ധ്യാന ചിന്ത: നാം ആരും പൂർണ്ണരല്ല | പാ. പ്രമോദ് കെ. സെബാസ്റ്റ്യന്‍

ചെറുതും വലുതുമായ നിരവധി കുറവുകൾ പരാജയങ്ങൾ പാപങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നിട്ടുണ്ട്.
ആ അനുഭവങ്ങൾ നമ്മുടെ മനസാക്ഷിക്ക്, മറ്റുള്ളവരോടുള്ള ബന്ധത്തിൽ, ദൈവത്തോടുള്ള ബന്ധത്തിൽ മുറിവായി, വേദനായി മാറാം.
ഒന്നിപ്പിക്കുന്ന , ക്ഷമിക്കുന്ന,കരുതുന്ന, സൗഖ്യം തരുന്ന ദൈവസ്നേഹം നമ്മുടെ ഹൃദയങ്ങളിൽ നിറയാൻ നമുക്ക് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.

ശലോമോൻ ദേവാലയം പണിതു ആരാധന ആരംഭിച്ച ദിവസം കേട്ട ദൈവശബ്ദം. ആ ദിനം സന്തോഷത്തിന്റെ ദിനമായിരുന്നു. ആ ദിനത്തിൽ തന്നെ ഒരു മുന്നറിയിപ്പ് നൽകുകയാണ്.

മഴ പെയ്യാതിരിക്കേണ്ടതിന് ഞാൻ ആകാശം അടെക്കുകയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന്നു വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ, എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൗഖ്യം വരുത്തിക്കൊടുക്കും.

ദൈവം തന്ന ഒരു മുന്നറിയിപ്പ്, മഹാമാരി ഉണ്ടായാൽ അത് വേറെ ഒരു വ്യക്തിയുടെ കുറവോ കുറ്റമോ എന്ന് കാണാതെ ആ നാമം നിമിത്തം മാനസാന്തരരപെട്ട നാം, രക്ഷ പ്രാപിച്ച നാം, ആത്മ നിറവ് പ്രാപിച്ച നാം, കൂട്ടായ്മ ആചരിക്കുന്ന നാം, ദൈവസന്നിധിയിൽ കടന്നുവരാം.നമുക്ക് താഴ്മ ധരിക്കാം.

“ദൈവം നിഗളികളോടു എതിർത്തുനില്‌ക്കുന്നു; താഴ്‌മയുള്ളവർക്കോ കൃപ നല്‌കുന്നു.” (1 പത്രോസ് 5:5).
നാം ഒരു സാമൂഹ്യജീവിയാണ്. നാനാതുറകളിലുള്ള വ്യക്തികളോട് നാം ഇടപെടേണ്ടതുണ്ട്. ഓരോ വ്യക്തിത്വത്തെയും ബഹുമാനിക്കാൻ നാം പരിശീലിക്കണം. ഓരോരുത്തരെയും നമ്മേക്കാൾ ശ്രേഷ്ഠമെന്ന് എണ്ണുവാൻ കഴിയണം . അപ്പോൾ ദുരഭിമാനവും അഹന്തയും നമ്മിൽ നിന്നും മാറി താഴ്മ ഒരു സ്വാഭാവിക ഗുണമായി നമ്മിൽ നിന്നും പുറപ്പെടും. മറ്റുള്ളവരുമായി നല്ല ബന്ധത്തിൽ തുടരുവാൻ താഴ്മ നമ്മളെ സഹായിക്കും.
നമ്മുടെ ഹൃദയം നമ്മോട് പറയട്ടെ താഴ്മ എന്റെ ജീവിതത്തിൻറെ ഭാഗമായി . നമ്മുടെ വാക്കും പ്രവർത്തിയും വിളിച്ചു പറയട്ടെ താഴ്മ എന്നിൽനിന്നു പുറപ്പെടുന്നു.

പ്രാർത്ഥനയും ദൈവത്തിൻറെ മുഖം അന്വേഷണവും ദിനചര്യയുടെ ഭാഗം ആകട്ടെ. അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ എന്നാണ് സങ്കീർത്തനം 104 ൽ കാണുന്നത്.
ദൈവം തിരഞ്ഞെടുത്ത ജനത്തോട് അവിടുത്തെ മുഖം മുഖം എപ്പോഴും അന്വേഷിക്കാനത്രെ ആവശ്യപ്പെടുന്നത്. ആ അന്വേഷണം അവിടുത്തെ വിശുദ്ധ സ്വഭാവം ഉൾക്കൊള്ളാൻ നമ്മെ സഹായിക്കുന്നു . അത് നമ്മുടെ മാനുഷിക തിന്മകളെയും ജഡ സ്വഭാവത്തെയും ഇല്ലായ്മ ചെയ്യുവാൻ സഹായിക്കും. മുഖം അന്വേഷിച്ചാൽ തിരുസന്നിധിയിൽ എത്തപ്പെട്ടു തിരുസന്തോഷം ഉൾക്കൊള്ളുവാൻ സാധിക്കും. പ്രാർത്ഥനയിൽ വളരും.
ജീവിത തിരക്കുകൾ മൂലം നഷ്ടപ്പെട്ട പ്രാർത്ഥനാ ശീലങ്ങൾ മടങ്ങി വരട്ടെ.എല്ലാ സായാഹ്നങ്ങളും കുടുംബ പ്രാർത്ഥന കളാൽ അനുഗ്രഹം ആകട്ടെ.

വചനത്തെ രാപകൽ ധ്യാനിക്കുന്നവർ ഭാഗ്യവാൻ. വചനത്തോട് പ്രിയം തോന്നി വചനം വായിച്ചു വചനത്തിൽ നടക്കുന്നവർ ആയിത്തീരുവാൻ നമ്മളെ തന്നെ സമർപ്പിക്കാം. വചനം കാലിനു ദീപവും പാതയ്ക്ക് പ്രകാശവും ആകട്ടെ. വചനം നമ്മെ സകല സത്യത്തിലും വഴി നടത്തട്ടെ.

നല്ലതല്ലാത്തതു എല്ലാം വിട്ടു തിരിയുവാൻ നമുക്ക് ആഗ്രഹിക്കാം.ദുർമാർഗ്ഗം എന്ന് ചിന്തിക്കുമ്പോൾ ദൈവത്തിനു പ്രസാദം ഇല്ലാത്തത് എല്ലാം. നമ്മുടെ ചുറ്റുമുള്ളവർക്ക് ഗുണകരമല്ലാത്തവയെല്ലാം. നമുക്ക് പ്രയോജനം ഇല്ലാത്തതെല്ലാം. അതെ ഉപേക്ഷിക്കേണ്ടത് എല്ലാം ഉപേക്ഷിക്കാൻ
നമ്മളെ തന്നെ സമർപ്പിക്കാം. ഒരുക്കാം .ശീലിക്കാം.

നമ്മുടെ ജീവിത ഉദ്ദേശം തെറ്റി നാം ചെയ്യുന്നതെന്തും പാപമാകുന്നു.പാപം ക്ഷമിക്കുന്ന ദൈവം ഉണ്ട്.
ക്ഷമ എന്നാൽ മാപ്പു നല്‍കുക, പൊറുക്കുക, പഴയത്‌ ഓര്‍ക്കാതിരിക്കുക എന്നൊക്കെയാണ്‌.
നാം പാപിയെങ്കിൽ നമ്മുടെ മനസ്സാക്ഷിക്ക് വേദനയുണ്ടാകും. നാം പാപിയെങ്കിൽ നാം നിമിത്തം മറ്റുള്ളവർക്ക് വേദനയുണ്ടാകും.
പാപം നമ്മെയും ദൈവത്തെയും തമ്മിൽ അകറ്റും.
നാമെല്ലാവരും ദൈവത്തിൽ നിന്ന്‌ ക്ഷമ പ്രാപിക്കേണ്ടവരാണെന്ന്‌ തിരുവചനം നമ്മെ പഠിപ്പിക്കുന്നു.
നാം പാപി ആണോ അല്ലയോയെന്നു നമുക്കു സ്വയം മനസ്സിലാക്കാം. പാപക്ഷമ തരുന്ന ഒരു ദൈവമുണ്ട്.

ദേശത്തിന് സൗഖ്യം നമ്മുടെ പക്കൽ ആകയാൽ നമുക്ക് ദൈവത്തോട് അടുക്കാം. ദൈവത്തിൻറെ ഹൃദയപ്രകാരം ഉള്ള മനുഷ്യൻ ആകാം. ദിവ്യ സ്വഭാവം ധരിച്ചവരാകാം. ആവശ്യങ്ങൾക്കായി യാചിക്കാം.നമുക്ക് പാപക്ഷമ ഉണ്ടാകുമ്പോൾ സൗഖ്യം പ്രാപിക്കുമ്പോൾ ദേശത്തിന് സൗഖ്യം വരും എന്നു വിശ്വസിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.