കവിത: അരുമയാണ് ഞാനിന്നും നിൻ കണ്ണിൽ | ഡോ. ജോജി മാത്യു, ടൾസ, ഒക്കലഹോമ

രുവേള ഞാൻ കരുതി
ഇനിയില്ല ഒരു ജീവിതം
കരുണാമയൻ കനിഞ്ഞരുളി
ഇല്ല, തീർന്നില്ല നിൻ ജീവിതം
തുടരുമത്, ഇനിയും തുടരും
അടർത്തുവാനാവില്ലത്
എൻ കൈയിൽനിന്നുമാർക്കും
അത്രമേൽ സുരക്ഷിതം നീയെൻറെ കൈയിൽ

ഓർത്തിടുന്നു ഞാനിന്നും
ആ സാന്ത്വന സ്പർശം
ഇമ്പമാം നിൻ മൃദുസ്വരവും
കരുണയോടെന്നെ തലോടിയ
നിൻ കരുതലിൻ കരവും

ഇതെങ്ങനെ, ഇന്നുമറിയില്ലെനിക്ക്
ഇത്ര സ്നേഹിപ്പാൻ ഞാനെന്തു ചെയ്തു
ഒന്നുമില്ല, ഒന്നുമേയില്ല
എൻ പുണ്യവും കഴിവും
തിരിച്ചറിയുന്നു ഞാൻ
എല്ലാം നീതന്ന ദാനം

കരുണാമയാ ഞാനിന്നറിയുന്നു
അരുമയാണ് ഞാനിന്നും
നിൻ കണ്ണിൽ
തരുമോരോ നിമിഷവും നിൻ
കരുണയും സ്നേഹവും
അതുകൊണ്ട് മാത്രമീയുലകിലെ ജീവിതം
ധന്യമായീടുന്നു അധികമധികമായ്

നീറുമെൻ ഓർമ്മകൾ
നിനവിലെപ്പോഴും നിണം പൊഴിക്കുമ്പോൾ
നിൻ ആർദ്രനയനങ്ങൾ
കരുണയോടെന്നെ നോക്കുന്നു
മൊഴിയുന്നു നിൻ സ്വരം
വേണ്ട തെല്ലുമേ ദുഃഖം
ഞാനുണ്ട് കൂടെ നിൻ നോവിലെപ്പോഴും

(ദൈവത്തിൻ സ്നേഹത്താൽ പണിയപ്പെട്ടയൊരു ജീവിതം. അവർണ്ണനീയമത്രെ ദൈവത്തിന്റെ കരുണയും ആർദ്രതയും. ദൈവസ്നേഹത്തെക്കുറിച്ചു ചിന്തിച്ചപ്പോൾ പെട്ടെന്ന് കുറിച്ച ഈ ചെറു കവിത നിങ്ങൾക്ക് അനുഗ്രഹമാകുമെന്ന് വിശ്വസിക്കുന്നു)

ഡോ. ജോജി മാത്യു, ടൾസ, ഒക്കലഹോമ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.