ശുഭദിന സന്ദേശം : അത്ഭുതങ്ങൾ അടയാളങ്ങൾ (2) | ഡോ. സാബു പോൾ

”വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും…അവർക്കു സൌഖ്യം വരും എന്നു പറഞ്ഞു”(മർക്കൊ. 16:17,18).

▪️യഥാർത്ഥത്തിൽ എന്താണ് വചനത്തിലെ അത്ഭുതങ്ങളും അടയാളങ്ങളും…?
▪️എന്തായിരുന്നു അവയുടെ ലക്ഷ്യം….?

രണ്ട് ചോദ്യങ്ങൾ അവശേഷിപ്പിച്ചു കൊണ്ടാണ് ഇന്നലെ സന്ദേശം ഉപസംഹരിച്ചത്.

പ്രസ്തുത ചോദ്യത്തിലേക്ക് വരുന്നതിനു മുമ്പ് മറ്റൊരു കാര്യം…
മനുഷ്യൻ അഭിമുഖീകരിക്കുന്ന കെടുതികൾക്ക് കാരണമാരാണ്….?

1️⃣സത്യത്തിൻ്റെയും ധർമ്മത്തിൻ്റെയും അടിസ്ഥാനമായ ദൈവം അവയ്ക്കെതിരെ മനുഷ്യരാശി നീങ്ങുമ്പോൾ ശിക്ഷയായി ഇത്തരം പ്രശ്നങ്ങൾ നൽകാം.

ഉദാ: ആദാം – ഹൗവ്വമാരുടെ അനുസരണക്കേട് മൂലം ഭൂമി ശപിക്കപ്പെട്ടു….
ഹൃദയങ്ങൾ കപടവും വിഷമവുമുള്ളതായപ്പോൾ വെള്ളപ്പൊക്കം….
ജനത്തിൻ്റെ അകൃത്യം കാരണം സോദോം, ഗൊമോറ…….

2️⃣മോഷ്ടിപ്പാനും അറുപ്പാനും മുടിക്കാനുമായി എക്കാലവും ശ്രമിക്കുന്ന പിശാച് ഇത്തരം ദുരന്തങ്ങൾക്ക് പിന്നിലുണ്ടാവാം……

ഉദാ: ഇയ്യോബിൻ്റെ ജീവിതത്തിലെ കഷ്ടതകൾ…
കൂടാതെ പല തകർച്ചകളുടെയും കാരണമായ പാപത്തിലേക്കും ദുർമ്മാർഗ്ഗങ്ങളിലേക്കും മനുഷ്യനെ തള്ളിവിടുന്നതും പിശാചാണ്.

3️⃣മനുഷ്യൻ്റെ പ്രവൃത്തികൾ തന്നെ കാരണമാവാം…..

ഉദാ: ലോക മഹായുദ്ധങ്ങൾ, എൻഡോസൾഫാൻ ദുരന്തങ്ങൾ, പരിസ്ഥിതി നശീകരണത്തിൻ്റെ പ്രത്യാഘാതങ്ങൾ…..

മനുഷ്യൻ വരുത്തിവെയ്ക്കുന്ന വിനകൾക്കും അവസാനം കുറ്റം പറയുന്നത് ദൈവത്തെ…..

ഇനി അത്ഭുങ്ങളിലേക്ക് വരാം.

*എന്താണ് അത്ഭുതങ്ങൾ?*

അമാനുഷീക പ്രവൃത്തികളാണ് അത്ഭുതങ്ങൾ. മനുഷ്യന് സ്വാഭാവികമായി ചെയ്യാൻ കഴിയാത്തവ….
സമവീക്ഷണ സുവിശേഷങ്ങൾ dunamis എന്ന ഗ്രീക്കു പദം ഉപയോഗിച്ചു. അത്ഭുതങ്ങൾ *ശക്തി* വെളിപ്പെടുത്തുന്ന പ്രവൃത്തികളാണ്.

യോഹന്നാൻ semeion എന്ന മൂലവാക്കാണുപയോഗിച്ചത്. അത്ഭുതങ്ങൾ *അടയാളങ്ങൾ* കൂടിയാണ്.

അപ്പൊസ്തല പ്രവൃത്തികളിൽ teras എന്ന പദമാണുപയോഗിച്ചത്. *അത്ഭുതം* അഥവാ *വിസ്മയം* നൽകുന്നത് എന്നർത്ഥം.

*അത്ഭുതങ്ങളുടെ ലക്ഷ്യം*

അടയാളങ്ങളുടെ ലക്ഷ്യം യേശു ദൈവപുത്രനായ ക്രിസ്തു എന്ന് ജനം വിശ്വസിക്കുക എന്നതും അങ്ങനെ അവർ നിത്യജീവന് അവകാശികളാകുക എന്നതും ആയിരുന്നുവെന്ന് യോഹന്നാൻ രേഖപ്പെടുത്തുന്നു(യോഹ.20:30,31).

‘വരുവാനുള്ളവൻ നീ തന്നെയോ?’ എന്ന സന്ദേഹം സ്നാപക യോഹന്നാൻ പ്രകടിപ്പിച്ചപ്പോൾ യേശു കർത്താവ് വന്നവർ കണ്ട സൗഖ്യങ്ങൾ ചെന്ന് അറിയിക്കാനാണ് ആവശ്യപ്പെട്ടത്(മത്താ.11:4).

ചുരുക്കിപ്പറഞ്ഞാൽ സത്യദൈവം ആരെന്നും അവൻ്റെ വല്ലഭത്വം, ജനത്തോടുള്ള കരുണ, പിശാചിന് മേലുള്ള അധികാരം എന്നിവ എന്തെന്നും വെളിപ്പെടുത്തുക എന്നതും അങ്ങനെ സത്യ ദൈവത്തിങ്കലേക്ക് ജനത്തെ കൊണ്ടുവരിക എന്നതുമായിരുന്നു അത്ഭുതങ്ങളുടെ ആത്യന്തിക ലക്ഷ്യം.

പക്ഷേ, അത്ഭുതങ്ങൾക്കു പിന്നിൽ ഒരു നിബന്ധനയുണ്ടായിരുന്നു. യേശു ചോദിക്കുന്നു ‘വിശ്വസിക്കുന്നുവോ?’ അർത്ഥാൽ, ‘യേശുവിന് ഇത് ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നുവോ?’ കഴിയും എന്ന് വിശ്വസിക്കുന്നെങ്കിൽ അവനെ ദൈവമെന്ന് വിശ്വസിക്കുകയാണ്.

അപ്പോൾ അത്ഭുതങ്ങളുടെ ലക്ഷ്യം രണ്ടാണ്.
1. ക്രിസ്തുവിനെ ദൈവമെന്ന് അംഗീകരിച്ച് സ്വർഗ്ഗത്തിനവകാശികളാകാൻ….
2. ക്രിസ്തുവിൽ വിശ്വസിച്ച് അവൻ്റെ മക്കളായി തീർന്നവരോടുള്ള അവൻ്റെ കരുണയും സ്നേഹവും വെളിപ്പെടുത്താൻ….

അപ്പോഴും അറിയേണ്ട ഒരു യാഥാർത്ഥ്യം കൂടിയുണ്ട്.
10 ബാധകളിൽ യിസ്രായേലിനെ സംരക്ഷിച്ചവൻ…
ചെങ്കടൽ വിഭാഗിച്ചവൻ….
അഗ്നിസർപ്പത്തിൻ്റെ ദംശനത്തിൽ നിന്ന് വിടുവിച്ചവൻ…..
കുഷ്ഠരോഗികൾ ‘ക്വാറൻ്റെെൻ’ ചെയ്യണമെന്നാണാവശ്യപ്പെട്ടത്.
കുഷ്ഠരോഗത്തെ സൗഖ്യമാക്കാൻ തനിക്കു കഴിയുമെന്ന് യേശു തെളിയിച്ചു.
പക്ഷേ, രോഗത്തോടുള്ള ബന്ധത്തിൽ എപ്പോഴും അത്ഭുതങ്ങളല്ല, മനുഷ്യൻ ചെയ്യേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ടെന്ന് ദൈവം പഠിപ്പിക്കുന്നു…

അതുകൊണ്ട്…
എൻ്റെ ദൈവം അത്ഭുതങ്ങളുടെ ദൈവമെന്ന് ഞാൻ വിശ്വസിക്കുന്നു.
ചില സമയങ്ങളിൽ ഞാൻ ഉദ്ദേശിക്കുന്നതു പോലെയുള്ള അത്ഭുതങ്ങൾ അവിടുന്ന് ചെയ്തില്ലെങ്കിലും അവൻ എൻ്റെ ദൈവം തന്നെയാണ്…..

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.