ശുഭദിന സന്ദേശം : ലൗകീക വർഷം അലൗകീക വർഷം | ഡോ.സാബു പോൾ

”ഏഴാം മാസം ഒന്നാം തിയ്യതി വിശുദ്ധ സഭായോഗം കൂടേണം; അന്നു സാമാന്യ വേലയൊന്നും ചെയ്യരുതു; അതു നിങ്ങൾക്കു കാഹളനാദോത്സവം ആകുന്നു”(സംഖ്യ.29:1).

80 വയസ്സോളം ജീവിച്ചിരുന്ന അപ്പച്ചനെയും അമ്മച്ചിയെയും കുറിച്ചൊരു കഥ….

ഒരു കാർ ആക്സിഡൻ്റിലാണ് അവർ മരിച്ചത്. അതു വരെ ആരോഗ്യം തൃപ്തികരമായിരുന്നു. അതിന് പ്രധാന കാരണം അമ്മച്ചി വളരെ ആരോഗ്യകരമായ ഭക്ഷണം മാത്രം ഉണ്ടാക്കുകയും വ്യായാമത്തിനായി അപ്പച്ചനെ നിർബന്ധിക്കുകയുംചെയ്യുമായിരുന്നു…

സ്വർഗ്ഗത്തിലെത്തിയപ്പോൾ എല്ലാവിധ സൗകര്യങ്ങളുമുള്ള വളരെ നല്ല ഭവനം അവർക്ക് വേണ്ടി തുറന്നു നൽകി.

”ആഹാ! വളരെ മനോഹരമായിരിക്കുന്നു. എത്രയാണിതിൻ്റെ വില?”
ആകാംക്ഷയോടെ അപ്പച്ചൻ ചോദിച്ചു.

”ഇത് സ്വർഗ്ഗമല്ലേ. സൗജന്യമാണ്!”

അതിനു ശേഷം ഭക്ഷണത്തിനായി പോയി. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും വിഭവങ്ങളുള്ള ബുഫെ സിസ്റ്റമായിരുന്നു.

”ഭക്ഷണത്തിനെങ്ങനെയാ ചാർജ്ജ്?”
അപ്പച്ചൻ ചോദിച്ചു.

”തികച്ചും സൗജന്യം. ഇത് സ്വർഗ്ഗമാണ്!”

”ഇവിടെ ഫാറ്റും കൊളസ്ട്രോളും കുറഞ്ഞ ഭക്ഷണം കിട്ടുമോ?”

ഇപ്രാവശ്യം ചോദ്യം ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധയുള്ള അമ്മച്ചിയുടേതായിരുന്നു.

”നിങ്ങൾക്ക് ഇഷ്ടമുള്ള ഏതു ഭക്ഷണവും ധാരാളം കഴിക്കാം. നിങ്ങൾക്ക് കൊഴുപ്പു കൂടുകയോ രോഗം വരികയോ ചെയ്യില്ല. ഇതു സ്വർഗ്ഗമാണ്!”

അപ്പച്ചൻ രൂക്ഷമായി അമ്മച്ചിയെ ഒന്നു നോക്കി…

”നിൻ്റെയൊരു ലോ ഫാറ്റ്, ലോ കൊളസ്ട്രോൾ ഭക്ഷണം! പത്ത് വർഷം മുമ്പേ ഇങ്ങോട്ട് പോന്നാൽ മതിയാരുന്നു….!”

ഇന്നത്തെ വേദഭാഗം പുതുവർഷത്തെക്കുറിച്ച് ദൈവം നൽകുന്ന ആലോചനകളാണ്. യിസ്രായേലിന് രണ്ട് കലണ്ടറുണ്ട്.
1. മതപരമായ കലണ്ടർ. ഉത്സവങ്ങളുടെയും യാഗങ്ങളുടെയുമൊക്കെ സമയങ്ങൾ ഇത് പ്രകാരമാണ്.
2. മതേതര കലണ്ടർ. ഭരണകർത്താക്കൾ ഔദ്യോഗിക രേഖകൾ, ബിസിനസ്സ് കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് ഇതിൻ പ്രകാരമാണ്.

ആത്മീയ കലണ്ടർ ആരംഭിക്കുന്നത് മാർച്ച് – ഏപ്രിൽ കാലത്തും, ലൗകീക കലണ്ടർ ആരംഭിക്കുന്നത് സെപ്റ്റം. – ഒക്ടോബർ കാലത്തുമാണ്.
ഇവിടെ മതപരമായ കലണ്ടറിലെ ഏഴാം മാസം സെക്കുലർ കലണ്ടർ പ്രകാരം പുതിയ വർഷമാണ്.

നവവത്സരത്തിലേക്ക് പ്രവേശിക്കുമ്പോൾ ചെയ്യേണ്ട കാര്യമാണ് ദൈവം ഇവിടെ പറയുന്നത്.

1️⃣ യാഗാർപ്പണം

ജനത്തിൻ്റെ ദൈവത്തോടുള്ള വിശ്വാസവും ബന്ധവും വെളിപ്പെടുത്തുന്നവയാണ് യാഗങ്ങൾ. വ്യക്തിയിലെ പാപങ്ങൾ മൃഗത്തിലേക്ക് കൈമാറ്റം ചെയ്തിട്ട്, ആ വ്യക്തി അനുഭവിക്കേണ്ട ശിക്ഷ മൃഗം ഏറ്റുവാങ്ങുന്ന അനുഭവമാണ് യാഗം. യാഗ മൃഗം പകരം മരിക്കാനില്ലെങ്കിൽ ആ വ്യക്തിയായിരുന്നു മരിക്കേണ്ടത്.

2️⃣ ഭോജനയാഗം
അടുത്തത് ഭോജനയാഗമാണ്. ഒരു വ്യക്തിയുടെ സമഗ്ര ജീവിതവും ദൈവത്തിനായി അർപ്പിക്കുന്നുവെന്നതിൻ്റെ നാടകീയമായ ചിത്രമാണത് നൽകുന്നത്.

3️⃣ വിശുദ്ധ സഭായോഗം

പത്താം ദിവസം സഭാ യോഗം കൂടണം. അത് ആത്മതപനത്തിൻ്റെ ദിനം കൂടിയാണ്.

നോക്കൂ! പുതിയ സംവത്സരത്തിൻ്റെ തുടക്കത്തിൽ കാഹളമൂതി ജനത്തെ കൂട്ടിവരുത്തുന്ന പുരോഹിതന്മാർ, തുടർന്നു നടക്കുന്ന യാഗാർപ്പണങ്ങൾ…
ആത്മതപനം….
യാഗങ്ങൾ യേശുവിനെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് എബ്രായ ലേഖകൻ വിവരിക്കുന്നുണ്ട്(എബ്രാ.9:11-14).

നമ്മുടെയും ജീവിതത്തിൽ ദൈവത്തോടുള്ള ബന്ധം എങ്ങനെയെന്ന് ശോധന ചെയ്യാം. ഒരു പ്രഭാതം കൂടി ദാനമായി ലഭിച്ചതിൽ നന്ദി പറയാം. സ്വർഗ്ഗപ്രാപ്തി എന്ന ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതെയിരിക്കാം.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.