അനുഭവകുറിപ്പ്: അങ്ങനെ ഞാനും നഴ്സായി… ജീവിതം! അനുഭവം! | അനീഷ് വലിയപറമ്പിൽ

ഒന്നരപതിറ്റാണ്ടിനപ്പുറം… അന്നത്തെ പ്രൊഫെഷണൽ ട്രെന്റ് നഴ്സിങ്ങ് ആയിരുന്നു. ഏതൊരു ദേശത്ത് ചെന്നാലും ഏറെ ജോലി സാധ്യത ആണല്ലോ പിന്നെ വിദേശസാധ്യതയും അങ്ങനെ ആ തിരതളളലിൽ അകപ്പെട്ട് ഒരിക്കലും ചിന്തിക്കാത്ത ഫ്ലോറൻസ് നൈറ്റിംഗേലിന്റെ പാത പിന്തുടരുന്ന് പ്രതിഞ്ജാബദ്ധതയോടെ പഠനം പൂർത്തിയാക്കി സ്വന്തം നാട്ടിൽ വന്നു, ഭാഗ്യമോ നിർഭാഗ്യമോ എന്തെന്ന് അറിയില്ല നമ്മുടെ നാടിന് പുരുഷനഴ്സ്മാരെ അലർജിയായി,ഒരുപാട് വാതിലുകൾ മുട്ടി തുറന്നില്ല, തുറന്ന വാതിലോ പ്രൊബേഷൻ പീരീഡ് എന്ന ഓമനപേരിലെ സൗജന്യ സേവനം ചെയ്യണം പോലും കൂടാതെ ബോണ്ട് സിസ്റ്റവും, ജോലിക്ക് വേണ്ടി പഠിപ്പിച്ച് വീട്ടുക്കാരെ ഇനി ബുദ്ധിമുട്ടിക്കെണ്ടയെന്നു കരുതി ഹൈദരാബാദ് നഗരത്തിലേക്ക് ഓടി മനോഹരമായ ഇന്റർവ്യൂ കഴിഞ്ഞ് ആശുപത്രി അധികൃതർ ഒരുക്കിയ അക്കോമഡേഷനിൽ വന്നു വലിയൊരു ഫ്ലാറ്റിന് അണ്ടർഗ്രൗണ്ടിലുളള കാർപാർക്കിങ്ങ് ഏരിയയുടെ ഉൾവശത്തുളള ഒരു കുഞ്ഞു റൂം രാ-പകൽ അന്ധകാരം മാത്രം 100w ബൾബുക്കൊണ്ട് ജീവിതം അഡ്ജസ്റ്റ് ചെയ്തു. ആഹാരം ഹോസ്റ്റലിൽ നിന്നായതിനാൽ എന്നും ഛർദ്ദിയും പട്ടിണിയും കൂടെ കൂടി. ജോലിതുടക്കമായതിനാൽ കൈയ്യിൽ കാശില്ല, ഇത്രയും നാൾ പഠിപ്പിച്ചു വളർത്തി ഒരു തൊഴിലും പഠിപ്പിച്ച് വിട്ടതിനാൽ ഇനി വീട്ടുകാരോട് പണം ചോദിക്കാൻ ബുദ്ധിമുട്ടും, അടുത്തുളള മാളിനു മുൻമ്പിൽ പോയിരിക്കുമ്പോൾ അഞ്ച് രൂപയുടെ കോൺ ഐസ്ക്രീം പിളളാര് കഴിക്കുമ്പോൾ അത് മേടിക്കാൻ പോലും നിവൃത്തിയില്ലാതെ കൊതിവിട്ട് മടങ്ങി ആ അന്ധാകാരമുറിയിൽ വരും , രാത്രിക്കാലഡൂട്ടി അതിലും രസമാണ് ഒരുമണി സമയമാകുമ്പോൾ വയറിൽ നിന്ന് ഒരു വിശപ്പിന്റെ വിളി വരും കൈയ്യിൽ ഭക്ഷണമില്ല അവസാനം ആരും കാണാതെ ഒരു ജനലിനരികെ പോയി ആകാശത്തേക്ക് നോക്കി ആരും കാണാതെ കരയും. എന്ന് ഇനി രക്ഷപ്പെടും???
ഒരു ദിവസം അങ്ങനെ ജീവിതത്തിലെ ആദ്യസാലറി മേടിക്കാൻ HR വിളിപ്പിച്ചു. ഒരു കവറ് തുറന്നു നോക്കി ഫുഡും അക്കോമഡഷനും ജോലി മേടിച്ചു തന്ന ഏജന്റിന്റെ കമ്മീഷനും കഴിഞ്ഞു കൈയ്യിൽ കിട്ടിയ ചെക്കിലെ തുക എഴുപത്തിനാലു രൂപ. നിറകണ്ണുകളോടെ മേടിച്ചു.പക്ഷേ ആ ചെക്ക് മാറാൻ അക്കൗണ്ട് വേണം അതിന് 500രൂപ വേണം, അഞ്ച് രൂപയുടെ കോൺ ഐസ്ക്രീം മേടിക്കാൻ കഴിയാത്ത എനിക്ക് ആ 500രൂപ ബാലികേറാമല ആയിരുന്നു. എന്നെ എനിക്കു തന്നെ നഷ്ടപ്പെടുമെന്ന് തോന്നിയപ്പോൾ അപ്പനോട് പണം ചോദിച്ച് മണിയോർഡർ അയപ്പിച്ചു. മണിയോർഡർ കിട്ടിയവഴി അടുത്ത ട്രെയിനിൽ നാട്ടിൽ വന്നു.പണ്ടേ മെലിഞ്ഞിരുന്ന എന്റെ കോലം കണ്ട മാതാപിതാക്കൾ കുറെ നാൾ പിന്നെയും തൊഴിൽരഹിതനായ എന്നെ സംരക്ഷിച്ചു. അങ്ങനെ ചില നാൾ കഴിഞ്ഞപ്പോൾ ഒരു മുൻ പരിചയവുമില്ലാത്ത പ്രേക്ഷിതപ്രവർത്തകനായ ഏബ്രഹാം സി മാത്യൂ എന്ന ജിനുച്ചായൻ എന്നെ കൊൽക്കത്ത നഗരത്തിലേക്ക് വരാൻ പറഞ്ഞു.അങ്ങനെ നഴ്സിങ്ങ് പൂർത്തീകരിച്ച പെങ്ങളെയും കൂട്ടി ചരിത്രമണ്ണായ കൊൽക്കത്ത നഗരത്തിൽ എത്തി ഏറ്റവും നല്ല ആശുപത്രികളിൽ ജോലി ചെയ്തു. ആശുപത്രിയിൽ ഒരുപാട് വലിയ ആളുകളുടെ ഇഷ്ടസ്റ്റാഫായി മാറി, പലരെയും സ്നേഹത്തോടെ, ആത്മാർത്ഥമായി പരിചരിച്ചു, മാതാപിതാക്കൾ പഠിപ്പിച്ച ആത്മീയത്തെ ഒന്നുടെ ഉഷാറാക്കി. നെറ്റ് ഡൂട്ടി കഴിഞ്ഞും പളളിയിലും പ്രാർത്ഥനകൾക്കും മറ്റും സമയം കണ്ടെത്തി. റവ. ബെന്നി ജോണുമായുളള ബന്ധം ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു.നിരവധി ഗ്രാമങ്ങൾ,സംസ്ഥാനങ്ങൾ സന്ദർശിച്ചു ആതുരസേവനത്തോടനുബന്ധിച്ച് പ്രേക്ഷിതവേലയ്ക്കും കൂട്ടാളിയായി. അതിനിടയിൽ അല്പം സാഹിത്യ-മാധ്യമ പ്രവർത്തനവും, പ്രൊഫഷണൽ ജീവിതത്തിലും ഉയർച്ചകൾ ദൈവം തന്നു. ട്രെയ്നി നഴ്സ്, സ്റ്റാഫ് നഴസ്,ഷിഫ്റ്റ് ഇൻചാർജ് മുതലായ നിലയിലേക്ക് ഉയർന്നു. അതിനിടയിൽ കുടുംബമായി(ഭാര്യ ടീച്ചറാണ്),കുഞ്ഞായി, ജീവിതഭാരമേറുവാൻ തുടങ്ങി. വിദേശചിന്തകൾ പിന്നീട് എന്നെ അധികം ഭരിച്ചിരുന്നില്ല എന്ന യാഥാർത്ഥ്യം ഞാൻ തിരിച്ചറിഞ്ഞ് ഒരു മാറ്റം ആഗ്രഹിച്ച് ഒന്നര പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുമായി ഒരു കാലത്ത് രാജ്യതലസ്ഥാനമായിരുന്ന കൊൽക്കത്തയിൽ നിന്ന് നിലവിലെ രാജ്യതലസ്ഥാനമായ ഡൽഹി നഗരത്തിൽ എത്തി ചേർന്നു.ഏറ്റവും നല്ല ഒരു ആശുപത്രിയിൽ മാന്യമായ ജോലിയിൽ കയറി.ടീം ലീഡറായി കയറി ഇന്ന് ഒരു ഡിപ്പാർട്ട്മെന്റ് ഇൻചാർജ് ആയി മാറ്റപ്പെട്ടു. ആതുരസേവനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുന്നിട്ടിറങ്ങി ‘ഡ്രോപ് ഓഫ് മേഴ്സി’ എന്ന കൂട്ടായ്മ സഹോദരങ്ങൾക്കൊപ്പം രാജ്യതലസ്ഥാനത്ത് തുടക്കം കുറിച്ചു.പലരുടെയും സഹായത്തോടെ നൂറുകണക്കിന് കുഞ്ഞുങ്ങൾക്ക് ആവശ്യമായ പഠനസഹായികളടങ്ങിയ സ്കൂൾ കിറ്റ് വിതരണം ചെയ്തു, അതിശൈത്യംമൂലം കഷ്ടപ്പെട്ട അഞ്ഞൂറിലധികം ആളുകൾക്ക് കമ്പിളി വിതരണം നടത്തി.അങ്ങനെ ആ പ്രവർത്തനങ്ങൾ ഇന്നും നിശബ്ദമായി തുടർന്നു, ക്രൈസ്തവ മാധ്യമപ്രവർത്തനങ്ങളിലും പങ്കാളിയാകുന്നു.ഇന്ന് സമൂഹത്തിൽ ഏറെ ജനശ്രദ്ധയാകർഷിക്കുന്ന മാധ്യമമായ ‘ക്രൈസ്തവ എഴുത്തുപുര’യുടെ പ്രഥമ ചാപ്റ്ററായ ഡൽഹി ചാപ്റ്ററിന്റെ പ്രസിഡന്റായി ഇപ്പോൾ പ്രവർത്തിക്കുന്നു.

ഇത്രയും എഴതിയതിന്റെ ഉദ്ദേശം ഒരു പുകഴ്ചയ്ക്കല്ല,അഹങ്കാരത്തോടെയോയല്ല മറിച്ച് ഏറെ എളിമയോടെ പറയട്ടെ ഒന്നിനും കൊളളാതിരുന്ന എന്നെ ഇത്രത്തോളം സഹായിച്ചത് ദൈവമാണ്. ഒന്നുമില്ലാതെ പട്ടിണി കിടന്ന എന്നെ,ഒരു കോൺ ഐസ്ക്രീമിന് പോലും കൊതിച്ച എന്റെ ജീവിതത്തെ ശ്രേഷ്ഠമാക്കി ഇത്രത്തോളം നടത്തിയത് ദൈവസഹായമാണ്.ഈ കൊറോണ കാലത്തും അങ്കത്തട്ടിൽ ഞാനും ഉണ്ട്, നമ്മൾ പൊരുതി ജയിക്കും, നമ്മുക്കായി,,, നമ്മുടെ സമൂഹത്തിന് വേണ്ടി,,, നമ്മുടെ നാടിന് വേണ്ടി…
നമ്മൾ അതിജീവിക്കും, കരുതലോടെ മുന്നേറാം , സൂക്ഷ്മതയോടെ ദൈവാശ്രയത്തിൽ ജീവിക്കാം… ആതുരസേവനരംഗത്ത് അടരാടുന്നഎല്ലാ എന്റെ സഹോദരങ്ങൾക്കും
ഹാപ്പി നഴ്സസ് ഡേ.

അനീഷ് വലിയപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.