച് നോക്കേണ്ടത് ആവശ്യമാണ്. അങ്ങനെയെങ്കിൽ ഒറ്റനോട്ടത്തിലല്ല,മറിച്ച് വചനത്താൽ ഉള്ള വിവേചനത്താലും,ദൈവാത്മാവിനാലും ഇവരെ മനസ്സിലാക്കാം. വഞ്ചിക്കപെട്ടു പോകുന്നവരുണ്ട് അവരെ നമുക്ക് യഥാസ്ഥാനപെടുത്താം . യഥാർത്ഥമായി പ്രസംഗിക്കുകയും, അനുസരിക്കുകയും ചെയ്യാം ശുഭം.

ബെന്നി ഏബ്രഹാം വസായ് റോഡ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.