ലേഖനം: കൊറോണയിലൂടെ ദൈവം തന്ന അവസരം | അൻസു ജെറി, യു.കെ

പൂത്തുലഞ്ഞ വസന്തം എങ്ങോ പോയ്മറഞ്ഞു. ഒരു നോക്കു കാണുവാൻ പോലും കഴിയാതെ ഉറ്റവർ വിട പറയുമ്പോൾ അതു താങ്ങുവാൻ പലർക്കും കഴിയാതെ പോകുന്നു. ചികിത്സ ലഭിക്കാതെ മരണത്തെ കാത്തു കിടക്കുന്ന രോഗികൾ. ആർഭാടമായി സംസ്കാര ചടങ്ങുകൾ നടത്തിയിരുന്നവർ ഇന്ന് സ്വന്തമല്ലാത്ത നാട്ടിൽ ഉറ്റവർ ആരും  ഇല്ലാതെ അന്ത്യവിശ്രമം കൊള്ളുന്നു. കൊട്ടാരങ്ങൾ തുടങ്ങി കുടിലിൽ വരെയുള്ളവരുടെ കരച്ചിലിനും  ഒരേ സ്വരം. ലോകരാഷ്ട്രങ്ങൾ സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും അനുഭവിക്കുന്നു. കൊറോണ എന്ന മഹാവ്യാധി ലോകത്തെ ആകമാനം തകിടം മറിച്ചുകഴിഞ്ഞു.
ദൈവാലയങ്ങളെല്ലാം അടച്ചുപൂട്ടി കഴിഞ്ഞപ്പോൾ ദൈവമക്കളുടെ വീടുകളെല്ലാം പ്രാർത്ഥനാലയങ്ങളായി മാറി കഴിഞ്ഞു.  മത്തായി 18:20-ൽ പറഞ്ഞിരിക്കുന്നത് പോലെ “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടി വരുന്നിടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ  ഉണ്ട്” എന്ന തിരുവെഴുത്തു ഭാവന പ്രാർത്ഥനകളിലൂടെ ഈ കാലഘട്ടത്തിൽ നിവർത്തിയായിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ പണത്തിനും പദവികൾക്കും ഒക്കെ കൊറോണ എന്നാ വൈറസിന് മുൻപിൽ  തോറ്റു കൊടുക്കേണ്ടി വന്നു. മാത്രമല്ല , തിരക്കു പിടിച്ച ജീവിതത്തിൽ പലരും കൂട്ടായ്മകൾക്കും പ്രാർത്ഥനകൾക്കും ഒന്നും കൃത്യമായ സമയം ലഭിക്കാത്തവർ ഇപ്പോൾ കൊറോണ മുഖാന്തിരം ഒരുപാട് സമയം ദൈവസന്നിധിയിൽ പ്രാർത്ഥിപ്പാനും ഉപവസിപ്പാനും ലഭിക്കുന്നു. *മർക്കൊസ്  9:29-ൽ* പറയുന്നതുപോലെ ” പ്രാർത്ഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടു പോകയില്ല  എന്ന ദൈവവചനം അക്ഷരാർത്ഥത്തിൽ  ശരിവെയ്ക്കേണ്ടിയിരിക്കുന്നു.

ഇതിന്റെയെല്ലാം നടുവിൽ ദൈവമക്കളായ നമുക്ക് ചെയ്യുവാൻ കഴിയുന്നത്  പ്രാർത്ഥന മാത്രമാണ്. *2 ദിന 7:14-ൽ * കാണുന്നു ; “എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാർത്ഥിച്ച് എന്റെ മുഖം അന്വേഷിച്ചു വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗത്തിൽ നിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിനു സൗഖ്യം വരുത്തിക്കൊടുക്കും”.

യെരുശലേം മതിൽ ഇടിഞ്ഞു കിടക്കുന്നതും അതിന്റെ വാതിലുകൾ തീ വെച്ച് ചുട്ടും കിടക്കുന്നതു കണ്ട് നെഹെമ്യാവ്‌ ആത്മഭാരത്തോടെ പ്രാർത്ഥിച്ചതുപോലെ നാമും ഒരു പടി കൂടി താഴുവാനും അനുതാപ ഹൃദയത്തോടെ തെറ്റുകളെ ഏറ്റു പറയുവാനും ലോകരാഷ്ട്രങ്ങൾക്കുവേണ്ടിയും ഈ മഹാവ്യാധി ലോകത്തിൽ നിന്നും തുടച്ചു നീക്കുവാൻ വേണ്ടി പ്രാർത്ഥിക്കാൻ വേണ്ടി ദൈവം നമുക്ക് ഒരു അവസരം നല്കിയതാണന് നമുക്ക് വിശ്വസിക്കാം
മത്തായി 24:6, 7, 8 ൽ ഇങ്ങനെ കാണുന്നു “നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ച് കേൾക്കും ; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ, അത് സംഭവിക്കേണ്ടതു തന്നെ ; എന്നാൽ അത് അവസാനമല്ല ; ജാതി ജാതിയോടും രാജ്യം രാജ്യതോടും എതിർക്കും ;ക്ഷാമവും ഭൂകമ്പവും അവിടിവിടെ ഉണ്ടാകും. എങ്കിലും ഇത് ഒക്കെയും ഈറ്റുനോമ്പിന്റെ ആരംഭമത്രെ. “ലോകത്തിലെ ഇത്തരം സംഭവങ്ങളും ദ്രുതഗതിയിലുള്ള മാറ്റങ്ങളും പ്രകൃതിയുടെ അസ്വാഭാവികമായുള്ള പോക്കും നാം കാണുമ്പോൾ കർത്താവിന്റെ വരവ് അടുക്കെ വാതിൽക്കൽ ആയിരിക്കുന്നു എന്ന് നാം ഓർക്കണം.

കുചേലനും കുബേരനും പണ്ഡിതനും പാമരനും  ശ്രേഷ്ഠജാതിയും താണ ജാതിയും വർഗ വർണ്ണ വ്യത്യാസം ഇല്ലാതെ എല്ലാവരും ഒരുപോലെ മരണത്തിനു കീഴടങ്ങുമ്പോൾ ദൈവ മക്കളായ നമുക്കോരോരുത്തർക്കും ഒരു പ്രത്യാശയുണ്ട്. നിത്യ വചനം ഇന്ന് ഓരോന്നും നിവൃത്തിയാകുന്നു. എങ്കിൽ യേശു ക്രിസ്തുവിന്റെ വീണ്ടും വരവും നിവൃത്തിയാകും. 2 പത്രോസ് 3:10ൽ കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അതുകൊണ്ട് ദൈവമക്കൾക്കു ഈ ഭൂമിയിൽ ഒന്നും ആഗ്രഹിപ്പാൻ ഇല്ല. നമുക്കു പ്രത്യാശിക്കാൻ വക ഉള്ളത് ക്രിസ്തുവേശുവിൽ മാത്രമാണ്. തനിക്കായി ഒരുങ്ങി നിൽക്കുന്ന മണവാട്ടിയെ ചേർക്കാൻ നമ്മുടെ കാന്തൻ വരാറായി…….  ഒരുങ്ങാം വിശുദ്ധിയോടെ പ്രാർത്ഥനയോടെ കാത്തിരിക്കാം.

അൻസു ജെറി, യു.കെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.