ഭാവന: വല്യപ്പച്ചന്റെ തുറന്ന കത്ത് | ദീന ജെയിംസ്, ആഗ്ര

പിതാവായ ദൈവത്താൽ സ്നേഹിക്കപെട്ടും അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ രക്തത്താൽ വിശുദ്ധികരിക്കപെട്ടിരിക്കുന്നവരുമായ പ്രിയമക്കൾക്കു സ്വർഗത്തിൽ നിന്നും സ്നേഹപൂർവ്വം നോഹവല്യപ്പച്ചന്റെ കത്ത്. നിങ്ങൾ എല്ലാവരും സുഖമായും ശുഭമായും ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ഭൂമിയിലെ വാർത്തകളൊക്കെ വളരെ ദുഃഖകരമാണെന്ന് അറിഞ്ഞു.വൈറസും ലോക്ക്ഡൌൺ ഒക്കെയായി ലോകജനത ഭീതിയിലാണ്‌ എന്നറിഞ്ഞപ്പോൾ വിഷമം തോന്നി. 21ദിവസം വീടിനുള്ളിൽ കഴിഞ്ഞുകൂടുക ദുഷ്കരം തന്നെ.ഇതൊക്കെ അറിഞ്ഞപ്പോൾ ഞാൻ എന്റെ ഭൂമിയിലെ ജീവിതം ഓർത്തുപോയി. എന്റെ തലമുറയിൽ നിഷ്കളങ്കനും നീതിമാനുമായി ജീവിക്കുവാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. നിങ്ങൾക്കറിയാമല്ലോ പെട്ടകം ഉണ്ടാക്കുവാൻ ദൈവം എന്നെ നിയോഗിച്ചു.മുഴുവൻ സമൂഹത്തിന്റെ പരിഹാസവിഷയമായി ഞാൻ മാറി.അതൊക്കെ സഹിക്കാമായിരുന്നു.

ഭാര്യയും മക്കളും എനിക്കെതിരായി മാറി. മഴ പെയ്യും എന്ന സത്യം അവർക്കുൾക്കൊള്ളുവാൻ സാധിച്ചിരുന്നില്ല. പെട്ടകം പണിയുവാനുള്ള ആരോഗ്യസ്ഥിതി ഇല്ലായിരുന്നുവെങ്കിലും യഹോവയായ ദൈവം ബലപ്പെടുത്തി എന്നുവേണം പറയാൻ, അന്നെന്റെ പ്രായം അറുന്നൂറിനടുത്തായിരുന്നു. അങ്ങനെ 300മുഴം നീളവും 50മുഴം വീതിയും 30മുഴം ഉയരവുമുള്ള പെട്ടകം ഉണ്ടാക്കി. ഭൂമിയിയിലെ സകലജീവജാലങ്ങളെയും ഈരണ്ടീരണ്ടായി പെട്ടകത്തിൽ കയറ്റി, വളരെ പ്രയാസമേറിയ കാര്യമായിരുന്നു. യഹോവയുടെ കൃപകൊണ്ട് അവയൊക്കെ എന്നെ അനുസരിച്ചു. ഏറ്റവും വിഷമമേറിയ കാര്യം വീട്ടുകാരെ കയറ്റുക എന്നതായിരുന്നു. ഭാര്യ കുടുംബശ്രീ സെക്രട്ടറിയും ഇളയമരുമകൾ ട്രഷററും ആയിരുന്നു. അതിന്റെ കാര്യങ്ങൾ ഒക്കെ ക്രമപെടുത്തിയിട്ടു കയറാമെന്നു അവർ വാശിപിടിച്ചു. ആണ്മക്കൾ കോപിച്ചു അവരുടെ അഭിമാനപ്രശ്നമാണ് എന്നൊക്കെ… ഏതായാലും ഒരുവിധം പെട്ടകത്തിൽ കയറ്റി, കാലുപിടിച്ചു എന്നുവേണം പറയാൻ… പലവിധ ആഹാരസാധങ്ങൾ, ക്രമീകരണങ്ങൾ, ഹോ, ഇന്ന് ഓർക്കുമ്പോൾ ആശ്ചര്യമായി തോന്നുന്നു. സമയാസമയങ്ങളിൽ ഓരോ ജീവികൾക്കും വേണ്ട ആഹാരം കരുതൽ. പെട്ടകത്തിനകത്തു ദിവസങ്ങൾ പോയതറിഞ്ഞില്ല.

ഭാര്യയുടെയും മക്കളുടെയും സ്ഥിതി മറിച്ചായിരുന്നു. ബോറടിമാറ്റാൻ ഇന്നത്തെ പോലെ ഇന്റർനെറ്റും സോഷ്യൽമീഡിയയും അന്നില്ലായിരുന്നല്ലോ. എപ്പോഴും അവരുടെ കുത്തുവാക്കുകൾ, അതൊന്നും എന്നെ തളർത്തിയില്ല. മനുഷ്യരേക്കാൾ അധികം ദൈവത്തെ അനുസരിക്കേണ്ടതാകുന്നു. 40രാവും പകലും പുറത്തു മഴപെയ്തു ജലപ്രളയത്താൽ നശിച്ചതൊന്നും ഞങ്ങൾ അറിഞ്ഞില്ല. ഇടയ്ക്കൊക്കെ പുറത്തെ സ്ഥിതി അറിയുവാൻ മനസ് വെമ്പൽകൊണ്ടു. എന്തുചെയ്യാൻ? ദൈവമല്ലേ വാതിൽ അടച്ചത്.. ദിവസങ്ങൾ, മാസങ്ങൾ നീണ്ടു.. പെട്ടകം അരാരത്തു പർവതത്തിൽ ഉറച്ചു. യഹോവയുടെ അരുളപ്പാട് പ്രകാരം ഞങ്ങൾ പുറത്തു വന്നു. പുറത്തിറങ്ങി സ്ഥിതി കണ്ടപ്പോൾ ഭാര്യക്കും മക്കൾക്കും എന്നെ കുറ്റപെടുത്തിയതിൽ പശ്ചാത്താപം… അയ്യോ.. പഴയകാര്യങ്ങൾ എഴുതി കത്ത് നീണ്ടുപോയെന്നു തോന്നുന്നു. നിങ്ങൾ വിഷമിക്കേണ്ട മക്കളെ, നിങ്ങൾ പാടാറില്ലേ “പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ പരിഹാരം എനിക്കായി കരുതീട്ടുണ്ട്..”അതെ, പരിഹാരം ദൈവം വരുത്തുമെന്നേ, നിങ്ങൾക്കറിയില്ലേ, ഏലീയാവിനോട് കെരീത്ത് തോട്ടിൽപോയി ഒളിച്ചിരിക്കാൻ പറഞ്ഞത്.

യെഹെസ്കേൽ പ്രവാചകനോട് പറഞ്ഞില്ലേ വീടിനകത്തു കതകു അടച്ചു പാർക്ക എന്ന്. പിന്നീട് യിസ്രായേലിന്റ അകൃത്യം വഹിച്ചു കയറുകൊണ്ട് കെട്ടപ്പെട്ടവനായി ഒരുവശം ചെരിഞ്ഞു അളവ് പ്രകാരം ആഹാരവും വെള്ളവും കൊണ്ട് ദിവസങ്ങൾ കഴിച്ചുകൂട്ടിയത്. എത്ര പ്രയാസമേറിയ കാര്യങ്ങൾ !!ഇതൊക്കെ ഓർത്താൽ ഇന്നത്തെ നിങ്ങളുടെലോക്ക്ഡൌണ് ഒന്നും ഒന്നുമല്ല!! കുഞ്ഞുങ്ങളേ,ഭാരപ്പെടേണ്ട,നിങ്ങൾ കാത്തിരിക്കുന്ന യേശുകർത്താവ് രാജാധിരാജാവായി വേഗം വരാറായി, നിങ്ങളെ ചേർപ്പാൻ… അതിനുള്ള ഒരുക്കങ്ങൾ ഇവിടെ പൂർത്തിയായികൊണ്ടിരിക്കുന്നു. നിങ്ങളും ഒരുങ്ങിക്കൊൾക… അപ്പോൾ സ്വർഗത്തിൽ വന്നിട്ട് നേരിൽ കാണാം !!! നിർത്തട്ടെ, സ്നേഹത്തോടെ,
നിങ്ങളുടെ, വല്യപ്പച്ചൻ നോഹ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.