ശുഭദിന സന്ദേശം : കൂട്ടുകൂടാം കൂട്ടുവെട്ടാം | ഡോ.സാബു പോൾ

”…പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും. ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും”(യാക്കോ.4:7,8).

post watermark60x60

”എനിക്ക് രണ്ട് ഭാര്യമാരുണ്ട്. രണ്ട് സ്ഥലത്താണ് താമസിക്കുന്നത്. രണ്ടു പേരുടെയും അടുത്ത് പോകാൻ ഞാൻ എന്തു ചെയ്യണം….?”

UAE യിൽ ലോക്ക് ഡൗൺ നിയമങ്ങളെക്കുറിച്ച് മാർഗനിർദ്ദേശം ലൈവായി നൽകിക്കൊണ്ടിരുന്ന പൊലീസ് ഓഫീസർക്ക് ഈ ചോദ്യം കേട്ടപ്പോൾ ചിരിയടക്കാനായില്ല.

Download Our Android App | iOS App

മറുപടിയും രസകരമായിരുന്നു……

”എന്തായാലും യാത്ര നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. നിങ്ങൾക്ക് ഇഷ്ടക്കുറവുള്ള ഭാര്യയെ ഒഴിവാക്കാൻ പറയാവുന്ന ഏറ്റവും നല്ല ഒഴികഴിവാണ് ഈ ലോക്ക്ഡൗൺ.”

ഈ വാർത്ത വായിച്ചപ്പോൾ ചില ചിന്തകൾക്ക് ചിറകുവെച്ചു.
ഒഴിവാക്കേണ്ട പലതും ഒഴിവാക്കാനുള്ള സുവർണ്ണാവസരമല്ലേ ലോക്ക്ഡൗൺ…?

മദ്യാസക്തി മാറ്റാൻ ചികിത്സിക്കുന്നവർ പറയുന്നത് 21 ദിവസത്തേക്ക് മദ്യം കഴിക്കാതിരുന്നാൽ ആ വ്യക്തിയെ രക്ഷിക്കാനാവും എന്നാണ്. 21 ദിവസം തുടർച്ചയായി ചെയ്യുന്ന കാര്യം നമ്മുടെ ജീവിതചര്യയുടെ ഭാഗമായി തീരുമത്രെ…..!

പല മദ്യപാനികൾക്കും അതിൻ്റെ ദൂഷ്യവശങ്ങൾ നന്നായിട്ടറിയാം. പക്ഷേ, കുടിക്കാതിരിക്കാൻ കഴിയുന്നില്ലെന്നുള്ള നിസ്സഹായതയാണ് അവർ ന്യായീകരണമായി നിരത്തുന്നത്.

ലോക്ക് ഡൗൺ ഇപ്പോൾ 21 ദിവസത്തേക്കായിരുന്നല്ലൊ. രണ്ടാഴ്ച മദ്യം കഴിക്കാൻ കഴിയാതിരുന്നവർ ഒരാഴ്ച കൂടി പിടിച്ചു നിന്നാൽ വിമുക്തി നേടാൻ എളുപ്പമാണ്.

ലോക്ക് ഡൗൺ തീരുന്ന ദിവസം ഇത്രയും ദിവസം കുടിക്കാതിരുന്നതിൻ്റെ കേടു പോക്കി നന്നായി ആഘോഷിക്കണം എന്ന സ്വപ്നം മാറ്റി വെച്ചിട്ട് ‘ഈ നശിച്ച സ്വഭാവത്തിൽ നിന്ന് വിമുക്തി നേടാനുള്ള സുവർണ്ണാവസരമാണിത്. ഞാനിനി ഒരിക്കലും മദ്യപിക്കില്ല’ എന്ന ഉറച്ച തീരുമാനമെടുക്കുകയും, അതുമൂലം ഉണ്ടാകുന്ന നന്മകളുടെ നല്ല സ്വപ്നങ്ങൾ കാണുകയും വേണം….

മേൽപ്പറഞ്ഞത് ഒരു കാര്യം മാത്രം. എത്രയെത്ര ദു:സ്വഭാവങ്ങളെ ഷട്ട് ഡൗൺ ചെയ്തിരിക്കുകയാണ് ലോക്ക് ഡൗൺ…!

പുരുഷന്മാർക്ക് മദ്യപാനാസക്തി പോലെ സ്ത്രീകൾക്ക് സീരിയൽ ആസക്തിയാണ്. വലിച്ച് വലിച്ച് നീട്ടുന്ന സീരിയലുകൾ ഷൂട്ട് ചെയ്യാനാകാതെ വന്നതോടെ അതിൻ്റെ സംപ്രേഷണവും നിന്നുപോയെന്ന് കേൾക്കുന്നു. അങ്ങനെയെങ്കിൽ സീരിയൽ കില്ലർ ജോളിമാരെ സൃഷ്ടിക്കുന്ന ഫാക്ടറിയും തൽക്കാലത്തേക്ക് ഷട്ട് ഡൗൺ ചെയ്യപ്പെട്ടു.

എത്ര ക്രിസ്തീയ കുടുംബങ്ങളിലെ പ്രാർത്ഥനയാണ് സീരിയലുകൾ അപഹരിച്ചത്…?

പ്രായോഗികതക്ക് പ്രാധാന്യം നൽകുന്ന യാക്കോബ് അപ്പൊസ്തലൻ ക്രിസ്തീയ ജീവിതം കെട്ടിപ്പടുക്കാൻ അൽപ്പം കഷ്ടപ്പാട് സഹിക്കണമെന്നു തന്നെയാണ് ഉറപ്പിച്ചു പറയുന്നത്.

…പരീക്ഷകളെ സഹനത്താൽ ജയിക്കണം!
… അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിടണം!
…വചനം കൈക്കൊള്ളുകയും അതിൻ പ്രകാരം പ്രവർത്തിക്കുകയും വേണം!
…ദരിദ്രനെയും ധനവാനെയും ഒരു പോലെ കാണണം!
…വിശ്വാസത്തിൻ്റെ സത്പ്രവൃത്തികൾ സജീവമാകണം!
…നാവിനെ നിയന്ത്രിക്കണം!
…ശണ്ഠയും കലഹവും ലോക സ്നേഹവും ഒഴിവാക്കണം!
…കൂലി പിടിച്ചു വെക്കരുത്!

അതുകൊണ്ട് ഇന്നത്തെ വാക്യം പോലെ…..

പൈശാചികതയോട്, മൃഗീയതയോട്, ദു:സ്വഭാവങ്ങളോട് കൂട്ടുവെട്ടാം…..

ദൈവീകതയോട്, ആത്മീയതയോട്, സത് സ്വഭാവങ്ങളോട് കൂട്ടുകൂടാം……

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

You might also like