ശുഭദിന സന്ദേശം : മുമ്പിലും പിമ്പിലും | ഡോ.സാബു പോൾ

”നീ മുമ്പും പിമ്പും എന്നെ അടെച്ചു നിന്റെ കൈ എന്റെമേൽ വെച്ചിരിക്കുന്നു”(സങ്കീ:139:5).

post watermark60x60

സ്വാതന്ത്ര്യം ഏറ്റവും വലിയ വരദാനമാണ്. കടിഞ്ഞാണുകളുടെ നിയന്ത്രണമില്ലാതെ സഞ്ചരിക്കണമെന്നും ആരെയും ഭയക്കാതെ ആശയ വിനിമയം നടത്തണമെന്നും ആരും ആഗ്രഹിക്കുന്ന കാര്യമാണ്.

പക്ഷേ…..
എവിടെയൊക്കെയോ അസ്വാതന്ത്ര്യത്തിൻ്റെ അലോസരങ്ങൾ അനുഭവിക്കേണ്ടി വരാറുണ്ട്.

Download Our Android App | iOS App

ആടുകളെ മേയിച്ചു കൊണ്ട് വനാന്തരത്തിൽ ദാവീദ് ആയിരുന്ന കാലഘട്ടങ്ങൾ….
കിന്നരം മീട്ടാനും സ്തുതിഗീതങ്ങൾ പാടാനും നൃത്തം ചെയ്യാനുമെല്ലാം സ്വാതന്ത്ര്യമുണ്ടായിരുന്നു. കുറ്റങ്ങൾ കണ്ടുപിടിച്ച് കളിയാക്കുന്നവരും കണ്ണുരുട്ടുന്നവരും ഉണ്ടായിരുന്നില്ല……

ചിരിച്ചുകൊണ്ട് ചതിവു ചെയ്യുന്നവരുണ്ടായിരുന്നില്ല……
ദൂഷണം പറഞ്ഞ് ഒറ്റിക്കൊടുക്കുന്നവരുണ്ടായിരുന്നില്ല….
ഇരയെ പിടിക്കാൻ ചാടി വരുന്ന സിംഹവും കരടിയുമൊക്കെയുണ്ടായിരുന്നു…..
അവയെ തകർക്കാനുള്ള ശക്തി അഭിഷിക്തൻ്റെ മേൽ ദൈവം പകർന്നിട്ടുമുണ്ടായിരുന്നു….!

എന്നാൽ പിന്നീട് ദാവീദ് അഭിമുഖീകരിച്ച പ്രശ്നങ്ങൾ പലതായിരുന്നു…
പ്രാണരക്ഷാർത്ഥമുള്ള പലായനങ്ങൾ…..
ഗുഹകൾക്കകത്ത് ഒളിച്ചു പാർക്കൽ…..
ശത്രുരാജ്യങ്ങളിൽ അഭയാർത്ഥിയായ അനുഭവങ്ങൾ……

ഓടി നടന്നു യുദ്ധം ചെയ്ത ദാവീദിൻ്റെ മുമ്പും പിമ്പും അടച്ച് ദൈവകരം മേൽ വെച്ചത്……
ഗഹ്വരങ്ങളിലും ശത്രുരാജ്യങ്ങളിലും നിയന്ത്രണത്തിൻ്റെ നൂൽവരകൾക്കകത്ത് ഒതുക്കി വെച്ചത്…..
അൽപ്പം അസഹ്യതയോടെയായിരിക്കാം അന്നവൻ സഹിച്ചത്.

പക്ഷേ……

വർഷങ്ങൾ പിന്നിട്ടപ്പോൾ ഭക്തൻ പറയുകയാണ് ‘ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാണ്’….
‘നിൻ്റെ വിചാരങ്ങൾ വലിയവയാണ്’…..

ദൈവമേ നിനക്ക് നന്ദി…..
ചിലപ്പോൾ എന്നെ നിശ്ചലമാക്കിയതിന്…
നിശ്ശബ്ദനാക്കിയതിന്…
നിരാലംബനാക്കിയതിന്…..
സമയത്തിനു മുമ്പെ സിംഹാസനം നൽകാത്തതിന്….

അപ്രതീക്ഷിതമായി അടിമത്തത്തിൻ്റെ ചങ്ങലക്കണ്ണികൾക്കകത്ത് കുരുക്കപ്പെട്ട യോസേഫ്……
പ്രാർത്ഥന കൊണ്ടോ, വിശ്വസ്തത കൊണ്ടോ പോത്തിഫേറിൻ്റെ ഭവനത്തിന് പ്രിയപ്പെട്ടവനായി. ഒരുപക്ഷേ, ഇനി ‘അപ്പനെ കാണാൻ ഒന്നു പൊയ്ക്കോട്ടേ’ എന്നു ചോദിച്ചാൽ ഒരു ലീവ് കിട്ടാനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്…..
അപ്പോഴാണ് പീഢനക്കേസിൽ പ്രതിയായി ഇരുമ്പഴികൾക്കകത്തായത്……
മുമ്പിലും പിമ്പിലും അടയ്ക്കപ്പെട്ടു…!

യോസഫേ….
നിന്നെ സഹോദരൻമാർ വിറ്റതല്ല. യഹോവ പ്രത്യേക ഉദേശ്യത്തോടെ അയച്ചതാണ്. ഈ കാരാഗൃഹാനുഭവം നിൻ്റെ ദർശനത്തിൻ്റെ പൂർത്തീകരണത്തിലേക്കുള്ള ചവിട്ടുപടിയാണ്.

പ്രിയ ദൈവപൈതലേ,
ചിലപ്പോഴൊക്കെ ദൈവം നിന്നെ pause ചെയ്യുന്നത് തകർക്കാനല്ല, പ്രത്യുത അവൻ്റെ പദ്ധതിയിലേക്ക് നയിക്കാനാണ്.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

You might also like