ലേഖനം: വേണം നമുക്കും ദൈവകൃപ | ലിജി ജോണി മുംബൈ

“എൻ്റെ കൃപ നിനക്ക് മതി”… (2 കൊരിന്ത്യർ 12:9)
അപ്പോസ്തലനായ പൗലോസിൻ്റെ പ്രാർത്ഥനക്ക് കർത്താവ് കൊടുത്ത ഉത്തരമാണ് മുകളിലെ വാക്യശകലം. തൻ്റെ വിഷയത്തിനു
ക്രിസ്തുവിൻ്റെ ശക്തി ധാരാളമായി ലഭിക്കും എന്നോർത്തപ്പോൾ തനിക്കുള്ള പ്രശ്നങ്ങളെ അതി സന്തോഷത്തോടെ പൗലോസ് പ്രശംസിക്കാൻ ഇടയായി .പൗലോസിൻ്റെ മേൽ പകർന്ന ഈ കൃപയെ പറ്റി നാം ചിന്തിച്ചാൽ കൃപ പ്രാപിച്ച് ഉന്നതമായ ജീവിത വിജയം നേടിയവരെ വിശുദ്ധ വേദപുസ്തകത്തിൽ കാണാൻ സാധിക്കും.

ദൈവകൃപ വിവിധ വിധങ്ങളിൽ പ്രകടമാകുന്നു. ജീവിതത്തിൽ കടന്നു വരുന്ന പരിശോധനകൾ, പരീക്ഷണങ്ങൾ എല്ലാം വിജയകരമായി നേരിടുവാൻ ഉയരത്തിൽ നിന്നുള്ള കൃപയാൽ സാധിക്കും. നാം കൃപയുടെ ആഴവും ഗൗരവവും മനസിലാക്കി അതിൻ്റെ ആവശ്യകതയെയും പ്രത്യേകതയും അറിഞ്ഞു പ്രായോഗികമാക്കുമ്പോൾ
വലിയ ദൈവ പ്രവർത്തികൾ കാണാൻ സാധിക്കും.ദൈവീകപദ്ധതികൾക്കായി ഉപയോഗിച്ചവരിൽ എല്ലാം കൃപ പകർന്നതായി കാണാൻ സാധിക്കും.
പെട്ടകം പണിയുന്നതിനു മുൻപായി നോഹക്കും, ഇസ്രയേൽ ജനത്തെ നയിക്കുവാൻ തിരെഞ്ഞെടുത്തപ്പോൾ മോശെയ്ക്കും ദൈവത്തിൻ്റെ കൃപ ലഭിച്ചു. വിവാഹ നിശ്ചയം കഴിഞ്ഞ മറിയയെ സന്ദർശിച്ച ഗബ്രിയേൽ ദൂതൻ ആദ്യം അരുളിച്ചെയ്തതും കൃപ ലഭിച്ചു എന്നാണ്. ദൈവഹിതം തന്നിൽ നിറവേറട്ടേ എന്നു പറഞ്ഞ് തന്നെത്താൻ താഴ്ത്തി ഏൽപ്പിച്ചു കൊടുക്കുവാൻ മറിയക്ക് ബലവും ധൈര്യവും ലഭിച്ചതും കൃപയാൽതന്നെയാണ്. ആ കൃപ തൻ്റെ ജീവിതാന്ത്യം വരെ സകല പരീക്ഷണങ്ങളെ അതീജീവിക്കാൻ അവളെ പ്രാപ്തയാക്കി.
ഒരു സ്ത്രീയുടെ ജീവിതത്തിൽ സംഭവിക്കാത്തത് പലതുമാണ് മറിയക്ക് നേരിടേണ്ടി വന്നത്.മറിയ ഒരു സാധാരണ പെൺകുട്ടിയായിരുന്നു
യഹൂദ മര്യാദകൾ എല്ലാം അറിയുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്തവൾ
വിവാഹ നിശ്ചയവും കഴിഞ്ഞ ഏതൊരു പെൺകുട്ടിയെയും പോലെ ജീവിത സ്വപ്നകണ്ടു വിവാഹത്തിനായി ആഗ്രഹത്തോടെ കാത്തിരിക്കുന്നവൾ. ഇതിനിടയിൽ സ്വർഗ്ഗീയ ദൂതൻ അവളെ സന്ദർശിക്കുന്നതും ദൈവപ്രവർത്തികൾക്കായി അവളെ ഉപയോഗിക്കുവാൻ പോകുന്നതുമായ ദൂത് അറിയിക്കുന്നത്. കേട്ട ദൂത് ഏറ്റെടുത്താൽ
ഇപ്പോൾ ഈ നിമിഷം കൊണ്ട് ജീവിതം മാറിമറിയും.

യെഹുദ നിയമപ്രകാരം
പിഴച്ചവളെ കല്ലെറിഞ്ഞു കൊല്ലാം, എല്ലാവരാലും ഉപേക്ഷിക്കപ്പെടാം,
സ്വപ്നം കണ്ട വിവാഹ ജീവിതം ഇല്ലാതായേക്കാം, എല്ലാവരും വെറുക്കാം ഇതൊക്കെ ഒരു നിമിഷം മറിയ ഓർത്തു. എങ്കിലും അവൾ പതറിയില്ല, ഭയന്നില്ല. ദൈവ പ്രവർത്തിക്കായി ഏൽപ്പിച്ചു കൊടുത്തു.
എന്നാൽ യെഹൂദപെൺകുട്ടിയുടെ ജീവിതത്തിൽ ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒന്നും മറിയ നേരിട്ടില്ല ,തന്നെയുമല്ല വിവാഹം നിശ്ചയിച്ചവൻ ഉപേക്ഷിച്ചില്ല പകരം ദൈവത്തിൻ്റെ പദ്ധതിയുടെ ഭാഗമായി.
അതാണ് അസാധാരണ പ്രവർത്തിക്കൾക്കായി വ്യാപരിക്കുന്ന കൃപയുടെ ശക്തി .
പിന്നെയും മറിയ നേരിട്ടത് വലിയ പ്രശ്നങ്ങൾ തന്നെയായിരുന്നു.പ്രസവിക്കാൻ കാലം ആയപ്പോൾ പേരു ചാർത്താൻ വേണ്ടി അതിസാഹസികമായ ഒരു യാത്ര അതിനൊടുവിൽ എങ്ങും സ്ഥലം കിട്ടാതെയുള്ള പ്രസവം! കുഞ്ഞ് ജനിക്കുന്ന സമയം ജോസഫ് അല്ലാതെ കൂടെയാരുമില്ലായിരുന്നു. വല്ലാത്ത ഒരു അവസ്ഥ. കുഞ്ഞിനെ കിടത്താൻ വഴിയമ്പലത്തിൽ ഒരു സ്ഥലവും ലഭിച്ചില്ല .പീന്നിട് ഹെരോദാവ് മകനെ നശിപ്പിക്കുവാൻ ശ്രമിക്കുന്നു എന്നറിഞ്ഞപ്പോൾ മിസ്രയീമിലേക്ക് പലായനം ചെയ്യേണ്ടി വന്നു.മകൻ്റെ നേരേ പല ഘട്ടങ്ങളിലും ആക്ഷേപം കേൾക്കണ്ടതായി വന്നു (മർക്കോസ് 3:21). ചിത്തഭ്രമം ഉണ്ടെന്ന് വരെ ചാർച്ചക്കാർ പറഞ്ഞു.

ഇതിനെല്ലാം ഒടുവിൽ മകൻ്റെ മരണം അതും, ക്രൂശ് മരണം നേരിൽ കാണേണ്ടി വന്നു. ഒരു അമ്മ എന്ന നിലയിൽ താങ്ങുവാൻ കഴിയുന്നതിലേറേ പ്രയാസങ്ങൾ നേരിട്ടു. എന്നാൽ
പ്രാപിച്ച കൃപ എല്ലാറ്റിനെയും നേരിടാൻ അവളെ പ്രാപ്തയാക്കി.
പുതിയ നിയമ വിശ്വാസിയായ നാമോരോരുത്തരും ഇന്ന് കൃപയാലാണ് നിത്യതയുടെ അവകാശികൾ ആയത്. ദൈവം മനുഷ്യൻ്റെ മേൽ വെളിപ്പെടുത്തിയ അതുല്യ സ്നേഹം, അർഹതയില്ലാതെ ജീവപര്യന്തം മരണഭീതിയിൽ അടിമകളായവരെ യേശുക്രിസ്തു
മുഖാന്തിരം ദൈവം വീണ്ടെടുക്കുവാൻ കാരണമാക്കി. ക്രിസ്തുവിനെ സ്വീകരിക്കുന്നവർക്ക് ലഭിക്കുന്ന ശക്തിയും ദൈവസാന്നിധ്യവും അനുഗ്രഹവുമാണ് കൃപ !
നാമും ക്രിസ്തുവിലൂടെ “കൃപ മേൽ കൃപ” ലഭിച്ചവരാണ്.അതേ ക്രിസ്തു കൃപയുടെ ഉറവിടവും മറവിടവും ആകുന്നു.
എന്നാൽ നാം പ്രാപിച്ച കൃപ വ്യർത്ഥമാക്കാതിരിക്കുക.
ബലഹീനതയിൽ പൗലോസിനെ ബലപ്പെടുത്തിയ,
നോഹയ്ക്ക് പെട്ടകം പണിയാൻ, മോശെക്കു ഒരു വലിയ ജനതയെ മരുഭൂമിയിൽ നയികുവാൻ, ഒരു ആയുസ്സിൽ അനുഭവിച്ച വിവിധ പ്രശ്നങ്ങൾ ധൈര്യത്തോടെ നേരിട്ട മറിയയിൽ വ്യാപരിച്ച
അതേ കൃപ നമ്മിലും ദൈവം പകർന്നു തരുന്നു.
വിശ്വാസാത്താൽ കൃപ പ്രാപിച്ചു ജീവിത പ്രതിസന്ധികളെ തരണം ചെയ്ത് നമുക്കും നിത്യതയിൽ എത്താം.

ലിജി ജോണി മുംബൈ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.