ശുഭദിന സന്ദേശം: തേരോട്ടവും പോരാട്ടവും (2) | ഡോ.സാബു പോൾ

”ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു”(2തിമൊ.4:7).

പുകവലി നിർത്താൻ ഹിപ്നോസിസിന് തയ്യാറാകുന്ന വ്യക്തിയോട് കൂട്ടുകാരൻ ചോദിച്ചു:
“ഇതു ഫലിക്കുമോ?”
”തീർച്ചയായും….!”
”അതെന്താ…അത്ര ഉറപ്പ്?”
”കഴിഞ്ഞ പ്രാവശ്യം ഇങ്ങനെ ചെയ്തപ്പോ മാറിയതാ….”

അപ്പോൾ ആ മാറ്റം താൽക്കാലികമായിരുന്നു….!

പുതിയ ഡയറ്റും വ്യായാമവും ആവേശത്തോടെ തുടങ്ങിയവരുണ്ട്. പക്ഷേ, വ്യായാമത്തിന് വേണ്ടി വാങ്ങിയ ഉപകരണം ഇപ്പോൾ മിക്കയിടത്തും തുണി ഉണക്കാനായിട്ടാണ് ഉപയോഗിക്കുന്നത്….

നല്ല തുടക്കം കൊണ്ട് മാത്രം കാര്യമായില്ല, മികച്ച പൂർത്തീകരണവും ഓട്ടത്തിൽ നിർണ്ണായകമാണ്!

എന്തിനാണ് ഓടുന്നത്..?

1. ഏതോ ലക്ഷ്യം വിജയകരമായി വേഗം പൂർത്തീകരിക്കാൻ….
2. അപകടത്തിൽ നിന്നോ പ്രലോഭനത്തിൽ നിന്നോ രക്ഷപ്പെടാൻ…

എന്തിനാണ് പോരാട്ടം…?

1. പുതിയ ചിലത് അവകാശമാക്കാൻ…
2. കരത്തിലുള്ളത് കവർന്നെടുക്കാൻ വരുന്നവനെ പ്രതിരോധിക്കാൻ…

ആരംഭശൂരത്വമല്ല പൗലോസിന് ഉണ്ടായിരുന്നത്. അവസാന ലാപ്പിൽ മുഴുശക്തിയുമെടുത്ത് മനോഹരമായിട്ടാണ് അദ്ദേഹം ഓട്ടം ഫിനിഷ് ചെയ്തത്.
യഹൂദാ സമൂഹത്തിലെ അർത്ഥരഹിതമായിത്തീർന്ന ആചാരാനുഷ്ഠാനങ്ങളോട് പടവെട്ടി തുടങ്ങിയ പൗലോസ് ജാതീയ ലോകത്തെ മൂഢാചാരങ്ങൾക്കെതിരെയും സന്ധിയില്ലാ സമരം ചെയ്തു. വചന വിരുദ്ധ സമീപനങ്ങളോട് പൗലോസിൻ്റെ കലഹം നൈരന്തര്യമായിരുന്നു.

സംതൃപ്തിയുടെ പിന്നിൽ….

തൻ്റെ ഓട്ടവും പോരാട്ടവും വിജയകരമായി പൂർത്തീകരിച്ചു എന്ന ആത്മസംതൃപ്തിയുടെ പിന്നിലെ ഘടകങ്ങളെന്തൊക്കെയാണ്…?

▪️താൻ ചെയ്തുവന്ന പ്രവൃത്തിയുടെ പൂർത്തീകരണത്തിനായി ചിലരെ പണിതെടുത്തു കഴിഞ്ഞു. തിരശ്ശീലക്കപ്പുറത്തേക്ക് മറയാൻ തുടങ്ങുമ്പോൾ താൻ പകർന്നു നൽകിയ ദീപശിഖ അണഞ്ഞു പോകാതെ സൂക്ഷിക്കാൻ തിമൊഥെയോസിനെപ്പോലെ വിശ്വസ്തരായ അനേകരുണ്ടെന്നുള്ള ചാരിതാർത്ഥ്യം പൗലോസിനുണ്ടായിരുന്നു.

▪️റോമാ ഗവൺമെൻ്റിൻ്റെ ക്രൂരതകൾക്കു മുന്നിൽ തട്ടിത്തകർക്കപ്പെട്ട ദുരന്തചിത്രമായിട്ടല്ല തൻ്റെ മരണത്തെ പൗലോസ് കാണുന്നത്. പ്രത്യുത, ദൈവസന്നിധിയിൽ അംഗീകരിക്കപ്പെടുന്ന പാനീയയാഗമായിട്ടാണ് (4:6). തൻ്റെ ആഗ്രഹവും അതുതന്നെയായിരുന്നു(അ.പ്രവൃ.20:24, ഫിലി.2:17).

നിരന്തര ഹോമയാഗമായി ദൈവാലയത്തിൽ കുഞ്ഞാടിനെ അർപ്പിക്കുമ്പോൾ കാൽ ഹീൻ വീഞ്ഞ് പാനീയയാഗമായി അതിനോട് ചേർന്ന് സമർപ്പിക്കും(സംഖ്യ.28:7). ആ യാഗങ്ങളുടെ സാക്ഷാത്ക്കാരമായ ക്രിസ്തുവിൻ്റെ യാഗത്തോട് ചേർന്ന് തന്റെ മരണവും ഒരു പാനീയയാഗമാകണമെന്നാണ് പൗലോസിൻ്റെ അഭിവാഞ്ഛ.

▪️ അടുത്തു വരുന്ന മരണത്തെ പ്രതീക്ഷകളെല്ലാം കുഴിച്ചുമൂടുന്ന കുഴിമാടമായിട്ടല്ല, ഒരു താൽക്കാലിക വേർപാടോ, പുറപ്പാടോ (Departure) ആയിട്ടാണ് പൗലോസ് കണ്ടത്(4:6). ആത്മാവ് ശരീരത്തിൻ്റെ ബന്ധനത്തിൽ നിന്ന് സ്വതന്ത്രമാകുന്നു…..

നുകത്തിൽ നിന്ന് മൃഗത്തെ അഴിച്ചു മാറ്റുന്നതു പോലെ…
കൊടുങ്കാറ്റും തിരമാലകളും നിറഞ്ഞ അശാന്തിയുടെ തീരത്തു നിന്ന് ശാന്തതയുടെ മനോഹര തീരത്തേക്ക് നങ്കൂരമറുത്ത ജലയാനം യാത്രയാരംഭിക്കുന്നതു പോലെ…..

കഠിനജോലിയും കഷ്ടതയും കഴിഞ്ഞു…..
ഓട്ടവും പോരാട്ടവും മികച്ച നിലയിൽ പൂർത്തീകരിച്ചു…!
ഇനി, വിശ്രമം…
നീതിയുള്ള ന്യായാധിപതിയുടെ കരത്തിൽ നിന്ന് നീതിയുടെ കിരീടം….
പിന്നെന്തിന് നഷ്ടബോധം….?
ഇത് പരാജയമല്ല, പരമോന്നതിയിലേക്കുള്ള പ്രമോഷനാണ്…!!

പ്രിയമുള്ളവരേ,
ദൈവം നമ്മെ ഭരമേൽപ്പിച്ച ദൗത്യം സംതൃപ്തിയോടെ സമ്പൂർണ്ണമാക്കാൻ സമർപ്പിക്കാം.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.