ശുഭദിന സന്ദേശം: ഉപായവും അപായവും | ഡോ.സാബു പോൾ

”ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തിൽ കൂട്ടു ചേർക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു”(2 കൊരി.4:2).

2015-ൽ മനോരമ ന്യൂസ് മേക്കർ അവാർഡും 2016-ൽ പ്രസിഡൻ്റിൻ്റെ പൊലീസ് മെഡലും നേടിയ ഒരു IPS ഓഫീസർ, കേരളത്തിൽ വിജിലൻസ് & ആൻ്റി കറപ്ഷൻ ബ്യൂറോയുടെ DGP ആയി നിയമിക്കപ്പെട്ടു. വാർത്താ ചാനലുകളെ അഭിമുഖീകരിച്ചപ്പോൾ അദ്ദേഹം പോക്കറ്റിൽ നിന്നും ഒരു മഞ്ഞക്കാർഡും, ഒരു ചുവപ്പുകാർഡും പുറത്തെടുത്തു. അഴിമതിക്കെതിരെ ആദ്യം മഞ്ഞക്കാർഡ് കാണിക്കും എന്നിട്ടും ശരിയായില്ലെങ്കിൽ ചുവപ്പുകാർഡ് കാണിച്ച് അഴിമതി വീരന്മാരെ പുറത്താക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി….

മുൻ സർക്കാരിൻ്റെ കാലത്ത് അവർക്ക് എതിരായി നിന്നതു കൊണ്ട് അന്ന് പ്രതിപക്ഷത്തായിരുന്ന ഇപ്പോഴത്തെ ഭരണപക്ഷത്തിന് അദ്ദേഹം പ്രിയങ്കരനുമായിരുന്നു.
പക്ഷേ, കൂടെക്കൂടെ ചുവപ്പ് കാർഡ് പുറത്തെടുത്തപ്പോൾ കൂടെ നിന്നവരും കൈവിട്ടു.
അവസാനം രണ്ടു ടീമും ചേർന്ന് റഫറിയെ ഫുട്ബോൾ തട്ടുന്നതു പോലെ അടിച്ചുതെറിപ്പിച്ചു.
അങ്ങനെ സ്രാവുകൾക്കൊപ്പം നീന്തി പരാജയപ്പെട്ടയാൾ ഇപ്പോൾ നിയമപ്പോരാട്ടത്തിലാണ്……

റഫറിയുടെ ചുവന്ന കാർഡ് അപായസൂചന നൽകുന്നതു പോലെ ബൈബിളിൽ ഉപായം ചെയ്ത് അപകടത്തിൽ പെടുന്നവരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

ദൈവകരുണയാൽ തങ്ങൾക്ക് ശുശ്രൂഷ ലഭിച്ചതിനാൽ മൂന്നു കാര്യങ്ങൾ തങ്ങൾ ചെയ്യുന്നില്ലെന്ന് പൗലോസ് ശ്ലീഹ ഇന്നത്തെ വേദഭാഗത്ത് വെളിപ്പെടുത്തുന്നു.
▪️അധൈര്യപ്പെടുന്നില്ല.
▪️ലജ്ജാകരമായ രഹസ്യങ്ങളെ ഉപയോഗിക്കുന്നില്ല.
▪️ഉപായം പ്രയോഗിക്കുന്നില്ല.
▪️വചനത്തിൽ കൂട്ടുചേർക്കുന്നില്ല.

പൗലോസ് ശ്ലീഹയുടെ എഴുത്തുകളെ സംബന്ധിച്ച് പത്രോസ് ശ്ലീഹ എഴുതുമ്പോൾ ‘തങ്ങളുടെ നാശത്തിന്നായി തിരുവെഴുത്തുകളെ കോട്ടിക്കളയുന്നവരെ ‘ക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു (2പത്രോ. 3:16).

എപ്പോഴാണ് ഉപായം പ്രയോഗിക്കേണ്ടി വരുന്നത്….?
നേരെ ചൊവ്വേ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ….

?നേരെ ചെന്ന് ‘അപ്പാ എന്നെക്കൂടി അനുഗ്രഹിക്കണം’ എന്നു പറഞ്ഞാലും കാര്യമില്ലെന്നറിഞ്ഞ യാക്കോബ് അമ്മയുടെ സഹായത്തോടെ ഉപായം കാണിച്ച് അനുഗ്രഹം തട്ടിയെടുക്കുന്നു.
?സകല കനാന്യ രാജാക്കന്മാരെയും പരാജയപ്പെടുത്തി തകർത്ത് മുന്നേറി വരുന്ന യിസ്രായേല്യർ തങ്ങളെയും വാളിന്നിരയാക്കുമെന്ന റിഞ്ഞ ഗിബയോന്യർ ഉപായം പ്രയോഗിക്കുന്നു(യോശു.9:4).
?നെഹമാവിനെയും കൂടെയുള്ളവരെയും മതിൽ പണിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശത്രുക്കൾ ഉപായം പ്രയോഗിക്കുന്നു(നെഹ .4:15).
?സന്തോഷത്തോടെ ജീവിക്കുന്നവനെങ്കിലും പ്രലോഭനങ്ങൾക്ക് എളുപ്പം വശംവദനാകുന്ന ബുദ്ധിഹീനനായവനെ തകർക്കാൻ തന്നിഷ്ടക്കാരത്തിയായ സ്ത്രീ ഉപായം പ്രയോഗിക്കുന്നു(സദൃ.7:10).

പ്രിയമുള്ളവരേ,
ഉപായത്തിലൂടെ കെട്ടിപ്പൊക്കിയതെല്ലാം തകർന്നു വീഴുമെന്ന് ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട വിജയ് മല്യ, നീരവ് മോദി തുടങ്ങിയവരുടെയും ഇപ്പോൾ ഷെട്ടിയുടെയും ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അവരൊക്കെ സ്വാധീനം കൊണ്ട് രക്ഷപ്പെട്ടേക്കാം.

പക്ഷേ, ദൈവവചനത്തോട് കൂട്ടുചേർക്കുകയോ, ഉപായം പ്രയോഗിക്കുകയോ ചെയ്യുന്നവർക്ക് നിത്യ ശിക്ഷാവിധിയാണ് ലഭിക്കുക.

അതുകൊണ്ട് വചനം വ്യക്തമായി പറയുന്നത് അതുപോലെ തന്നെ അനുസരിക്കാം…..
അനുഗ്രഹിക്കപ്പെടാം…

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.