ശുഭദിന സന്ദേശം: പ്രതിയോഗി പ്രതിവിധി | ഡോ.സാബു പോൾ

”ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചതു എന്തു? ഇതാ, ഞാൻ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നു”(സംഖ്യ.22:32).

post watermark60x60

ഗ്രീൻ സോണിലായതിനാൽ ലോക്ക്ഡൗണിൽ ഇളവു വരുത്തിയെന്നറിഞ്ഞ് ഇത്രയും ദിവസം പൂട്ടപ്പെട്ടു കിടന്നവരെല്ലാം പെട്ടെന്ന് രക്ഷപ്പെട്ട് പട്ടണത്തിലെത്തി. അപ്പോഴതാ പൊലീസ് ലാത്തിയുമായി വരുന്നു. ഗവൺമെൻ്റ് തന്നെയല്ലേ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്? എന്നിട്ട് പിന്നെ ഇതെന്തോ പരിപാടിയാ…?
കോട്ടയംകാർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഇങ്ങനെയൊരു ആശയക്കുഴപ്പമുണ്ടായി….

അതുപോലുള്ള അനുഭവമാണ് ബിലെയാമിനുമുണ്ടായത്. ദൈവദാസനു പ്രതിയോഗിയായി ദൈവദൂതൻ വാളുമായി നിൽക്കുന്നു…
ദൈവം തന്നെയല്ലേ പൊയ്ക്കൊള്ളാൻ അനുവദിച്ചത്…?

Download Our Android App | iOS App

മറ്റൊരാൾക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ട്. യിസ്രായേൽ ജനത്തെ അടിമത്തത്തിൽ നിന്ന് രക്ഷിക്കാൻ ദൈവം നിയോഗിച്ച മോശ അതിനായി പോകുമ്പോൾ അവനെ സംഹരിക്കേണ്ടതിന് യഹോവ എതിരായി വന്നു(പുറ.4:24). ദൈവദൂതൻ എന്നാണ് സപ്തതിയിലെ ഭാഷാന്തരം.

ദൈവദൂതൻ പ്രതിയോഗിയായി വന്ന രണ്ടു സംഭവങ്ങൾ…
പക്ഷേ, പരിസമാപ്തി വ്യത്യസ്തം…
മോശ വിജയകരമായ ദൗത്യത്തിനു നേതൃത്വം കൊടുത്ത് ജനത്തെ മിസ്രയീമിൽ നിന്നു പുറപ്പെടുവിക്കുന്നു…
ബിലെയാം യുദ്ധത്തിൽ കൊല ചെയ്യപ്പെടുന്നു…

ദൈവം നിയോഗിച്ച് പറഞ്ഞയച്ച മോശയെ വഴിയിൽ ദൈവദൂതൻ എതിരിടാൻ കാരണമെന്തായിരുന്നു….?
അത് സിപ്പോരയ്ക്ക് മനസ്സിലായി എന്നതിൻ്റെ തെളിവാണ് തൊട്ടടുത്ത വാക്യം.

ദൈവം പറഞ്ഞതു ചെയ്യാൻ ധൃതി പിടിച്ചു പോകുമ്പോഴും ദൈവം പറഞ്ഞിട്ടുള്ളത് മോശ ചെയ്തിട്ടില്ല. തൻ്റെ മകനെ പരിച്ഛേദനയേൽപ്പിക്കുന്ന കാര്യം മോശ അവഗണിക്കുകയോ, അല്ലെങ്കിൽ മറന്നു പോകുകയോ ചെയ്തു. നേതൃത്വത്തിനായി തിരഞ്ഞെടുക്കപ്പെട്ടവൻ എല്ലാക്കാര്യത്തിലും മാതൃകയാകണമെന്ന് ദൈവത്തിന് നിർബ്ബന്ധമുണ്ടായിരുന്നു. ഗിദെയോൻ്റെ കഥയിലും ഇക്കാര്യം വ്യക്തമാണ്.

ബിലെയാമിനോട് പോകണ്ട എന്ന് ദൈവം പറഞ്ഞിട്ടും ആവർത്തിച്ചാവശ്യപ്പെട്ടപ്പോഴാണ് അനിഷ്ടത്തോടെയെങ്കിലും സമ്മതിച്ചത്. എന്നിട്ടും മുന്നിട്ടിറങ്ങിയ അവനെതിരെ ദൂതൻ വന്നതും ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടിയതും ദൈവത്തിന് അവൻ്റെ യാത്രയിൽ എതിർപ്പാണെന്ന് വീണ്ടും ഉറപ്പാക്കാനായിരുന്നു.എന്നിട്ടും അതിനെ മറികടന്നു പോയവൻ മരണത്തിലവസാനിച്ചു….!

പ്രിയമുള്ളവരേ,
നിയമത്തിൻ്റെ കാര്യത്തിലും വിശുദ്ധിയെന്ന വിഷയത്തിലും വിട്ടുവീഴ്ച്ച ചെയ്യാൻ ദൈവം ഒരിക്കലും ആഗ്രഹിക്കുന്നില്ല…..
ആർക്കു വേണ്ടിയും…

കാരണം അവിടുന്നാണ് നിയമം നൽകിയത്. വിശുദ്ധിയുടെ പ്രമാണവും അവൻ്റേതാണ്.
അനുസരിച്ചാൽ അനുഗ്രഹമാകും….
തിരസ്ക്കരിച്ചാൽ അതിൻ്റെ പരിണിത ഫലം അനുഭവിക്കേണ്ടിയും വരും.

അതുകൊണ്ട് പ്രിയ മക്കൾ എന്ന പോലെ പിതാവിനെ അനുസരിക്കാം….!
അനുഗ്രഹിക്കപ്പെടാം…..!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

You might also like