ശുഭദിന സന്ദേശം : പിളർപ്പും മറവും | ഡോ.സാബു പോൾ

”പാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ”(ഉത്ത.2:14).

ഉത്തമ ഗീതത്തിലെ എല്ലാ ഭാഗങ്ങളും അത്ര ഉത്തമമെന്ന് നമുക്ക് തോന്നുകയില്ല. എന്നാൽ അത്യുത്തമമായ ആത്മീയ ചിന്തകൾ അനാവരണം ചെയ്യുന്ന വാക്യശകലങ്ങളും ഇതിൽ ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുണ്ട്.

അങ്ങനെയുള്ളൊരു വാക്യമാണ് ഇന്നത്തേത്. ആത്മ മണവാളനും മണവാട്ടിയാം സഭയും തമ്മിലുള്ള ആത്മാർത്ഥ പ്രണയമാണ് ഉത്തമ ഗീതത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
കാവ്യമായതുകൊണ്ടുതന്നെ കാല്പനീകതയും അൽപ്പം അതിഭാവുകത്വവും ഇതിൽ നിറഞ്ഞു നിൽക്കുന്നുണ്ട്….

പ്രാണപ്രിയൻ തൻ്റെ പ്രേമഭാജനത്തെ പ്രാവിനോട് താരതമ്യം ചെയ്യുകയാണിവിടെ. പ്രാവിന് സ്വഭാവത്തിലും അവസ്ഥയിലും ചില പ്രത്യേകതകളുണ്ട്…
സ്വഭാവത്തിൽ നിഷ്കളങ്കയും നിരുപദ്രവകാരിയും, സൗമ്യയുമാണ് പ്രാവ്…..

അതിൻ്റെ അവസ്ഥ ബലഹീനതയാണ്, പീഢന വിധേയമാകുന്നതാണ്, തൻമൂലം എപ്പോഴും കുറുകുകയും (കരയുകയും) ചെയ്യുന്നതാണ്…..

…അതു കൊണ്ട് അഭയത്തിനായി പാറയുടെ പിളർപ്പ് കണ്ടെത്തുകയാണ് മലമ്പ്രാവ്….
പ്രാപ്പിടിയനിൽ നിന്ന് രക്ഷപ്പെടാൻ…
കൊടുങ്കാറ്റിൽ നിന്ന് രക്ഷനേടാൻ…..

അഭയത്തിനായി പാറയുടെ പിളർപ്പിലിരിക്കുന്ന പ്രാവിനോട് പ്രിയൻ പറയുന്നു: ”ഞാൻ നിൻ്റെ മുഖമൊന്ന് കാണട്ടെ.”
നിനക്ക് ധൈര്യത്തോടെ എൻെറ അടുക്കൽ വരാം. നിൻ്റെ പ്രാർത്ഥനയുടെയും ആരാധനയുടെയും ശബ്ദമെനിക്കിഷ്ടമാണ്….

മനുഷ്യൻ സാമൂഹ്യ ജീവിയാണ്. ഒറ്റപ്പെടൽ മനസ്സിനെ അസ്വസ്ഥമാക്കും. അതുകൊണ്ടാണ് കൊറോണ നിരീക്ഷണത്തിനിടെ ചിലർ രക്ഷപ്പെട്ട് ഓടിയത്.

പക്ഷേ, ദൈവസന്നിധിയിൽ വ്യക്തിപരമായി ഇരുന്ന് പ്രാർത്ഥിച്ച് പരിചയമുള്ള ഭക്തനെ ഏകാന്തത ഭയപ്പെടുത്തില്ല. കാരണം അവിടെയും അവൻ കാണുന്നത് ദൈവസാന്നിധ്യമാണ്.

പത്മോസിൻ്റെ വിജനതയിൽ യോഹന്നാൻ ഭയവിഹ്വലനായി എന്നല്ല ആത്മ വിവശനായി എന്നാണ് കാണുന്നത്. മറുരൂപമലയിൽ മഹിമ കണ്ടിട്ടുള്ള യോഹന്നാൻ അതിനെക്കാൾ പതിൻമടങ്ങ് ശോഭയേറിയ കർത്താവിനെ കണ്ടത് ഏകാന്തതയുടെ കടുന്തൂക്കിലാണ്.

പ്രിയമുള്ളവരേ,
ഈ പ്രതിസന്ധികൾ പ്രിയൻ്റെ സന്നിധിയോട് നമ്മെ കൂടുതൽ അടുപ്പിക്കട്ടെ.
അതേ, ഈ ആപത്തുകൾ ഒഴിഞ്ഞു പോകുവോളം ഞങ്ങൾ നിൻ്റെ ചിറകിൻ കീഴിൽ അഭയം പ്രാപിക്കും…..

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.