ശുഭദിന സന്ദേശം :പട്ടുവസ്ത്രമോ രട്ടുവസ്ത്രമോ | ഡോ.സാബു പോൾ

ഒരു യുവതിയുടെ ഏറ്റവും വലിയ സ്വപ്നമാണ് വിവാഹം. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഉടമ്പടിയായതുകൊണ്ടുതന്നെ വളരെ പ്രാർത്ഥിച്ചും ശ്രദ്ധിച്ചുമാണ് വീട്ടുകാർ വരനെ കണ്ടെത്തുന്നത്….

അങ്ങനെ കാത്തിരുന്ന വിവാഹ നിശ്ചയം കഴിഞ്ഞു….
പിന്നെ അവളുടെ സ്വപ്നങ്ങളിൽ മുഴുവൻ നിയുക്ത വരനും വിവാഹ ദിനവുമായിരിക്കും…

ഒരു ഉത്തമ ഭാര്യയായിത്തീരാൻ ശാരീരികവും മാനസീകവുമായി അവൾ ഒരുങ്ങുകയായി….
തനിക്കുള്ളതിൽ ഏറ്റവും നല്ല വസ്ത്രമുടുത്ത് സുന്ദരിയായി നടന്നവൾ ഒരു ദിവസം ചാക്കുശീലയുടുത്ത് അലറിക്കരഞ്ഞാൽ….
പട്ടുവസ്ത്രത്തിന് പകരം രട്ടുവസ്ത്രവും ആനന്ദത്തിന് പകരം വിലാപവുമായാൽ….

അത്തരമൊരു ചിത്രമാണ് ഇന്നത്തെ വാക്യം നൽകുന്നത്.

തങ്ങളുടെ കാലത്തോ പിതാക്കന്മാരുടെ കാലത്തോ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത അപൂർവ്വമായ പ്രതിസന്ധിക്ക് പരിഹാരമെന്തെന്ന് യഹൂദജനത്തോട് യോവേൽ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്യുകയാണ്…

‘ഭർത്താവിനെച്ചൊല്ലി രട്ടുടുത്തിരിക്കുന്ന കന്യക’ എന്ന പ്രയോഗം അൽപ്പം ആശയക്കുഴപ്പം ഉളവാക്കുന്നതാണ്. ഭർത്താവുള്ളവൾ എങ്ങനെയാണ് കന്യകയാകുക എന്ന സ്വഭാവിക സന്ദേഹം അനുവാചകനുണ്ടാകാം.

യഹൂദ സംസ്ക്കാരമനുസരിച്ച് വിവാഹ നിശ്ചയം കഴിഞ്ഞാൽ അവർ ഭാര്യാഭർത്താക്കൻമാരായി. എന്നാൽ വിവാഹത്തിനു ശേഷമാണ് ഒരുമിച്ച് താമസിക്കാനാരംഭിക്കുന്നത്.

അപ്പോൾ, വിവാഹ നിശ്ചയം കഴിഞ്ഞിട്ട് ഭർത്താവിനെച്ചൊല്ലി വിലപിക്കണമെങ്കിൽ…
▪️ഭർത്താവ് മരിച്ചു കാണാം.
▪️ഭർത്താവ് വിവാഹബന്ധത്തിൽ നിന്ന് പിൻമാറിക്കാണാം.

ഭർത്താവ് വിവാഹബന്ധത്തിൽ നിന്ന് പിൻമാറാനുള്ള പ്രധാന കാരണം വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷം ഭാര്യയിൽ കണ്ട അവിശ്വസ്ത ആയിരിക്കണം.

യഹൂദജനത്തിൻ്റെ ഭർത്താവായി യഹോവയെ ചിത്രീകരിക്കുന്ന ചില അദ്ധ്യായങ്ങൾ(യിരെ.3, ഹോശേ.2) വേദപുസ്തകത്തിലുണ്ട്.

പൗലോസ് അപ്പൊസ്തലനും പറയാനുള്ളത് അതേ കാര്യമാണ്. അറിയായ്മയുടെ കാലങ്ങളെ ദൈവം കണക്കിടുന്നില്ല(പ്രവൃ.7:30). പക്ഷേ, അറിഞ്ഞതിനു ശേഷം – വിവാഹ നിശ്ചയത്തിനു ശേഷം – അവിശ്വസ്തയായിരുന്നാൽ അത് അക്ഷന്തവ്യമായ അപരാധമാണ്….

സാധാരണ ഗതിയിൽ ഒരു പുരുഷനും അവിശ്വസ്തയായ ഭാര്യയെ വീണ്ടും സ്വീകരിക്കുകയില്ല.എന്നാൽ ദൈവം പറയുന്നു, വിലപിക്കാനും മടങ്ങി വരാനും തയാറെങ്കിൽ….
അന്യദൈവങ്ങളെയും അവിശ്വാസത്തെയും വെടിയുമെങ്കിൽ…..
…അവിടുന്ന് ക്ഷമിക്കും!
…പ്രശ്നങ്ങളെ പരിഹരിക്കും!
…ദേശത്തിനു വേണ്ടി തീക്ഷ്ണത കാണിക്കും!

പ്രിയമുള്ളവരേ,
കാര്യകാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതും പരസ്പരം പഴിചാരുന്നതും പ്രശ്നങ്ങളുടെ മദ്ധ്യേ പൊതുവെ മനുഷ്യർ ചെയ്യാറുള്ള കാര്യമാണ്. എന്നാൽ ഒരു ദൈവ പൈതൽ ദൈവമുമ്പാകെ സ്വയം താഴ്ത്തുകയാണ്.
യൗവനത്തിലെ ഭർത്താവിനെച്ചൊല്ലി രട്ടുടുത്തിരിക്കുന്ന കന്യകയെപ്പോലെ വിലപിക്കാം.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.