മെയ് മാസം മൂന്നാം തിയതി വരെ ലോക്ഡൗൺ നീട്ടി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടി, മെയ് മൂന്ന് വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ നീളുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൊറണ വൈറസ് വ്യാപനത്തെ തടഞ്ഞുനിര്‍ത്തുന്നതില്‍ രാജ്യം ഒരു പരിധിവരെ വിജയിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൌണ്‍ പാലിച്ച ജനങ്ങള്‍ക്ക് നന്ദി. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ജനങ്ങള്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ പല പ്രമുഖ രാജ്യങ്ങളേക്കാള്‍ ഇന്ത്യയുടെ സ്ഥിതി ഏറെ മെച്ചമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നാളെ മുതല്‍ ഒരാഴ്ച കര്‍ശന നിയന്ത്രണം വേണം. മുന്‍പത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കൂടുതല്‍ തീവ്രബാധിത പ്രദേശങ്ങള്‍ ഉണ്ടാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗ വ്യാപനം കുറഞ്ഞ ഇടങ്ങളില്‍ ഏപ്രില്‍ 20ന് ശേഷം ഉപാധികളോടെ ഇളവുകള്‍ അനുവദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 20ന് ശേഷം സ്ഥിതിഗതികള്‍ കൂടുതല്‍ അവലോകനം ചെയ്യേണ്ടതുണ്ട്.
ലോക്ക് ഡൗണും സാമൂഹ്യ അകലം പാലിച്ചതുമാണ് രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് സഹായിച്ചിരിക്കുന്നത്. സാമ്ബത്തികമായി അതിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല അതെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുമായി നിരന്തരമായി കേന്ദ്രം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ് എന്നും ലോക്ക് ഡൗണ്‍ നീട്ടണം എന്നാണ് എല്ലാവരും ആവശ്യപ്പെട്ടത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

-ADVERTISEMENT-

You might also like