ശുഭദിന സന്ദേശം : എടുത്തുചാട്ടം അടുത്തുനിൽപ്പ് | ഡോ.സാബു പോൾ

”പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യൻ പിൻചെല്ലുന്നതു കണ്ടു; അത്താഴത്തിൽ അവന്റെ നെഞ്ചോടു ചാഞ്ഞുകൊണ്ടു: കർത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവൻ ആർ എന്നു ചോദിച്ചതു ഇവൻ തന്നേ”(യോഹ.21:20).

post watermark60x60

അദ്ധ്യാപകർക്ക് തങ്ങൾ പഠിപ്പിക്കുന്ന കുട്ടികളോടുള്ള ബന്ധത്തിൽ വൈവിധ്യമാർന്ന അനുഭവങ്ങളുണ്ടാകും.

ഓരോ വിദ്യാർത്ഥിയും സ്വഭാവത്തിലും പ്രകൃതിയിലും നിസ്തുലരാണ്.
ഓരോ വിദ്യാർത്ഥിയുമായുള്ള അദ്ധ്യാപകൻ്റെ ബന്ധത്തിലും വ്യത്യസ്തതയുണ്ടാകും.

Download Our Android App | iOS App

ചില വിദ്യാർത്ഥികൾ അവരുടെ ചടുലതയും ഊർജ്ജസ്വലതയും കൊണ്ട് എപ്പോഴും പ്രസിദ്ധിയുടെ വെള്ളി വെളിച്ചത്തിൽ കുളിച്ച് നിൽക്കുന്നവരാണ്.
മറ്റു ചിലർ അവരുടെ ലോലവും ലജ്ജാലുത്വവുമുള്ള സ്വഭാവം മൂലം എപ്പോഴും മറഞ്ഞിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.
എന്നാൽ അദ്ധ്യാപകൻ ഓരോ വിദ്യാർത്ഥിയുടെയും അവസ്ഥയറിഞ്ഞ് ഇടപെടുന്നു.

അതേ സമയം, ചിലരോട് കൂടുതൽ അടുപ്പവും, ചിലരോട് സാധാരണ പോലുള്ള ബന്ധവും ചിലരോട് അൽപ്പം അകന്ന അനുഭവവുമായിരിക്കും അദ്ധ്യാപകനുണ്ടാകുക.

ചിലപ്പോൾ ഏറ്റവും വികൃതി
അല്ലെങ്കിൽ കുസൃതി ആയ കുട്ടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടെന്ന് വരാം.

ചിലപ്പോൾ ഏറ്റവും നിശ്ശബ്ദനായിരിക്കുന്ന വിദ്യാർത്ഥിക്ക് ഏറ്റവും ശ്രദ്ധയും കരുതലും ലഭിച്ചു എന്ന് വന്നേക്കാം.

യേശുവെന്ന ഏറ്റവും മഹാനായ ഗുരുവിനും പന്ത്രണ്ട് വിദ്യാർത്ഥികളുണ്ടായിരുന്നു. അവരുമായി നിസ്തുല്യമായൊരു ബന്ധം കർത്താവ് പുലർത്തിയിരുന്നുവെന്ന് നിസ്സംശയം പറയാം.
അതേ സമയം, പന്ത്രണ്ടു പേരിൽ മൂന്നു പേരോട് യേശുവിന് കൂടുതൽ അടുപ്പം ഉണ്ടായിരുന്നു.

ആ മൂന്നു പേരെ തമ്മിൽ താരതമ്യം ചെയ്താൽ അവരുടെ വ്യതിരിക്തത വെളിപ്പെടും.

പത്രോസ് എടുത്തു ചാട്ടത്തിൻ്റെ, ബഹളത്തിൻ്റെ, ചുറുചുറുക്കിൻ്റെ വ്യക്തിത്വം…..

യോഹന്നാൻ നിശ്ശബ്ദതയുടെ, സ്നേഹത്തിൻ്റെ പര്യായം.

യാക്കോബിനെക്കുറിച്ച് വിശേഷണങ്ങളൊന്നും തന്നെ സുവിശേഷങ്ങൾ അവശേഷിപ്പിക്കുന്നില്ല.
അപ്പൊസ്തലൻമാരിലെ ആദ്യ രക്തസാക്ഷിയാണെന്ന് മാത്രം എഴുതിയിട്ടുണ്ട്(അ.പ്രവൃ.12:1).

ഈ മൂന്നു പേരിലെ വ്യത്യസ്തതകൾ…..

പത്രോസ് എടുത്തു ചാട്ടക്കാരൻ, യോഹന്നാൻ ശാന്തനായി മാർവ്വോട് ചാരിയിരിക്കുന്നവൻ…..

യോഹന്നാൻ ഏറ്റവും കൂടുതൽ ജീവിച്ചിരുന്നവൻ, യാക്കോബ് ഏറ്റവും കുറച്ചു ജീവിച്ചയാൾ…..

പത്രോസ് എല്ലാറ്റിനും മറുപടി പറയുന്നവൻ, യോഹന്നാൻ യേശുവിനോട് ചോദ്യം ചോദിച്ചവൻ……..

ഒരു ചോദ്യം കൂടി…..

ഗുരു ചോദിക്കുന്നതിന് മറുപടി പറയുന്നവനാണോ, ഗുരുവിനോട് പോലും ചോദ്യം ചോദിക്കുന്നവനാണോ ശ്രേഷ്ഠൻ…..?

ഇനി പ്രധാന ചിന്തയിലേക്ക് വരാം. ‘യേശു സ്നേഹിച്ച ശിഷ്യൻ’ എന്ന വിശേഷണമാണ് യോഹന്നാനുള്ളത്. അതുകൊണ്ടായിരിക്കാം ‘നിങ്ങളിലൊരാൾ എന്നെ കാണിച്ചു കൊടുക്കും’ എന്ന് യേശു പറഞ്ഞപ്പോൾ ‘അതാരാണ്’ എന്ന് ചോദിക്കാൻ പത്രോസ് യോഹന്നാനോട് ആംഗ്യം കാട്ടിയത്.

എന്തുകൊണ്ടായിരിക്കാം യോഹന്നാനെ യേശു കൂടുതൽ സ്നേഹിച്ചത്….?

യോഹന്നാൻ പോലും അതിൻ്റെ കാരണങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നു. അതിനാൽ ചില കണക്കുകൂട്ടലുകൾക്കേ സാധ്യതയുള്ളൂ.

ഒരു അധ്യാപകൻ ഏറ്റവും ഇഷ്ടപ്പെടുന്ന വിദ്യാർത്ഥി ആരായിരിക്കും…?
….ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നയാൾ!
…നന്നായി അനുസരിക്കുന്ന വ്യക്തി!
…പഠിപ്പിച്ച കാര്യങ്ങൾ ജീവിതത്തിൽ പ്രായോഗികമാക്കുന്നവൻ!

യോഹന്നാനും അങ്ങനെയായിരുന്നു….
സ്നേഹം പ്രദർശിപ്പിക്കാൻ ലോകത്തിലേക്ക് വന്ന ഗുരുവിൻ്റെ സ്നേഹം പഠിക്കുകയും ഏറ്റെടുക്കുകയും പഠിപ്പിക്കുകയും ചെയ്ത വ്യക്തി….

പ്രിയമുള്ളവരേ,

നമ്മുടെ മാർക്കിൻ്റെ, അനുസരണത്തിൻ്റെ നിലവാരമെന്താണ്?
ഗുരുവിൻ്റെ പ്രിയശിഷ്യരാകാൻ സമർപ്പിക്കാം.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

You might also like