ചെറുചിന്ത: പിതാക്കന്മാരുടെ അളവുകൾ | രാജൻ പെണ്ണുക്കര

മനുഷ്യൻ ഓടുന്നതിന്റെ മുഖ്യ ലക്ഷ്യം ഇന്നു പലതും നേടുക, നിലനിർത്തുക, നാളേക്ക് പലതും നിക്ഷേപിക്കുക, സ്വരൂപിക്കുക എന്നുള്ളതാണ്. അത് സമ്പത്താകാം, പേരുംപെരുമയും ആകാം, സ്ഥാന മാനങ്ങളും ആകാം.

ഈ നിക്ഷേപങ്ങൾ ആർക്കുവേണ്ടി എന്നതാണ് സുപ്രധാന ചോദ്യം. എന്നാൽ നിസംശയം പറയുവാൻ കഴിയും ഇവ നമുക്കും നമ്മുടെ വരും തലമുറക്കും വേണ്ടിതന്നേ എന്ന്. ഇതിനുവേണ്ടി ഏതു കുതന്ത്രവും പ്രയോഗിക്കുന്നതിലും ഏത് അറ്റം വരെ പോകാനും ഒരു മനുഷ്യനും മടിയില്ല.

ലോക മനുഷ്യൻ ഭൂമിയിൽ സകലതും സ്വരൂപിക്കുന്നു. എന്നാൽ ഒരു ദൈവ പൈതൽ ഈ ഭൂമിയിൽ നിക്ഷേപം സ്വരൂപിക്കരുത് എന്നും, മറിച്ചു, സ്വർഗത്തിൽ തന്റെ നിക്ഷേപം സ്വരൂപിക്കണം എന്ന് പറയുന്നു. അതിന്റെ കാരണം “നമ്മുടെ നിക്ഷേപം ഉള്ളേടത്തു നമ്മുടെ ഹൃദയവും ഇരിക്കും എന്നതു തന്നേ” (മത്താ 6:19-20).

നാം നമ്മുടെ ജീവിതത്തിൽ ചെയ്യുന്ന
എല്ലാ വിധ പ്രവർത്തികളും ഓരോ നിക്ഷേപമാണ്. ചിലപ്പോൾ അതിന്റെ ഫലങ്ങൾ ഇപ്പോൾ (ഇന്നു) ലഭിച്ചെന്നു വരാം, അല്ലെങ്കിൽ നാളെ ലഭിക്കും എന്നൊരു വ്യത്യാസം മാത്രം. “അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും” (റോമ 2: 6).

നാം എന്ത് നിക്ഷേപിക്കുന്നു എന്നതാണ് പ്രധാന ചോദ്യം?. നാം എന്ത് നിക്ഷേപിക്കുന്നുവോ അഥവാ വിതക്കുന്നുവോ അതു മാത്രമേ നമുക്ക് തിരികെ ലഭിക്കു എന്നതാണ് വലിയ യാഥാർഥ്യം. “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും” (ഗലാ 6:7).

നാം കൗശലത്തിലും, വ്യവസ്ഥ വിട്ടും, വഞ്ചനയിലും, വക്രതയിലും, ചതിച്ചും, അനധികൃതമായി നേടിയതും, വെട്ടിപിടിച്ചതുമായ നിക്ഷേപത്തിന്റെ ഫലങ്ങൾ “അതുതന്നെ” എന്നത് മാറ്റമില്ലാത്ത സത്യം. ഇവയെല്ലാം താൽക്കാലികം മാത്രം.
“ഞാൻ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവർ അതു തന്നേ കൊയ്യുന്നു” (ഇയ്യോ 4:8). “ആരും വ്യാജത്തിൽ ആശ്രയിക്കരുതു; അതു സ്വയവഞ്ചനയത്രേ; അവന്റെ പ്രതിഫലം വ്യാജം തന്നേ ആയിരിക്കും” (ഇയ്യോ 15:31).

എന്നാൽ സത്യത്തിന്റെ മാർഗത്തിൽ കൂടി നേടുന്നത്തിനും നിക്ഷേപിക്കുന്നതിനും വിലയും ആയുസ്സും ഉണ്ട് അവ സദാകാലം നിലനില്കും. “നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും” (സദൃ11:18).

ചിലപ്പോൾ നാം ചെയ്യുന്ന നല്ല പ്രവർത്തികൾക്ക് അഥവാ നല്ല നിക്ഷേപങ്ങൾക്ക് ഒരു നന്ദിവാക്ക്‌ പോലും ആരും പറഞ്ഞു കാണില്ല. അവർ സത്യത്തിനു നേരെ മുഖം തിരിച്ചിരിക്കാം. അതിൽ അധൈര്യപ്പെടേണ്ട, നിങ്ങളുടെ നല്ല പ്രവർത്തികളെ കണ്ടിട്ട് അതു കുറിച്ച് വയ്ക്കുന്ന സ്വർഗം ഉണ്ട്. “എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മെക്കു അവൻ പകരം കൊടുക്കും” (സദൃ 19:17).

അപ്പോസ്തോലനായ പൗലോസ് തന്റെ വേലയിൽ ഭൗതീകമായി സഹായിച്ച ഫിലിപ്പിയരോട് പറയുന്ന വാക്കുകൾ വളരെ ശ്രദ്ധേയമാണ്. “ഞാൻ ദാനം ആഗ്രഹിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്കു ഏറുന്ന ഫലം അത്രേ ആഗ്രഹിക്കുന്നതു” (ഫിലി4:17).

അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണം എന്നതല്ലേ ന്യായം.

വചനം പറയുന്നു, നാം നല്ലത് സ്വരൂപിച്ചാൽ “അതിന്റെ ഫലങ്ങൾ (അനുഗ്രഹങ്ങൾ) വരുന്ന ആയിരം തലമുറ വരെ പ്രാപിക്കും”.

എന്നാൽ നാം ചതിച്ചും വഞ്ചിച്ചും കൗശലത്തിൽ കൂടിയും സത്യത്തിനു വിരോധമായി തീയതു സ്വരൂപിച്ചാൽ ചിലപ്പോൾ ഇന്നു നല്ലതെന്ന് തോന്നാം, എന്നാൽ വരുന്ന “നാലു തലമുറ വരെ അതിന്റെ ഫലങ്ങൾ (ദൈവത്തിന്റെ കോപം, ശാപം) അനുഭവിക്കണം” എന്നതാണ് വചന വ്യവസ്ഥ.

ചിലപ്പോൾ നാം ഇന്നു ഇവകൾ അനുഭവിക്കാതെ രക്ഷപെട്ടേക്കാം. പക്ഷെ നമ്മുടെ വരും തലമുറ അവ പ്രാപിച്ചെടുക്കയോ അല്ലെങ്കിൽ അനുഭവിച്ചു തീർക്കണം എന്നതും യാഥാർഥ്യം തന്നേ. സത്യത്തിൽ നാം വരും തലമുറയ്ക്ക് വേണ്ടി എല്ലാം ചരതിച്ചു വെയ്ക്കുന്നു എന്നതാണ് വാസ്തവം.

അതേ പിതാക്കന്മാരുടെ അളവു നിങ്ങൾ പൂരിച്ചു കൊൾവിൻ (മത്താ 23:32).

(രാജൻ പെണ്ണുക്കര)
വസായ് റോഡ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.