ശുഭദിന സന്ദേശം : നിശ്ശബ്ദമാക്കപ്പെട്ട നീതിയുടെശബ്ദം | ഡോ.സാബു പോൾ

”കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു”(യോഹ.1:23).

”യഥാർത്ഥത്തിൽ ആരാണ് താങ്കൾ….? ക്രിസ്തുവാണോ….?”
”അല്ല!”
”പിന്നെ, ഏലിയാവാണോ…..?”
”അല്ല!”
”വരുമെന്ന് പറഞ്ഞ ആ പ്രവാചകനാണോ….?”
“ഒരിക്കലുമല്ല!”
”പിന്നെ താങ്കൾ ആരാണ്…? ഞങ്ങളെ അയച്ചവരോട് എന്തെങ്കിലും മറുപടി ഞങ്ങൾ പറയണമല്ലോ.”
”ഞാൻ…. വെറുമൊരു ശബ്ദം മാത്രം…..!”

ആ ശബ്ദം വളരെ ശക്തമായിരുന്നു!
ആ ശബ്ദം ഒത്തിരി പേരെ രൂപാന്തരപ്പെടുത്തി!
ആ ശബ്ദം പലർക്കും പ്രത്യാശ പകർന്നു!

…എന്നാൽ ചിലരിൽ ആ ശബ്ദം അലോസരമുണ്ടാക്കി.
…ചിലരുടെ ഉറക്കം കെടുത്തി.
…ചിലരിൽ കോപവും വൈരാഗ്യവും ജനിപ്പിച്ചു.

അതുകൊണ്ട്….
ആ ശബ്ദത്തെ അവർ ഇല്ലാതാക്കി…..!

ആ ശബ്ദം സ്നാപക യോഹന്നാൻ ആയിരുന്നു……
ഉറച്ച ശബ്ദത്തോടെ, മുഖം നോക്കാതെ സത്യം പറഞ്ഞ സ്നാപകൻ…….

വ്യത്യസ്ത വധങ്ങൾ ലോകത്തിൽ നടന്നിട്ടുണ്ട്. അവയിൽ ചിലത് വളരെ ക്രൂരവും പൈശാചികവുമായിരുന്നു.
യോഹന്നാൻ്റെ വധവും അത്തരമൊരു ക്രൂരതയുടെ ബാക്കിപത്രമായിരുന്നു.

സ്നാപക യോഹന്നാന് ദൈവം നൽകിയത് ഒരു പ്രവാചക ശുശ്രൂഷയായിരുന്നു. ജനത്തെ പാപത്തിൽ നിന്നും മടക്കി വരുത്തേണ്ട ശുശ്രൂഷ. തെറ്റിനെതിരെ ശബ്ദമുയർത്തേണ്ട ശുശ്രൂഷ.

രാജാവായ ഹെരോദാവിൻ്റെയും ഹെരോദ്യയുടെയും അവിശുദ്ധ ബന്ധത്തിനെതിരെ ആ ശബ്ദമുയർന്നു.
ഹെരോദാവ് ഒരു ക്രൂരനായ ഭരണാധികാരിയായിരുന്നെങ്കിൽ പോലും ജനം പ്രവാചകൻ എന്നംഗീകരിച്ച ഒരുവനെ വധിക്കാൻ ധൈര്യപ്പെട്ടില്ല.
എന്നാൽ ഹെരോദ്യയെന്ന കുടില സ്ത്രീ സത്യത്തെ വെറുത്തു. ധാർമ്മികതയുടെ ദർപ്പണം തൻ്റെ മുമ്പിൽ പിടിച്ച യോഹന്നാൻ സ്നാപകനെ വെറുത്തു.

ശിക്ഷ വിധിക്കാൻ അവൾക്ക് അധികാരമില്ലാത്തതിനാൽ ഹെരോദാവിനെക്കൊണ്ടത് ചെയ്യിച്ചു. മകളുടെ ജന്മ ദിനത്തിൻ്റെ ആഘോഷ ദിവസം അതിക്രൂരമായ ഒരു കൊലപാതകം നടപ്പിലാക്കി.
ആ ശിരസ്സ് ഛേദിക്കപ്പെട്ടു…..!
ആ നാവുകൾ നിശ്ചലമായി…..!!

സത്യത്തെ നിശ്ചലമാക്കാനാണ് പലപ്പോഴും ഭരണാധികാരികൾ ശ്രമിക്കുന്നത്. ആയിരം നുണകൾ ആവർത്തിച്ചുരുവിട്ട് അതിനെ സത്യമാക്കാൻ പരിശ്രമിക്കുന്നവർക്ക് സത്യത്തെ ഭയമാണ്. അധികാരം ഉപയോഗിച്ച് അവർ സത്യത്തെ ഇല്ലാതാക്കുന്നു. ഉന്നത ന്യായപീoങ്ങളെപ്പോലും അതിനായി ഉപയോഗിക്കുന്നു.

ദൈവസഭയിലും സത്യം തമസ്ക്കരിക്കപ്പെടുന്നുണ്ടോ…?
സമാധാനകാംക്ഷികളായി സമൂഹത്തിൽ ജീവിക്കാനാഗ്രഹിക്കുന്നവരുടെ ശബ്ദത്തെ മതഭ്രാന്തൻമാർ നിശ്ശബ്ദമാക്കുന്നുണ്ടോ…?
നീതിക്കുവേണ്ടിയുള്ള പരിദേവനങ്ങളെ ഭരണാധികാരികൾ അവഗണിക്കുന്നുണ്ടോ…?

യോഹന്നാൻ സ്നാപകന് സത്യത്തിന് വേണ്ടി ജീവൻ വെടിയാൻ മടിയില്ലായിരുന്നു.
സ്വയരക്ഷയ്ക്കായി വ്യാജമായതിനോട് ചേർന്ന് നിൽക്കുന്നതിനെക്കാൾ സത്യത്തിനായി വില കൊടുക്കുന്നത് ശ്രേഷ്ഠമായി അദ്ദേഹം കരുതി.

തുരുമ്പുപിടിച്ച് ദ്രവിച്ചു പോകുന്നതിനെക്കാൾ എത്ര ഉത്തമമാണ് ഒരു യന്ത്രത്തിൻ്റെ ഭാഗമായി, ഫലപ്രദമായി ഉരഞ്ഞുരഞ്ഞ് അവസാനിക്കുന്നത്!

താൻ ഇല്ലാതാക്കിയത് സത്യത്തിൻ്റെ മാറ്റൊലി മാത്രമായിരുന്നു എന്ന് ഹെരോദാവറിഞ്ഞില്ല. ‘സത്യമായവൻ’ അവൻ്റെ പിന്നാലെ വന്നു.

പ്രിയമുള്ളവരേ,
ആഘോഷവേളകൾ ആക്രമണ സന്ദർഭങ്ങ ളാക്കി മാറ്റുന്നവർ സത്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചാലും നീതിയോടെ ന്യായം വിധിക്കുന്നവൻ ഉയരത്തിലുണ്ടെന്നറിയുക.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.