ശുഭദിന സന്ദേശം: തേരോട്ടവും പോരാട്ടവും | ഡോ.സാബു പോൾ

”ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു”(2തിമൊ.4:7).

സ്റ്റീവ് ജോബിൻ്റെ അവസാന വാക്കുകളിങ്ങനെയായിരുന്നു:
“ബിസിനസ്സ് ലോകത്ത് ഞാൻ നേടേണ്ടതെല്ലാം നേടി… പണത്തിനു വേണ്ടി ഒത്തിരി ഓടി…
മരണത്തിൻ്റെ പതിഞ്ഞ പാദപതന ശബ്ദം കേൾക്കുന്ന ഈ നിമിഷത്തിൽ അത് വെറും തിളക്കം കുറഞ്ഞ കല്ലുകൾ മാത്രമാണെനിക്ക്. വിലയുള്ളതെന്തോ ഞാൻ നഷ്ടപ്പെടുത്തി….”

അവസാന സമയത്ത് ഇത്തരം നിരാശയുടെ വാക്കുകൾ ഉരുവിട്ട ധാരാളം പേരുണ്ട് ചരിത്രത്തിൽ.

എന്നാൽ പൗലോസ് എന്ന വയോവൃദ്ധൻ്റെ മുഖത്ത് നിരാശിതൻ്റെ പിരിമുറുക്കമല്ല, തകർന്നവൻ്റെ വിലാപമല്ല, വിജയിച്ചവൻ്റെ മന്ദസ്മിതമാണ്..
ആ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് എല്ലാം വിജയകരമായി പൂർത്തീകരിച്ചവൻ്റെ സംതൃപ്തിയാണ്….

മുകളിൽ നിന്നുള്ള ദ്വാരത്തിലൂടെ കയറു കൊണ്ടോ, ഏണി കൊണ്ടോ ഇറങ്ങിച്ചെല്ലാവുന്ന, വൃത്തിഹീനമായ ഒരു കുടുസ്സുമുറി…..
ജനൽ, ഫർണിച്ചർ, ടോയ്ലറ്റ് ഒന്നുമില്ല….
എങ്ങും ഇരുട്ടും സ്വന്തം വിസർജ്ജനത്തിൻ്റെ ദുർഗന്ധവും…..
പരുപരുത്ത തറയിൽ, അരിച്ചു കയറുന്ന തണുപ്പിൽ, മരണം മുമ്പിൽ കാണുമ്പോഴും ഇത്ര ആത്മവിശ്വാസം ആ മുഖത്ത് തെളിയാൻ കാരണമെന്താണ്…..?

ഇന്ന്……
സ്വന്തം കുടുംബാംഗങ്ങൾക്കൊപ്പം സ്വന്തം വീട്ടിൽ ചില ദിവസങ്ങൾ ആയിരുന്നപ്പോഴേക്കും പലരും അസ്വസ്ഥരായിക്കഴിഞ്ഞു….
ക്വാറൻ്റൈനിൽ ആയിരുന്നവർക്ക് മാനസീക നില തകരാതിരിക്കാൻ പ്രത്യേക കൗൺസലിംഗ് കൊടുക്കേണ്ടി വരുന്നു….

പൗലോസ് ശ്ളീഹയുടെ വിജയപ്രഖ്യാപനത്തിനു പിന്നിലുള്ള കാരണങ്ങൾ അൽപ്പം വിശദമായി നാളെ ചിന്തിക്കാം.

പ്രിയ ദൈവ പൈതലേ,
ഏതു പ്രതിസന്ധിയിലും ദൈവസാന്നിധ്യം തിരിച്ചറിയുന്നവനെ കൂരിരുൾ താഴ് വരകൾക്ക് ഭയപ്പെടുത്താനാവില്ല…
ലോക്ക് ഡൗൺ കാലഘട്ടത്തിൽ ദൈവസ്നേഹത്താൽ ബന്ധിക്കപ്പെടാം…..

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.