ശുഭദിന സന്ദേശം : അത്ഭുതങ്ങൾ അടയാളങ്ങൾ | ഡോ.സാബു പോൾ

”വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും…അവർക്കു സൌഖ്യം വരും എന്നു പറഞ്ഞു”(മർക്കൊ. 16:17,18).

കോവിഡ്-19 ധാരാളം ചോദ്യങ്ങൾ മനുഷ്യൻ്റെ മുമ്പിൽ ഉയർത്തി. അവയിൽ പലതും സമൂഹ മാധ്യമങ്ങളിൽ ഉന്നയിക്കപ്പെട്ടു.

ചോദ്യങ്ങൾ:
?വൈറസിനു മുമ്പിൽ അത്ഭുത പ്രവർത്തകർ ഓടിയൊളിച്ചില്ലേ?
?ദൈവങ്ങൾക്കും മതങ്ങൾക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തെളിഞ്ഞില്ലേ?
? ശാസ്ത്രത്തിനാണ് ശക്തി എന്ന് മനസ്സിലായില്ലേ?

മറുചോദ്യങ്ങൾ:
?ഈ വിപത്തിന് ശാസ്ത്രമല്ലേ ഉത്തരവാദി?
?ചെറിയ വൈറസിനു മുമ്പിൽ ശാസ്ത്രവും പകച്ചു നിൽക്കുകയല്ലേ?
?മരണം അനിയന്ത്രിതമായിട്ടും മരുന്നു കണ്ടു പിടിക്കാൻ ശാസ്ത്രത്തിനു കഴിഞ്ഞോ?
?യഥാർത്ഥത്തിൽ മനുഷ്യൻ്റെ പരിമിതിയല്ലേ ഈ രോഗം വെളിപ്പെടുത്തിയത്?

ആത്മീയരുടെ പ്രതികരണങ്ങൾ
? രോഗത്തെ ശാസിച്ച് ചിലർ സ്വയം അപഹാസ്യരായി…
? ഗവൺമെൻ്റ് അനുവാദം തരാത്തതുകൊണ്ടാണ് ആരാധന വേണ്ടെന്ന് വെച്ചത്, അല്ലാതെ ഭയം കൊണ്ടല്ല എന്ന ന്യായീകരണമാണ് മറ്റു ചിലർ ഉയർത്തിയത്…

ദൈവീക രോഗശാന്തിയെക്കുറിച്ചുള്ള സാക്ഷ്യങ്ങൾ പൊതു സമൂഹത്തിൽ കേൾക്കാൻ തുടങ്ങിയപ്പോൾ ചിലർ വർഷങ്ങൾക്കു മുമ്പ് നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു: “എന്നാൽ പിന്നെ ആശുപത്രികളുടെ ആവശ്യമില്ലല്ലോ. പ്രാർത്ഥിച്ചാൽ പോരെ?”

യേശുക്രിസ്തു അനേകരെ സൗഖ്യമാക്കി എന്നത് ചരിത്ര സത്യമായിരിക്കുമ്പോൾ തന്നെ പാലസ്തീനിലെ സകല രോഗികളും സൗഖ്യമായില്ലെന്ന് തിരിച്ചറിയണം. ബെഥെസ്ദാ കുളക്കരയിൽ വലിയൊരു കൂട്ടം രോഗികൾ ഉണ്ടായിരുന്നു(യോഹ. 5:3). 38 വർഷം കിടപ്പിലായിരുന്ന ദീനക്കാരനെ മാത്രമാണ് യേശു അവിടെ സൗഖ്യമാക്കിയത്.

യേശുക്രിസ്തുവിൻ്റെ മുമ്പിൽ യാദൃശ്ചികമായോ, സ്വയമായോ, മറ്റുള്ളവരാലോ എത്തപ്പെട്ടവർക്കാണ് സൗഖ്യങ്ങൾ ഉണ്ടായത്. ആ സൗഖ്യങ്ങൾക്കും ചില നിബന്ധനകളുണ്ടായിരുന്നു. അല്ലാതെ പാലസ്തീനിലുള്ള സകല രോഗികളും സൗഖ്യമാകട്ടെയെന്ന് യേശു കല്പിച്ചില്ല.

▪️യഥാർത്ഥത്തിൽ എന്താണ് വചനത്തിലെ അത്ഭുതങ്ങളും അടയാളങ്ങളും…?
▪️എന്തായിരുന്നു അവയുടെ ലക്ഷ്യം….?

ആദ്യം ഉത്തരം കണ്ടെത്തേണ്ടത് തൊട്ടു മുകളിലെ രണ്ട് ചോദ്യങ്ങൾക്കാണ്.
അവയ്ക്ക് ശരിയായ ഉത്തരം കിട്ടിയാൽ തുടക്കത്തിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്കെല്ലാം മറുപടിയാകും.

ദൈവം ഈ ഭൂമിയെയും മനുഷ്യനെയും ഡിസൈൻ ചെയ്തിരിക്കുന്നത് എന്നേക്കും നിലനിൽക്കേണ്ടതിനല്ല എന്ന് ഒന്നാമതായി മനസ്സിലാക്കുക…..

പ്രാർത്ഥിക്കുമ്പോഴൊക്കെ രോഗശാന്തി ലഭിക്കുമെങ്കിൽ മനുഷ്യന് മരണമേയുണ്ടാകില്ലല്ലോ. പക്ഷേ, മരണം വഴിയായി എല്ലാവരും ഭൂമിയിൽ നിന്ന് മാറ്റപ്പെടേണമെന്നതാണ് ദൈവ വ്യവസ്ഥ. അതുകൊണ്ട് അനേകരെ സൗഖ്യമാക്കാൻ ഉപയോഗിക്കപ്പെട്ട വ്യക്തിക്കും അവസാനം രോഗം പിടിപെടാൻ സാദ്ധ്യതയുണ്ട്. മരണത്തിനൊരു കാരണം വേണമല്ലോ.

ഏലിയാവിനെക്കാൾ ഇരട്ടി അത്ഭുതം ചെയ്ത എലീശ മരണകരമായ രോഗം പിടിപെട്ടാണ്(2 രാജാ.13:14) മരിച്ചത്(13:20).

ഒന്നുകിൽ, വചനത്തിലെ അത്ഭുതമെന്താണെന്ന്
ശരിയായി പഠിപ്പിക്കാൻ വചനം പ്രസംഗിക്കുന്നവർക്ക് കഴിഞ്ഞില്ല. അല്ലെങ്കിൽ, കേട്ടവർക്ക് അത് ശരിയായി മനസ്സിലായില്ല.
ഈ ലഘു സന്ദേശത്തിൽ ചിന്തകൾ പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ നാളെയും തുടരാം…

അവസാനിപ്പിക്കുന്നതിനു മുമ്പ് അസന്നിഗ്ദമായി പറയട്ടെ….
ഞാൻ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു…..!
പക്ഷേ, വചനപ്രകാരമുള്ള അത്ഭുതങ്ങളിൽ മാത്രം……!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.