ലേഖനം: ദൈവാശ്രയത്തിൽ നിറഞ്ഞ ഒരു ലോക്ക് ഡൗൺ കാലം | പാ. ഷൈബു മഠത്തിപ്പറമ്പിൽ, ദുബായ്

“ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോട് കൂടെ ഉണ്ട്” മത്തായി 28:20

post watermark60x60

മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. സമൂഹത്തോട് അകന്നിരികുന്നത്‌ മനുഷ്യന് പ്രയാസമേറിയ കാര്യമാണ്. അവൻ എപ്പോഴും സമൂഹത്തോട് ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ എപ്പോഴും മനുഷ്യൻ തന്റെ അടുത്തവരുമായും പ്രിയപ്പെട്ടവരുമായും ചേർന്നിരിപ്പാൻ അവരുടെ സാമിപ്യം ആഗ്രഹിക്കുന്നു.
ഈ സാമിപ്യം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു കാലയളവാണ് ഇന്ന് നാം നേരിടുന്ന ഈ ലോക്ക് ഡൗൺ കാലഘട്ടം. സ്വദേശത്തും വിവിധ രാജ്യങ്ങളിലും കുട്ടികളും മുതിർന്നവരും ഒരുപോലെ ഒറ്റപ്പെടലും, ഏകാന്തതയും, നിരാശയും, അസഹിഷ്ണുതയും അനുഭവിക്കുന്ന ഒരു സമയം. രോഗം നിമിത്തവും വിദേശ യാത്രകൾ നിമിത്തവും
ക്വോറൻറ്റീൻ ചെയ്യുമ്പോൾ ഉള്ള വിഷമവും പ്രിയപ്പെട്ടവരോട് ഒന്ന് അണയാൻ സാധിക്കാതെ നിരാശ അനുഭവിക്കുന്ന അനേകർ നമുക്ക് ചുറ്റും ഉണ്ട്. സമൂഹത്തോടും പ്രിയപ്പെട്ടവരോടും കൂട്ടായ്മയും പ്രതിബദ്ധതയും പുലർത്തുന്ന മനുഷ്യൻ പലനിലകളിൽ ലോകത്തിൽ ഒറ്റപ്പെടുമ്പോൾ വിശുദ്ധ തിരുവെഴുത്തിൽ യേശുനാഥൻ തൻറെ അന്ത്യ കല്പനയിലൂടെ തന്നെ അനുഗമിച്ച ശിഷ്യന്മാരോട് പറഞ്ഞ വാക്ക് നമ്മെ ബലപ്പെടുത്തുന്നതാണ്. “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോട് കൂടെയുണ്ട്” (മത്തായി.28:20). നമ്മോടുകൂടെ ഉള്ളവൻ അറിഞ്ഞിട്ട് അല്ലാതെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. സംഭവിക്കുന്നതെല്ലാം നന്മയ്ക്കായും ദൈവനാമ മഹത്വത്തിനായി തീരും. (റോമർ 8:28).

ആത്മീയ ജീവിതത്തിൽ നാം പ്രതികൂലത്തിൻറെ കൊടുങ്കാറ്റിനെ നേരിടേണ്ടിവരും. മർക്കോസ് 4:40 നാം വായിക്കുമ്പോൾ പടകിന് നേരെ ആഞ്ഞടിച്ച കൊടുങ്കാറ്റിനെ ഭയപ്പെട്ടപ്പോൾ യേശു ശിഷ്യന്മാരോട് പറഞ്ഞു “നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്ത്? കാരണം അക്കരയ്ക്ക് പോകാം എന്ന് പറഞ്ഞത് യേശുവിന്റ വാക്കാണ് ( മർക്കോസ് 4:35 ). വാക്ക് പറഞ്ഞവൻ അവരോടൊപ്പമുണ്ട്. യേശുനാഥന്റ് വാക്കിൽ കാറ്റും കടലും ശാന്തമായി.

Download Our Android App | iOS App

നമുക്കേവർക്കും സുപരിചിതമായ മറ്റൊരു വേദഭാഗമായ യോനായുടെ പുസ്തകത്തിൽ നാം വായിക്കുന്നു, ദൈവത്തിൻറെ ആലോചനയെ മറുത്ത് യാത്ര ചെയ്ത യോനാ വലിയ ഒരു കൊടുങ്കാറ്റിനെ അഭിമുഖീകരിക്കേണ്ടിവന്നു. അത് മനസ്സിലാക്കിയ യോനാ പറഞ്ഞു ഞാൻ നിമിത്തം ഉളവായ ഈ കൊടുങ്കാറ്റ് എന്നെ കടലിലേക്ക് എറിഞ്ഞാൽ ശമനം വരും. അവർ അങ്ങനെ ചെയ്തു കാറ്റ് ശാന്തമായി. (യോനാ. 1:15). യോനയെ ഒരു വലിയ മത്സ്യം വിഴുങ്ങി. മത്സ്യത്തിലെ വയറ്റിൽ വച്ച് താൻ ദൈവത്തോട് പ്രാർത്ഥിച്ചു.( യോനാ.2: 9) ഒരു ഒറ്റപ്പെടലിന്റെ അനുഭവം, ദൈവം യോനായുടെ അവസ്ഥ മാറ്റി തന്നെ രക്ഷിച്ചു. യോനയെ മത്സ്യം കരക്ക് ഛർദ്ദിച്ചു, നിനവെ പട്ടണത്തിന്റെ മാനസാന്തരത്തിന് യോനയെ ദൈവം ഉപയോഗിച്ചു.

പുതിയനിയമത്തിൽ മറ്റൊരു ഭാഗത്ത് അപ്പോസ്തോലനായ പൗലോസിനെ സുവിശേഷം നിമിത്തം ബന്ധനസ്ഥനാക്കി കപ്പലിൽ യാത്ര ചെയ്യുമ്പോൾ ഒരു കൊടുങ്കാറ്റ് വീശി. ഇതിനെക്കുറിച്ച് ദൈവാത്മാവ് പൗലോസിനെ നേരത്തെ വെളിപ്പെടുത്തി. എന്നാൽ ശതാധിപൻ പൗലോസിൻറെ വാക്ക് കേൾക്കാതെ കപ്പൽ ഉടമസ്ഥൻറെയും ക്യാപ്റ്റൻറെയും വാക്ക് വിശ്വസിച്ചു കപ്പൽ ഓടിക്കാൻ കൽപ്പിച്ചു. ഇത് കപ്പൽ അപകടം സംഭവിക്കുന്നതിന് കാരണമായിത്തീർന്നു. എങ്കിലും പൗലോസ് ദൈവത്തിൻറെ ആലോചന പങ്കുവെച്ച് ജനത്തിന് പ്രത്യാശ നൽകി ജീവനോടെ കരക്ക് അടുത്തു. ( പ്രവർത്തികൾ. 27)

ഭക്തന്മാർ എല്ലാവരും തന്നെ ജീവിതത്തിൽ ഒറ്റപ്പെടൽ നേരിട്ടിട്ടുണ്ട്. ആ സമയങ്ങളിൽ ദൈവസാന്നിധ്യം മനസ്സിലാക്കി ദൈവകൃപയിൽ ആശ്രയിച്ച് അതിനെ തരണം ചെയ്തു.
ഭക്തന്മാരായ, യോസേഫ്,കാരാഗ്രഹത്തിൽ കിടന്നു.. എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു. അവനു കൃപ നൽകി..യഹോവ അവനോടു കൂടെ ഉണ്ടായിരുന്നതിനാൽ അവൻ കൃതാർത്ഥനായി അവിടെ കിടന്നു. ഇയ്യോബ്, രോഗം നിമിത്തം ഒറ്റപ്പെട്ട ഭക്തൻ ആ നാളുകളിൽ പൊന്നുപോലെ പുറത്തുവന്നു ദൈവത്തെ മഹത്വപ്പെടുത്തി. ദാവീദ്, ശൗലിനെ പേടിച്ചു ഗുഹകളിൽ ഒളിച്ചു പാർത്തകാലം, ദൈവം അവനു കൃപ നൽകി ദൈവത്തിന്റെ ഹൃദയപ്രകാരമുള്ളവനാക്കി മാറ്റി. ദാനിയേൽ, പ്രമാണം നിമിത്തം സിംഹത്തിന്റെ ഗുഹയിൽ അകപ്പെട്ടുപോയ ഭക്തനെ ദൈവം സൂക്ഷിച്ചു.
പൗലോസ് സുവിശേഷം നിമിത്തം കാരാഗ്രഹത്തിലും കപ്പലിലും ദീർഘകാലം ഏകാന്തതയിൽ ജീവിച്ച ഭക്തൻ ആ സമയങ്ങളിലാണ് ലേഖനങ്ങൾ എഴുതുന്നത് കർത്താവിൽ എപ്പോഴും സന്തോഷിക്കുന്നതു എങ്ങനെയെന്ന് പൗലോസിലൂടെ ദൈവം കാണിച്ചു തരുന്നു. യോഹന്നാൻ, പത്മൊസ് ദ്വീപിൽ ഏകൻ ആയിത്തീർന്ന വേളകളിൽ ദൈവം അവനുമുൻപിൽ സ്വർഗത്തിന്റെ കവാടം തുറന്നു സ്വർഗീയ വെളിപ്പാട് യോഹന്നാൻ കാണുന്നു ..
ഈ കാലം നാം ഒറ്റക്കല്ല വാഗ്ദത്ത പ്രകാരം ദൈവം നമ്മോടൊപ്പമുണ്ട്. നമുക്ക് അവനിൽ ആശ്രയിക്കാം.

ഇന്ന് നാം ജീവിതത്തിൽ നേരിടുന്ന കൊടുങ്കാറ്റ് ഏത് രീതിയിലും ആകട്ടെ ദൈവം നമ്മോട് കൂടെയുണ്ട് അതിനെ നാം തരണം ചെയ്യുക തന്നെ ചെയ്യും. ദൈവത്തെ മാത്രം നമുക്ക് ശരണം വയ്ക്കാം. സങ്കീർത്തനം 118:14”.
എല്ലാത്തിന്റെയും അവസാനം അടുത്തിരിക്കുന്നു അതുകൊണ്ട് നമുക്ക് ആശ്രയിപ്പാൻ ഒരുവൻ മാത്രം “രക്ഷകനായ യേശു ക്രിസ്തു”.

പാസ്റ്റർ ഷൈബു മഠത്തിപ്പറമ്പിൽ, ദുബായ്

-ADVERTISEMENT-

You might also like