ശുഭദിന സന്ദേശം : അയവിറക്കുക അവകാശമാക്കുക | ഡോ.സാബു പോൾ

”…യിസ്രായേലേ, ഞാൻ ഇന്നു നിങ്ങളെ കേൾപ്പിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പിൻ; അവയെ പഠിക്കയും പ്രമാണിച്ചനുസരിക്കയും ചെയ്‍വിൻ”(ആവ.5:1).

ഇത് പ്രചോദന പ്രസംഗ കരുടെ(Motivational Speakers) കാലമാണ്. കൈകാലുകളില്ലാത്ത നിക്ക് വുജിഡിസ് അസാദ്ധ്യമെന്നു തോന്നുന്ന പല കാര്യങ്ങളും ചെയ്ത് അനേകരെ പ്രചോദിപ്പിച്ച വ്യക്തിയാണ്.

ഇപ്പോൾ ബ്രസീലുകാരനായ ക്ളൗഡിയോ വിയറായെക്കുറിച്ച് നാം കേൾക്കുന്നു. ജന്മനാ 180 ഡിഗ്രി തലതിരിഞ്ഞിരുന്ന വ്യക്തി ഒരു കമ്പനിയിൽ അക്കൗണ്ടൻ്റായി ജോലി ചെയ്യുകയും അനേക രാജ്യങ്ങൾ സന്ദർശിച്ച് യുവാക്കളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

ഇന്നത്തെ വേദഭാഗത്തിൽ വന്ദ്യവയോധികനായ ഒരു വ്യക്തി യുവാക്കൾക്ക് മോട്ടിവേഷൻ ക്ലാസ്സ് നൽകുകയാണ്…..

ശ്രോതാക്കളുടെ കൂട്ടത്തിൽ പ്രായമുള്ളവരായി കാലേബും യോശുവയും മാത്രമാണുള്ളത്. ബാക്കിയെല്ലാവരും യൗവ്വനക്കാർ…..

ഇന്നലെകളിലെ സംഭവ വികാസങ്ങൾ അയവിറക്കുകയാണ് മോശ. ജീവിതത്തിൽ അപ്രതീക്ഷിതമായി വരുന്ന കാര്യങ്ങളെ അഭിമുഖീകരിക്കുമ്പോഴുള്ള മനോഭാവവും, പിന്നീടവയെ തിരിഞ്ഞു നോക്കുമ്പോഴുള്ള മനോഭാവവും വ്യത്യസ്തമായിരിക്കും. എന്തുകൊണ്ടാണ് ഓരോ സംഭവങ്ങളും ഉണ്ടായത് എന്നതിനുത്തരം കിട്ടിയ വൃദ്ധൻ പക്വതയോടെയാണ് അവയെ വീക്ഷിക്കുന്നതും പറഞ്ഞു കൊടുക്കുന്നതും.

അന്ന് ഈ സംഭവ വികാസങ്ങളുടെ ഭാഗമായിരുന്നെങ്കിലും കാര്യങ്ങൾ ഗ്രഹിക്കാനുള്ള പ്രായമില്ലാത്തവരായിരുന്നു ഇപ്പോൾ മോശയുടെ മുന്നിൽ നിൽക്കുന്നവരിൽ ബഹുഭൂരിപക്ഷവും.

പണ്ടൊരിക്കൽ വാഗ്ദത്ത നാടിൻ്റെ പടിവാതിൽക്കൽ എത്തിയിട്ടാണ് ഒറ്റുനോട്ടക്കാരുടെ വാക്കുകൾ കേട്ട് ജനം നിരാശിതരായി തിരിച്ചു പോകാൻ തീരുമാനിച്ചതും ദൈവകോപം പ്രയാണത്തെ ദീർഘമാക്കിയതും.

ഇപ്പോൾ വീണ്ടും വാഗ്ദത്ത നാടിൻ്റെ പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. മല്ലൻമാരായ ആളുകൾ ഇന്നുമവിടെയുണ്ട്. പക്ഷേ, ഇവിടെ നിൽക്കുന്ന ജനം ധൈര്യശാലികളും വിശ്വാസവീരൻമാരുമായാൽ വാഗ്ദത്ത ഭൂമി കാൽക്കീഴിൽ ആകുമെന്ന് മോശക്കുറപ്പുണ്ട്.

പ്രിയമുള്ളവരേ,
ഇന്നലെകളിൽ കൈകളിലെത്തി എന്നു തോന്നുന്ന ചിലതൊക്കെ നഷ്ടമായിട്ടുണ്ടോ…..?
തിരിഞ്ഞു നോക്കിയപ്പോൾ കാരണങ്ങൾ തിരിച്ചറിഞ്ഞോ…..?
വീണ്ടും നഷ്ടമായെന്ന് തോന്നിയത് അടുത്ത് വരുന്നുണ്ടോ…..?
ധൈര്യത്തോടെ, വിശ്വാസത്തോടെ മുന്നോട്ടു പോകുക…!
വാഗ്ദത്തം അവകാശമാക്കുക..!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.