ശുഭദിന സന്ദേശം : അപ്പം നുറുക്കണം എപ്പം നുറുക്കണം | ഡോ.സാബു പോൾ

”ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ”(അ. പ്രവൃ. 20:7).

“മത്തായി, നീ മദ്യപിക്കരുത്!”

മത്തായി അന്തം വിട്ടു പോയി…..
കാരണം, അദ്ദേഹം ഇന്നേവരെ മദ്യപിച്ചിട്ടില്ല.

”അത്… പിന്നെ…”

”അല്ല മത്തായി, ഞാൻ പറയാൻ കാരണം മദ്യപാനം കൊണ്ട് ഒത്തിരി പ്രശ്നമുണ്ട്.”

”യോനാച്ചാ, അതിന് ഞാനിതുവരെ മദ്യപിച്ചിട്ടില്ലല്ലൊ. ഇനി ഒരിക്കലും അതു ചെയ്യാൻ ആഗ്രഹവുമില്ല…”

”അതെനിക്കറിയാം. എന്നാലും നീ മദ്യപാനത്തിൻ്റെ ദൂഷ്യവശങ്ങളറിഞ്ഞിരിക്കണം. നീയവിടെയിരിക്ക്! ഞാൻ പറഞ്ഞു തരാം…”

ഈ യോനാച്ചന് കാര്യമായെന്തോ കുഴപ്പമുണ്ട്. അല്ലേ? ഒരാൾ തെറ്റു ചെയ്യുന്നെങ്കിൽ ഉപദേശിക്കാം, തിരുത്താം. തെറ്റ് ചെയ്യാത്തയാളെ കുത്തിയിരുന്ന് ഉപദേശിക്കേണ്ട കാര്യമുണ്ടോ?

പുതിയനിയമ ലേഖനങ്ങളിൽ തെറ്റായ കീഴ്‌വഴക്കങ്ങളുള്ളിടത്താണ് തിരുത്തലുകളും ഉപദേശങ്ങളും കൂടുതലായി നൽകിയിരിക്കുന്നത്. ഉചിതമായി ചെയ്യുന്നിടത്ത് ഉപദേശത്തിൻ്റെ ആവശ്യമില്ലല്ലൊ.

അതുകൊണ്ടുതന്നെ കർതൃമേശ സംബന്ധമായി കൊരിന്ത്യ സഭയ്ക്കു മാത്രമേ എഴുതേണ്ടി വന്നുള്ളൂ(1കൊരി.11:17-34). മറ്റുള്ള സഭകളിലെല്ലാം ഉചിതമായും ക്രമമായും നടന്നു വന്നതിനാൽ അതിനെക്കുറിച്ച് എഴുതേണ്ട ആവശ്യമുണ്ടായിരുന്നില്ല.

വിശദമായി കാര്യങ്ങൾ എഴുതാത്തിടത്ത് സംശയങ്ങൾ തിരുകിക്കയറ്റുക പിശാചിൻ്റെ പദ്ധതിയാണ്.

ഒരു ബ്രദർ കർതൃമേശയെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടെന്നൊരു വെളിപാട് കിട്ടി. യേശു കർതൃമേശ നടത്തിയപ്പോൾ പങ്കെടുത്ത ശിഷ്യൻമാർ സ്നാനപ്പെട്ടവരായിരുന്നോ…? അങ്ങനെയെങ്കിൽ സനാനപ്പെട്ടവർക്കേ കൊടുക്കാവൂ എന്ന് നിഷ്കർഷിക്കുന്നത് ശരിയാണോ…?
ആ ചിന്തയിലൂടെ ‘ആത്മാവ്’ നടത്തിയതനുസരിച്ച് ആർക്കു വേണമെങ്കിലും പങ്കെടുക്കാവുന്ന ഒന്നായി കർതൃമേശയെ അദ്ദേഹം മാറ്റി. അതുകൊണ്ട് ചങ്ങനാശ്ശേരിയിൽ ചെന്ന ഹൈന്ദവർ ‘പ്രസാദം’ കഴിച്ച് സംതൃപ്തരായി മടങ്ങി….

കുറെ നാൾ കഴിഞ്ഞപ്പോൾ അതേ ‘ആത്മാവ്’ അദ്ദേഹത്തെ ഒരു എപ്പിസ്കോപ്പൽ സഭയിലേക്ക് നടത്തി. അവിടെ സ്നാനപ്പെട്ടവർ ചെന്നാൽ പോലും കർതൃമേശ(കുർബാന) നൽകില്ല, ആ സഭയുടെ അംഗമായിരിക്കണം. അങ്ങനെ ഇന്നലെകളിൽ ‘ആത്മാവ്’ നടത്തിയതിന് നേർ വിപരീതമായ പലതും അതേ ‘ആത്മാവിൻ്റെ’
നടത്തിപ്പിനാൽ ചെയ്തു കൊണ്ട് ചായച്ചർച്ചകൾ നടത്തി സ്വയം അപഹാസ്യനാവുകയാണ് അദ്ദേഹം….

ലോക്ക് ഡൗൺ വന്നപ്പോൾ പ്രമുഖനായ ഒരു പ്രസംഗകനും നൂതന ചിന്തകളുമായി രംഗപ്രവേശം ചെയ്തിട്ടുണ്ട്. അതു കൊണ്ട് വിശദമായ പഠനം നാളെയും തുടരാം….

ശുഭദിനങ്ങൾ ശുഭകരമായി തുടരണമെങ്കിൽ വചനത്തിൽ ഉറച്ചു നിന്നേ പറ്റൂ….!
കഴിയുമെങ്കിൽ വ്രതൻമാരെപ്പോലും തെറ്റിക്കാൻ പിശാച് കിണഞ്ഞു പരിശ്രമിക്കുമ്പോൾ വചനം പറയുന്നത് അങ്ങനെ തന്നെയോ എന്ന് ശോധന ചെയ്യാം.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-Advertisement-

You might also like
Comments
Loading...