ശുഭദിന സന്ദേശം :ശാസനയും ശിക്ഷണവും | ഡോ.സാബു പോൾ

”അവൻ തിരിഞ്ഞു അവരെ ശാസിച്ചു”(ലൂക്കൊ.9:55).

ശിക്ഷണം എന്നു കേൾക്കുമ്പോഴേ നമ്മുടെ മനസ്സിൽ വരുന്നത് ചൂരൽ വടിയാണ്….
അല്ലെങ്കിൽ ചെവിയിലോ, തുടയിലോ നുള്ളി ‘സൈക്കിൾ ചവിട്ടിപ്പി’ക്കുന്ന ഹിന്ദി മാഷ് അല്ലെങ്കിൽ കണക്കു സാർ….

എന്നാൽ ശിക്ഷണം അച്ചടക്കം പഠിപ്പിക്കൽ ആണ്. നിയമങ്ങളെ അനുസരിക്കാനും സ്വഭാവത്തിൻ്റെ നിലവാരത്തെ സൂക്ഷിക്കാനും പരിശീലിപ്പിക്കുന്നതാണ് അച്ചടക്കം. അതിൽ ശിക്ഷയോ, ശാസനയോ ഉണ്ടാകണമെന്ന് നിർബ്ബന്ധമില്ല.

അഞ്ചു തരം ശിക്ഷണമുണ്ട്.

1. സാധകാത്മകമായ ശിക്ഷണം(Positive Discipline). ചെയ്ത കാര്യങ്ങളെ അഭിനന്ദിച്ചും ചെയ്യേണ്ട കാര്യങ്ങളെ ശുഭകരമായ രീതിയിൽ അവതരിപ്പിച്ചും അച്ചടക്കത്തിലേക്ക് നയിക്കുന്ന രീതി.
2. മാന്യമായ ശിക്ഷണം (Gentle Discipline). തെറ്റായ സ്വഭാവങ്ങളെ പരസ്യമായി അധിക്ഷേപിക്കാതെ, അൽപ്പം ലഘുവായി കൈകാര്യം ചെയ്യുന്ന രീതി.
3. അതിർ- അധിഷ്ഠിതമായ ശിക്ഷണം (Boundary – based Discipline). വ്യക്തമായ അതിർ നിർവ്വചിച്ച് മോശമായ സ്വഭാവത്തിൻ്റെ പരിണിത ഫലത്തെക്കുറിച്ച് ബോധ്യം നൽകുന്ന സമ്പ്രദായം.
4. സ്വഭാവ പരിണാമം (Behaviour Modification). നല്ല സ്വഭാവത്തിന് പ്രതിഫലവും, അനുസരിക്കാതിരുന്നിട്ട് എതിർപ്പുകളെന്തെല്ലാം കാണിച്ചാലും അവഗണിക്കുകയും ചെയ്യുന്ന രീതി.
5. വൈകാരിക പരിശീലനം (Emotion Coaching). ഓരോ കാര്യങ്ങളെയും അഭിമുഖീകരിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള വികാരങ്ങളെ മുൻകൂട്ടി മനസ്സിലാക്കി നിയന്ത്രിക്കാനുള്ള പരിശീലനം.

യേശുക്രിസ്തു തൻ്റെ ശിഷ്യന്മാരെ ഇത്തരം പരിശീലനങ്ങളിലൂടെയെല്ലാം കടത്തിവിട്ടു.
തൻ്റെ ആന്തരീക വലയത്തിലുണ്ടായിരുന്ന ശിഷ്യന്മാരെയാണ് അവിടുന്ന് പരസ്യമായി ശാസിച്ചിട്ടുള്ളത്.
▪️തൻ്റെ ക്രൂശീകരണം നടക്കാതിരിക്കുവാനായി സംസാരിച്ച പത്രോസിനെ ‘സാത്താനേ’ എന്നുപോലും വിളിച്ചു.
▪️യേശുവിനെ കൈക്കൊള്ളാതിരുന്ന ശമര്യാക്കാരെ ‘അഗ്നി ഇറക്കി നശിപ്പിക്കാൻ’ ആലോചന പറഞ്ഞ സെബദി മക്കൾ ഏതാത്മാവിന് അധീനർ എന്ന് പറഞ്ഞ് ശാസിച്ചു.

താൻ ലോകത്തിലേക്ക് വന്നതിൻ്റെ പ്രഥമ ലക്ഷ്യമായ പരമ യാഗത്തെ എതിർത്തത് സ്നേഹക്കൂടുതൽ കൊണ്ടാണെങ്കിലും യേശു അതിനെ ശക്തമായി ശാസിച്ചു.

എല്ലാ മനുഷ്യരെയും ഒരു പോലെ കാണേണ്ട ദൈവത്തിൻ്റെ സന്ദേശവാഹകരാകേണ്ടവർ ചിലർ നശിക്കണം എന്ന് ചിന്തിച്ചത് യേശുവിന് ഒട്ടും അംഗീകരിക്കാനായില്ല.

ക്രൂശീകരണത്തെ എതിർത്ത പത്രോസ് ക്രൂശിൻ്റെ ശക്തനായ സാക്ഷിയായി….
ശമര്യയിൽ തീയിറക്കാൻ പറഞ്ഞ യോഹന്നാൻ പ്രാർത്ഥിച്ചപ്പോൾ ശമര്യാക്കാരുടെ മേൽ പരശുദ്ധാത്മാവ് വന്നു….

പ്രിയമുള്ളവരേ,
അവിടുന്ന് നമ്മെ ശാസിച്ചാലും ശിക്ഷിച്ചാലും ആത്യന്തിക ലക്ഷ്യം നമ്മെ സ്ഫുടം ചെയ്തെടുക്കലാണെന്നറിയുക.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.