ചെറുചിന്ത: “ഭയപെടേണ്ടാ”, നാഥൻ നമ്മുടെ പടകിലുണ്ട് | ലിബിൻ മാത്യു

മാനവരാശിയുടെ ജീവിതത്തിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത സാഹചര്യങ്ങളെയാണ് നാം ഏവരും നേരിട്ട് കൊണ്ടിരിക്കുന്നത്. എത്ര ശക്തനായ വ്യക്തിയെ പോലും ഭയം കാർന്ന് തിന്നുന്നു. ഭയം കാരണം മനുഷ്യൻ സ്വന്തഭവനത്തിന് വെളിയിൽ പോലും ഇറങ്ങാൻ മടിച്ചിരിക്കുന്നു. എന്തും ബുദ്ധി കൊണ്ടും പണം കൊണ്ടും നേടാമെന്ന് അഹങ്കാരത്തോടെ ചിന്തിച്ചിരുന്ന മനുഷ്യൻ. എല്ലാത്തിനും ഉത്തരം ഉണ്ടെന്ന് പറഞ്ഞ ശാസ്ത്രം പോലും കൈമലർത്തുന്ന അവസ്ഥ. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ ജാതി, മത, വർണ, രാഷ്ട്ര ഭേദങ്ങളൊന്നുമില്ലാതെ ഈ മഹാമാരി എല്ലായിടത്തേക്കും പരന്ന് കഴിഞ്ഞു. എല്ലാവരും തങ്ങളുടെ പ്രാണഭയത്തിലായിരിക്കുന്നു.
ഒരിക്കൽ യേശു തൻ്റെ ശിഷ്യൻമാരുമായി കടലിനക്കരെക്ക് പോകുവാനിടയായി. കുറെ കഴിഞ്ഞപ്പോൾ ഒരു വലിയ ചുഴലിക്കാറ്റ് പടികനെതിരെ ആഞ്ഞടിച്ചു. പടകിൽ തിരതള്ളി കയറുക കൊണ്ട് അത് മുങ്ങുമാറായി. എന്നാൽ യേശു ആ പടകിൻ്റെ അമരത്ത് കിടന്നുറങ്ങുകയായിരുന്നു. ശിഷ്യന്മാർ യേശുവിനെ ഉണർത്തികൊണ്ട് ഇപ്രകാരം ചോദിച്ചു. നാഥാ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്ക് വിചാരം ഇല്ലയോ?

ദൈവമക്കളാകുന്ന നമ്മുടെ ജീവിതത്തിലും പലപ്പോഴും സമാനമായ പ്രശ്നങ്ങൾ കടന്ന് വരുമ്പോൾ നാമും ദൈവത്തോട് ശിഷ്യൻമാർ ചോദിച്ചത് പോലെ ചോദിക്കാറുണ്ട്.ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്ക് വിചാരം ഇല്ലയോ? ഇവിടെ ശിഷ്യന്മാരെ സംബന്ധിച്ചിടത്തോളം അവർ യേശുവിനോട് കൂടെ നടന്നവരാണ്. അല്ലെങ്കിൽ യേശു ചെയ്ത അത്ഭുതങ്ങളെല്ലാം അവർ നോക്കി കണ്ടവരാണ്. യേശുവിനാൽ സകലവും കഴിയും എന്ന് അവർ മറ്റുള്ളവരോട് പറഞ്ഞവരാണ്. എന്നാൽ അവരുടെ ജീവിതത്തിൽ മരണ തുല്യമായ പ്രശ്നം നേരിട്ടപ്പോൾ അവർ ഭയപ്പെട്ടു. മറ്റുള്ളവരോട് പ്രസംഗിച്ച് നടന്ന അവരുടെ വിശ്വാസം നഷ്ടപെട്ടു. എന്നാൽ ഈ പ്രശ്നങ്ങൾക്ക് നടുവിൽ യേശു എഴുന്നേറ്റു. കടലിനെ ശാസിച്ചു. കടലിൽ വലിയ ശാന്തത ഉണ്ടായി. കാറ്റും കടലും യേശുവിനെ അനുസരിക്കുന്നത് കണ്ടപ്പോൾ അവർ ആശ്ചര്യപെട്ടു. പർവ്വത സമാനമായ പ്രശ്നങ്ങൾ പലപ്പോഴും നമ്മുടെ ജീവിത പടകിന് നേരെ ആഞ്ഞടിക്കുമ്പോൾ നാം പതറിപോകാറുണ്ട്. എന്നാൽ ഈ പ്രശ്നങ്ങളുടെ നടുവിൽ പ്രതികൂലങ്ങളുടെയും പ്രയാസങ്ങളുടെയും നടുവിൽ നാം പ്രാണഭയത്തിലായിരുക്കുമ്പോൾ യേശു തൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട തൻ്റെ മക്കളോട് പറയുന്നു. നിങ്ങൾ ഭയപ്പെടേണ്ടാ. വിശ്വാസവും പ്രത്യാശയുമുള്ളവരായിപ്പിൻ. കാരണം നാഥൻ നമ്മുടെ പടകിലുണ്ട്.

നമ്മുടെ രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങളാകട്ടെ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളാവട്ടെ ഒരു കാര്യം മാത്രം ഓർപ്പിക്കുന്നു. സകലവും കർത്താവറിയുന്നു. നമ്മുടെ ജീവിതനൗകയിൽ യേശുവുണ്ട്.നാം തകർന്നു എന്ന് തോന്നുമ്പോൾ ജീവിതം ഇത് കൊണ്ടവസാനിച്ചു എന്ന് നമുക്ക് തോന്നുമ്പോൾ നമ്മുടെ പടകിന് നേരെ ആഞ്ഞടിക്കുന്ന കാറ്റിനോട് യേശുനാഥൻ കൽപ്പിക്കും, കാറ്റേ അടങ്ങുക, കടലേ ശാന്തമാവുക. നാം തകർന്ന് പോകുവാൻ ദൈവം സമ്മതിക്കുകയില്ല. ഒരിക്കൽകൂടെ ഭാരത ക്രൈസ്തവ സമൂഹത്തെ ദൈവം ഓർപ്പിക്കുന്നു. വിശ്വാസവും പ്രത്യാശയും ഉള്ളവരായിരിക്ക. കാരണം നാഥൻ നമ്മുടെ പടകിലുണ്ട്.

ലിബിൻ മാത്യു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.