ശുഭദിന സന്ദേശം : സാന്നിദ്ധ്യവും സംരക്ഷണവും| ഡോ.സാബു പോൾ

“ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു”(മത്താ.28: 20).

post watermark60x60

“മോനേ, നീ ആൺകുട്ടിയാണ്. ആൺകുട്ടികൾ ധൈര്യശാലികൾ ആയിരിക്കണം…..!”
അമ്മ കൂടെക്കൂടെ പറയാറുള്ള ആ വാക്കുകൾ അവനോർത്തു.

പക്ഷേ……
എങ്ങനെ ഭയപ്പെടാതിരിക്കും? ഇടതൂർന്ന വനത്തിൽ രാത്രിയുടെ ഭീകരതയിൽ അവൻ ഒറ്റയ്ക്ക്….
ഓരോ ചെറിയ ശബ്ദം കേൾക്കുമ്പോഴും….
കരിയിലകൾ അനങ്ങുമ്പോഴും…
മരച്ചില്ലകൾ ഇളകുമ്പോഴും…..
അവൻ തന്റെ അമ്പിലും വില്ലിലും മുറുകെപ്പിടിക്കും…..
ഇരുട്ടിലേക്ക് കണ്ണുകൾ സങ്കോചിപ്പിച്ച് നോക്കും…..

Download Our Android App | iOS App

അന്നായിരുന്നു അവന്റെ പതിമൂന്നാം ജന്മദിനം. വേട്ടയാടാനും മീൻ പിടിക്കാനുമൊക്കെ അവൻ പരിശീലിച്ചു കഴിഞ്ഞു. പക്ഷേ, അപ്പോഴെല്ലാം അവന്റെ അച്ഛൻ കൂടെത്തന്നെയുണ്ടാകുമായിരുന്നു.

കുടിലിനകത്ത് എപ്പോഴും അമ്മയുടെ തണലിൽ, സഹോദരങ്ങളുടെ കല പില ശബ്ദങ്ങളിൽ അവൻ സുരക്ഷിതത്വം കണ്ടെത്തിയിരുന്നു…..
പക്ഷേ, ഇപ്പോൾ ആരോരുമില്ലാതെ വനത്തിൽ ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടുന്നത് കഠിനം തന്നെ…

ഭീകരതയുടെ രാത്രി പിന്നിട്ട് പകലോന്റെ പൊൻ വെളിച്ചം അവന്റെ കണ്ണിൽ തട്ടിയപ്പോൾ അവൻ ചുറ്റും നോക്കി. ആദ്യ രശ്മിയിൽ അടുത്ത മരച്ചില്ലയിൽ കണ്ട ആൾ രൂപത്തിൽ അവന്റെ കണ്ണുകളുടക്കി.
അത് അവന്റെ അച്ഛനായിരുന്നു….!
അവനെ കാട്ടിലാക്കി ഗോത്രക്കാരെല്ലാം തിരിച്ചു പോയപ്പോൾ അവനറിയാതെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന അച്ഛൻ….!

റെഡ് ഇന്ത്യൻസ് എന്നറിയപ്പെടുന്ന ഗോത്രക്കാരുടെയിടയിലെ ഒരാചാരമാണിത്. ആൺ കുഞ്ഞുങ്ങളെ ധൈര്യശാലികളാക്കാൻ പതിമൂന്നാം ജന്മദിനത്തിന്റെ രാത്രിയിൽ അവർ കടന്നു പോകേണ്ടതായ കഠിന ശോധന….

തന്റെ ശിഷ്യൻമാരെ അതുവരെ തന്റെ കരവലയത്തിൽ സൂക്ഷിച്ച, പലവിധ പരിശീലനങ്ങളിലൂടെയും ശോധനകളിലൂടെയും അവരെ നടത്തിയ ആ നല്ല ഗുരുവിന്റെ സ്വർഗ്ഗാരോഹണത്തിനു തൊട്ടുമുമ്പുള്ള വാക്കുകളും സമാനമായിരുന്നു.

സുരക്ഷിതത്വത്തിന്റെ കൂടിളക്കി അന്ധകാരത്തിന്റെ ശക്തികൾ അഴിഞ്ഞാട്ടം നടത്തുന്ന ലോകത്തിന്റെ അറ്റത്തോളം പോകേണ്ടി വന്നാലും പേടിക്കേണ്ട…..!
ഞാൻ കൂടെയുണ്ട്……!!

പ്രിയ ദൈവമക്കളേ,
കൂരിരുൾ താഴ് വരയിലും കൂടെ നടക്കുന്ന ഇടയൻ….
പീഢനത്തിന്റെ നടുവിൽ പീഢകനെ രൂപാന്തരപ്പെടുത്തുന്നവൻ……
അഗ്നിശോധനയിൽ ഇറങ്ങി വരുന്നവൻ കൂടെയുണ്ട്…..
ലോകാവസാനത്തോളം……..
എല്ലാ നാളും….!!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

You might also like