ശുഭദിന സന്ദേശം: വേലിയും കല്ലുകളും | ഡോ.സാബു പോൾ

”അവൻ അതിന്നു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു”(യെശ.5:2).

അലിഗോറിക്കൽ(ആലങ്കാരികാർത്ഥത്തിലുള്ള) സന്ദേശങ്ങളിൽ മുന്നിൽ നിൽക്കുന്നത് റ്റി.പി.എം. ചർച്ചാണ്. പെന്തെക്കൊസ്ത് സഭകൾ തൊട്ടു പിന്നിൽ ഉണ്ട്. അക്ഷരാർത്ഥത്തിൽ (Literal) നൽകിയിരിക്കുന്ന സംഭവങ്ങൾക്കു പോലും ആത്മീയാർത്ഥത്തിലുള്ള മാനം നൽകുമ്പോൾ എഴുത്തുകാരൻ ഉദ്ദേശിച്ച അർത്ഥത്തിൽ നിന്നും വളരെ വ്യതിചലിച്ചു പോകുന്നു എന്നതാണ് വാസ്തവം.

എന്നാൽ ബൈബിളിൽ തന്നെ ഇത്തരം ദൃഷ്ടാന്ത രൂപത്തിലുള്ള പ്രയോഗങ്ങൾ സുലഭമായി കാണാൻ കഴിയും. അതിൽ ഒന്നാണ് *യെശ.5:1-7.*
ഇന്ന് ഈ വേദഭാഗത്തിൻ്റെ ആത്മീയാർത്ഥം ചിന്തിക്കാം.

മുന്തിരിത്തോട്ടം യിസ്രായേൽജനമാണെന്ന് ഇവിടെത്തന്നെ വ്യക്തമാക്കിയിട്ടുണ്ട് (വാ.7).

എന്താണ് വേലി…?

വേലി കൊണ്ടും മതിലു കൊണ്ടും രണ്ട് പ്രധാന ലക്ഷ്യങ്ങളാണുള്ളത്.
1. പുറത്തുള്ള മനുഷ്യനോ, മൃഗമോ അതിക്രമിച്ച് അകത്ത് കടക്കരുത്.
2. അകത്തുള്ള മനുഷ്യനോ മൃഗമോ ഉടമസ്ഥൻ്റെ അറിവില്ലാതെ പുറത്തു പോകരുത്.

ലോകത്തിലെ ഇതര ജാതികളിൽ നിന്നും വേർപാടോടെ നിൽക്കാൻ വേണ്ടിയാണ് യിസ്രായേലിനെ ദൈവം തിരഞ്ഞെടുത്തത്.
വിഗ്രഹാരാധന, ബഹുദൈവ വിശ്വാസം, അധാർമ്മീകത തുടങ്ങിയവയൊന്നും അകത്ത് വരരുത്.
അകത്തുള്ളവർ ദൈവഹിത വിരുദ്ധമായ കാര്യങ്ങളിൽ ആകൃഷ്ടരായി പുറത്തു പോകയുമരുത്. ഈ ലക്ഷ്യത്തോടെ നൽകിയിരിക്കുന്ന
ന്യായപ്രമാണവും അനുബന്ധ നിയമങ്ങളുമാണ് വേലി.

കല്ലുകൾ എന്താണ്…?

നിലത്തിൻ്റെ ഫലഭൂയിഷ്ഠതയെ തടയുകയും മുന്തിരിത്തണ്ടുകളെ വളരാതവണ്ണം ഞെരുക്കുകയും ചെയ്യുന്നതാണ് കല്ലുകൾ. വേർതിരിക്കപ്പെട്ട നിലത്തിൽ പോലും ഫലത്തിനെതിരായി നിൽക്കുന്ന ഇത്തരം കല്ലുകൾ ഉണ്ടാകാം. അവയെ പെറുക്കിക്കളയുകയാണ് ഉടമസ്ഥൻ.

ആഖാനെയും ഗേഹസിയെയും പോലുള്ള ദ്രവ്യാഗ്രഹികൾ….
ആഹാബിനെയും ഈസബേലിനെയും പോലുള്ള അധർമ്മികൾ…..
നല്ല ഫലം പുറപ്പെടുവിക്കാനാഗ്രഹിക്കുന്നവരെപ്പോലും തടയുന്ന കല്ലുകളാണവ….
പെറുക്കിക്കളയുകയല്ലാതെ വേറെ പോംവഴിയില്ല…..

അടുത്തതായി പറയുന്നത് ഗോപുരത്തെക്കുറിച്ചാണ്. ഗോപുരത്തിൻ്റെ ഉദ്ദേശ്യം മേൽനോട്ടമാണ്. അകത്തുള്ളവർ വിശ്വസ്തതയോടെ ജോലി ചെയ്യുന്നുണ്ടോ, വിദൂരതയിൽ നിന്നും ശത്രുക്കൾ വരുന്നുണ്ടോ, തുടങ്ങിയുള്ള കാര്യങ്ങൾ സസൂക്ഷ്മം വീക്ഷിക്കുക, അതിനാവശ്യമായ സജ്ജീകരണങ്ങളും മുന്നൊരുക്കങ്ങളും നടത്തുക, എന്നിവയാണ് ഗോപുരത്തിലെ കാവൽക്കാരുടെ ഉത്തരവാദിത്തങ്ങൾ.

ന്യായപ്രമാണമെന്ന വേലി ശത്രുക്കൾ തകർക്കാതെ ഇങ്ങനെ കാവൽ നിന്നവരായിരുന്നു പുരോഹിതരും പ്രവാചകരും രാജാക്കന്മാരും. അവർ ദൈവത്തിൻ്റെ ഗോപുരത്തിൽ ജാഗരൂകരായി നിന്നപ്പോൾ ജനം സുരക്ഷിതത്വം അനുഭവിച്ചു.

ഇത്രയും ബൃഹത്തായ ക്രമീകരണങ്ങൾ ചെയ്ത ഉടമസ്ഥൻ പ്രതീക്ഷിച്ചത് നല്ല മുന്തിരിയായിരുന്നു.
…നന്ദി നിറഞ്ഞ യാഗാർപ്പണങ്ങൾ.
…ധാർമ്മീകത നിറഞ്ഞ ജീവിതരീതികൾ.
…ന്യായവും നീതിയും വിശുദ്ധിയും വിളങ്ങുന്ന സ്വഭാവ സവിശേഷതകൾ.

പക്ഷേ, കായ്ച്ചത് കാട്ടു മുന്തിരി..
പുറത്തുള്ളവയിൽ നിന്നും വ്യത്യസ്തതയൊന്നുമില്ലാത്ത ജീവിതരീതി…
വിഗ്രഹാരാധന, മദ്യപാനം, അധാർമ്മികത, അന്യായം, സമ്പത്തിനോട് സമ്പത്ത് വർദ്ധിപ്പിക്കാനുള്ള അത്യാർത്തി….

ദൈവം ചോദിക്കുന്നു: “ഇനി എന്തിനാണ് വേലി….?
അകത്തും പുറത്തും ഒരുപോലെയാണെങ്കിൽ, വേർപാടും വിശുദ്ധിയുമില്ലെങ്കിൽ പിന്നെ വേലിയുടെ ആവശ്യമെന്താണ്….?

അങ്ങനെ വേലി പൊളിച്ചപ്പോൾ യിസ്രായേൽജനം വിലപിക്കുന്നു: “വഴിപോക്കരും കാട്ടുപന്നിയും കയറിവരത്തക്കവിധം നീ വേലി പൊളിച്ചു കളഞ്ഞതെന്തേ…?”(സങ്കീ.80:12)

വേർപാട് നഷ്ടപ്പെടുത്തിയതിൽ അവർക്ക് വേദനയില്ല….
വിശുദ്ധി നഷ്ടമായതിൽ വിലാപമില്ല….
സംരക്ഷണം പോയതിലാണ് സന്താപം…!

പ്രിയ ദൈവ പൈതലേ,
വേർപാടിലാണ് സംരക്ഷണവും എന്നറിയുക……!!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.