കണ്ടതും കേട്ടതും: നിസ്സഹായതയ്ക്ക് മുന്നിലെ സെൽഫികൾ | പാ. ഹരിഹരൻ കളമശ്ശേരി

കോവിഡ് മൂലമുണ്ടായ ലോക്ക്ഡൗൺ എല്ലാ മേഖലകളിലും പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് നാം കടന്നുപോകുന്നത്. എല്ലാ വിഭാഗങ്ങളിലുള്ളവരെയും ഇത് ബാധിച്ചു കഴിഞ്ഞു. ദിനംപ്രതി ജോലി ചെയ്തു ദൈനംദിന ആവശ്യങ്ങൾക്കുള്ള വകകണ്ടെത്തിയിട്ടരുന്നവർ വളരെ കഷ്ടങ്ങളിലൂടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ദൈനംദിന ആവശ്യങ്ങൾക്കുള്ള വഴി പലർക്കും തടസ്സപ്പെട്ടിരിക്കുകയാണ്. യാത്ര സംവിധാനങ്ങൾ ഇല്ലാത്തതും, അനുമതി ഇല്ലാത്തതും ജോലി ചെയ്യാൻ സാധിക്കാത്തതും ,എല്ലാം സാധരണക്കാരായ ജനങ്ങളെ ബാധിക്കുമ്പോൾ ദൈവജനത്തെ പ്രേത്യേകാൽ പൂർണ്ണസമയ സുവിശേഷവേല ചെയ്യുന്നവരും ചെറിയസഭകളിലെ ശുശ്രൂഷകരും, കർത്താവിൽ ആശ്രയിച്ച് പുതിയ പ്രവത്തനങ്ങളുമായി നിൽക്കുന്നവർ എന്നിവരും പ്രതിസന്ധിയിലായി. വിശ്വാസികളുടെ സ്തോത്രക്കാഴ്ചയുടെയും മറ്റു സാമ്പത്തിക പങ്കുവെയ്ക്കലുകളിലുംഅന്നന്നത്തേയ്ക്കുള്ളതു കണ്ടെത്തി .പ്രവർത്തനം നടത്തുകയും കുടുംബം പോറ്റുകയും ചെയ്തിരുന്നവർ തുടങ്ങി വലിയൊരു വിഭാഗം ഇതിൽ പെടുന്നു .തൻ്റെ കുടുംബത്തിൻ്റെ അത്യാവശ്യത്തിനായി പൂർണ്ണ സമയ സുവിശേഷകനായ ഒരു സഹോദരൻ തന്റെ പരിസര പ്രദേശത്തുള്ള ധനാഢ്യനായ ഒരു വിശ്വാസിയോട് ചെറിയൊരു സാമ്പത്തിക സഹായം കടമായ് ആവശ്യപ്പെട്ടു നിരാശനായ അനുഭവം വേദന ഉളവാക്കുന്നതാണ്. തത്തുല്യമായ കഷ്ടങ്ങളിലൂടെ കടന്നുപോകുന്നത് അനേകരാണ്.

കർത്താവ് തൻ്റ ജനത്തെ കരുതും സംരക്ഷിക്കും സംശയമില്ല. ധനാഢ്യരും ആഡംബരപ്രിയരുമായ ദൈവമക്കളെ അശ്രയിച്ച് പരാജിതരായവർ ഏറെ. അവരെ വിധിക്കാൻ നമ്മുക്ക് അധികാരമില്ല. അവർ ദൈവരാജ്യത്തിനുള്ളവരാണോ എന്ന് അവർ തന്നെ തങ്ങളെ വചനപ്രകാരം വിലയിരുത്തി തന്നത്താൻ ശോധന ചെയ്യട്ടെ. അത്തരമൊരു ക്രമീകരണത്തിലൂടെ സക്കായിയുടെ മനോഭാവത്തിൽ എത്തിച്ചേരാൻ കഴിഞ്ഞാൽ അത് ദൈവസന്നിധിയിൽ അവർക്കു ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.

ചാരിറ്റി പ്രവർത്തനങ്ങൾക്കും ചാരിറ്റിസംഘടനകൾക്കും തീരെ പഞ്ഞമില്ലാത്ത കേരളത്തിൽ ഈ ലോക്ക്ഡൗൺ പോലും വക വെക്കാതെ ഇന്നും അനേകർ പലരെയും സഹായിക്കാൻ പ്രത്യേക അനുവാദം വാങ്ങി നെട്ടോട്ടം ഓടുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷവും അഭിമാനവുമാണ്. നമ്മുടെ ചില നേതൃത്വങ്ങളും, സഹോദരങ്ങളും അത്മാർത്ഥമായി ഈ പ്രവർത്തനങ്ങൾക്ക്. കുറ്റമറ്റ രീതിയിൽ ചുക്കാൻ പിടിക്കുന്നു എന്നത് തികച്ചും അഭിമാനർഹമാണ്. എന്നാൽ ഒരു വിഭാഗത്തിന് ഇത് ഒരു നേരംപോക്ക് പോലെയായി മാറി എന്നതാണ് സത്യം. നിസ്സാഹയരായി കൈ നീട്ടുന്നവർക്ക് മുന്നിൽ. നൽകിയതിൻ്റെ മൂല്യത്തെക്കാൾ അംഗബലത്തോടെ ചിരിച്ചുനിന്ന് സെൽഫി എടുക്കാനും സോഷ്യൽ മീഡിയയിലൂടെയും, നവമാദ്ധ്യമങ്ങളിലൂടെയും ഷെയർചെയ്യാനും വല്ലാത്തൊരു ആവേശമാണ് പലർക്കും.
ഇന്നലെ വരെ ദിവസക്കൂലിയെ ആശ്രയിച്ച് ആരോടും പരാതിയും പരിഭവവും ഇല്ലാതെ ജീവിച്ചു വന്നവരും, വരുമാനം വഴിമുട്ടിയത് കാരണം ഇന്ന് മറ്റുപലരെയും ആശ്രയിക്കേണ്ടി വന്നവരും, അത്മാഭിമാനം പണയപ്പെടുത്താത്തവരുമായ ഒരു കൂട്ടം ജനത്തിന് മുന്നിലെക്ക്., സാമൂഹിക സേവനത്തിൻ്റെയും ,കരുണയുടെയും പേരിൽ മറ്റുള്ളവരെ അറിയിക്കാൻ വേണ്ടി സ്വന്തം പ്രശസ്തിക്കും സംഘടനയുടെ പബ്ലിസിറ്റിക്കും വേണ്ടി അവർക്കുമുന്നിൽ, സഹായഹസ്തവും കവറിന് മുന്നേ ക്യാമറയുമായി പോവുമ്പോൾ അവരുടെ മുഖം ഒന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?അതിനുള്ള സൗമനസ്യം പലർക്കും നഷ്ടപ്പെട്ടിരിക്കുന്നു.

കരയണോ ചിരിക്കണോ എന്ന് അറിയാതെ ദൈന്യത നിറഞ്ഞ നിസ്സഹായതയുടെ അവസ്ഥകൾ ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുക്കുമ്പോൾ ഈ നിസാഹായതയുടെ സെൽഫി ചിത്രങ്ങളിൽ നമ്മളോ നമ്മുടെ കുടുംബമോ, കൂടപ്പിറപ്പുകളോ പ്രിയപ്പെട്ടവരോ ആണെങ്കിലോ? ചിന്തിക്കാൻ സാധിക്കുമോ? വലത് കൈകൊണ്ട് കൊടുത്തത് ഇടത്കൈ അറിയാൻ പാടില്ല എന്ന് ഞാനും നിങ്ങളും പഠിച്ച പാഠം സൗകര്യപൂർവ്വം മറക്കരുത്. നിസ്സഹായത കൊണ്ട് തല താഴ്ത്തി നിൽക്കുന്നവരെ നമ്മുടെ പ്രശസ്തിക്ക് വേണ്ടി വീണ്ടും തല താഴ്ത്തിക്കാതിരിക്കുക. സംഘടനകളുടെ അവശ്യങ്ങൾക്ക് ഫോട്ടോയും, കണക്കും, വൗച്ചറുകളും, വാങ്ങി സൂഷിക്കുന്നതിൽ തെറ്റില്ല. പക്ഷേ അത് ജനകീയമായി പരസ്യപ്പെട്ടത്തുമ്പോൾ നമ്മൾ ദൈവിക വ്യവസ്ഥ ലംഘിക്കുകയാണെന്ന് മറക്കരുത്.
കർത്താവിന്റെ വരവിനായി പ്രത്യാശയോടെ കാത്തിരിക്കുന്ന നാം നമ്മുടെ കർത്തവ്യം നിറവേറ്റുന്നതിൽ ഉത്സുകരായിരിക്കേണ്ട സമയമാണിത്. പിന്മാറരുത്.നമ്മുടെ പരിചയത്തിലും, അറിവിലുമുള്ള കൂട്ടു സഹോദരങ്ങൾ. സഭാ ശുശ്രൂഷകർ, നമ്മുടെ പരിസരത്തും അറിവിലുമുള്ളവർ എന്നിവരെ ഒന്നു വിളിക്കുവാനും വിവരങ്ങൾ അന്വേഷിക്കുവാനും അവരുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണെന്നാരായുവാനുള്ള. ഒരു ഫോൺകോൾ എങ്കിലും ചെയ്യുമ്പോൾ അവരുടെ ഹൃദയത്തിന് ഒരാശ്വാസമായ്മാറും. യാത്രാതടസ്സം ഉണ്ടെങ്കിലും ചിലപ്പോൾ അങ്ങനെയുള്ളവരെ തക്കസമയത്തു സഹായിക്കുവാനുള്ള ഉപാധികൾ കണ്ടെത്തുവാൻ നമുക്ക് കഴിയും. അറിവിലുള്ള ചിലരുടെ സ്ഥിതി ഊഹിക്കാൻ കഴിയുന്ന നാം അവരുടെ ആവശ്യങ്ങൾക്കു നേരെ കണ്ണടയ്ക്കരുത്. നമുക്കുള്ളതിൽ നിന്ന് നമുക്ക് പങ്കുവയ്ക്കാം. ദൈവവചനം ആദിയോടന്ത്യം നമ്മോടാവശ്യപ്പെടുന്നതും അതു തന്നെയാണ്. അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിലും നാം സമർപ്പണമുള്ളവരായിരിക്കണം. അങ്ങനെ ഒരു ഹൃദയവിശാലതയുടെ അനുഭവങ്ങളിലെക്ക് ദൈവം നമ്മെ നയിക്കട്ടെ “നീതിമാൻ ഇനിയും നീതി ചെയ്യുകയും വിശുദ്ധൻ ഇനിയും തന്നെത്തന്നെ വിശുദ്ധീകരിക്കുകയും ചെയ്യേണ്ടസമയമാണിത് “(വെളിപ്പാട്-22:11) അതിനായ് നമ്മുടെ സെൽഫികൾ ദൈവസന്നിധിയിൽ പൂർണ്ണതയുള്ളതാവട്ടെ.

പാസ്റ്റർ ഹരിഹരൻ കളമശ്ശേരി

-Advertisement-

You might also like
Comments
Loading...