ശുഭദിന സന്ദേശം : ബഹുജനം പലവിധം (2) | ഡോ.സാബു പോൾ

”രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ട് ”(മത്താ.18:20).

ലൈവ് സഭായോഗങ്ങൾ വചന വിരുദ്ധമാണോ എന്നതിനെക്കുറിച്ച് ഇന്നലെ നമ്മൾ ചിന്തിച്ചു. ഇന്ന് മറ്റ് അഭിപ്രായങ്ങൾ കൂടി പരിശോധിക്കാം…

▪️ലൈവ് സഭായോഗത്തിൽ ഒരു തെറ്റുമില്ല.

? ക്യാമറയ്ക്ക് മുമ്പിൽ പരിചയക്കുറവുള്ളവരും വെപ്രാളപ്പെടുന്നവരും ഇത് ചെയ്യാതിരിക്കുകയാണ് നല്ലത്. ക്യാമറയിലേയ്ക്ക് നോക്കി ആരാധിക്കുന്നത് ദൈവസന്നിധിയിലും മനുഷ്യരുടെ മുന്നിലും മാന്യവും യോഗ്യവുമല്ല.
മറ്റുള്ളവരും കൂടി കാണാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി വിവേകത്തോടെ സംസാരിക്കാനറിയില്ലെങ്കിൽ പ്രസംഗവും അപഹാസ്യമായേക്കാം.

▪️കാണുന്നവരെല്ലാം ലൈവിടുന്നത് വലിയ ശല്യമായിരിക്കുകയാണ്.

?മുകളിൽ ഇതിൻ്റെ ഉത്തരം വന്നു കഴിഞ്ഞു. ആയിരക്കണക്കിന് ദൈവദാസൻമാർ നമുക്കുണ്ടെങ്കിലും വളരെക്കുറച്ച് കൺവൻഷൻ പ്രസംഗകരാണുള്ളത്. പൊതുലോകത്തോട് സംസാരിക്കാൻ കഴിയും എന്നുറപ്പുള്ളവർക്കേ അത്തരം വേദികൾ നമ്മൾ നൽകാറുള്ളൂ. അതിനർത്ഥം സഭകളിൽ ശുശൂഷിക്കുന്നവർ മോശമാണെന്നാണോ….?
ഒരിക്കലുമല്ല…!
അവരവരെ ഏൽപ്പിച്ച ശുശ്രൂഷകൾ വിശ്വസ്തതയോടെ നിർവഹിക്കുക എന്നതു മാത്രമേ ദൈവം നോക്കുന്നുള്ളൂ. പക്ഷേ, സഭയ്ക്കകത്ത് മാത്രം പ്രസംഗിച്ചു പരിചയമുള്ളവരുടെ സന്ദേശം പൊതുവിൽ വരുമ്പോൾ അതിൻ്റേതായ ന്യൂനതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

▪️നിർബ്ബന്ധമാണെങ്കിൽ അവരവരുടെ ഗ്രൂപ്പിൽ ഇടട്ടെ.

? ഇത് തെറ്റായ ധാരണ കൊണ്ട് പറയുന്നതാണ്. വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ലൈവ് സന്ദേശമിടാനാവില്ല. ചുരുങ്ങിയ സമയത്തെ ഓഡിയോ സന്ദേശമേ കൊടുക്കാൻ കഴിയൂ. ഇപ്പോൾ zoom എന്ന ആപ്ലിക്കേഷനുണ്ട്. അതിൻ്റെ പ്രവർത്തന രീതി എല്ലാവർക്കുമറിയില്ല. സൗജന്യമായി 40 മിനിട്ടേ ഇത് ഉപയോഗിക്കാനാവൂ.അത് കഴിഞ്ഞ് വീണ്ടും അംഗങ്ങളെ ചേർക്കണം. അപ്പോൾ തടസ്സം കൂടാതെ ലൈവായി പ്രസംഗിക്കാൻ ഫെയ്സ് ബുക്ക് ലൈവ് മാത്രമാണ് എക പോംവഴി. അത് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യപ്പെട്ടു പോകുകയും ചെയ്യും.

▪️ലൈവ് സഭായോഗം വേണ്ട, സന്ദേശം മാത്രം നൽകിയാൽ മതി.

?എനിക്ക് കൂടുതൽ യോഗ്യമായി തോന്നിയത് ഇതാണ്. അതുകൊണ്ട് എൻ്റെ സഭയിലെ ദൈവമക്കൾ 10 മണിക്ക് പ്രാർത്ഥിച്ചാരംഭിച്ച് സഭായോഗത്തിലെ കാര്യങ്ങൾ ചെയ്യുകയും അവസാനത്തെ 40 മിനിട്ട് ഞാൻ സന്ദേശം നൽകുകയും ചെയ്യുന്നു. പൊതു ലോകവും കാണാൻ സാദ്ധ്യതയുണ്ടെന്ന ബോധ്യത്തോടെയാണ് പ്രസംഗിക്കുന്നത്.

എനിക്ക് കൂടുതൽ അഭികാമ്യമായി തോന്നുന്നത് ഇതാണെന്നതു കൊണ്ട് മറ്റെല്ലാറ്റിനെയും വിലകുറച്ച് കാണുന്നതുമില്ല.

▪️വിശ്വാസികൾ എല്ലാം സ്വയം ചെയ്തു പഠിക്കുന്നതല്ലേ നല്ലത്?

?സഭാംഗങ്ങൾ എല്ലാം സ്വയം ചെയ്യുമായിരുന്നെങ്കിൽ ഇടയശുശ്രൂഷയുടെ ആവശ്യമില്ലായിരുന്നു.
വചന പഠനത്തിനും ശുശ്രൂഷയ്ക്കും പ്രത്യേക വിളിയും നിയോഗവുമുള്ള ദൈവദാസൻമാർ എന്നത് വചനത്തിൻ്റെ വ്യവസ്ഥയാണ്. അതേ സമയം അങ്ങനെ താലന്തുകളുള്ള സഹോദരൻമാർ സഭയിലുണ്ടെന്നത് വിസ്മരിക്കുന്നില്ല.

എന്നാൽ ഇങ്ങനെ കാര്യങ്ങൾ ചെയ്യാൻ അറിയാത്തവരും ഇല്ലേ? അങ്ങനെയുള്ളവർക്ക് സഹായവും പ്രോത്സാഹനവുമാവില്ലേ ലൈവ് സഭായോഗങ്ങൾ? രണ്ട് ഞായറാഴ്ചകളിൽ പവർ വിഷനിലെ ‘വീട്ടിലെ സഭായോഗം’ വീക്ഷിക്കുവാനിടയായി. സ്വയമായി സഭാ യോഗം നടത്താൻ കഴിയാത്തവർക്ക് അത് വളരെ പ്രയോജനമാണെന്നാണ് എൻ്റെ അഭിപ്രായം.

പിന്നെ…
ഇതൊക്കെ അസഹ്യമായി തോന്നുന്നെങ്കിൽ കാണാതിരുന്നാൽ പോരേ…..?
കാണുന്നതിനൊക്കെ അഭിപ്രായങ്ങൾ പറയുന്ന നമ്മെ മറ്റുള്ളവരും സഹിക്കുന്നില്ലേ…..?

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.