ശുഭദിന സന്ദേശം : ഐഹിക രാജ്യം ആത്മീയ രാജ്യം | ഡോ. സാബു പോൾ

”അവൻ ചിലരെ അപ്പൊസ്തലന്മാരായും… സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും… നിയമിച്ചിരിക്കുന്നു”(എ ഫെ.4:11).

”ഇന്ന് പാസ്റ്റർമാർ പോലും അവരുടെ മക്കളെ സുവിശേഷ വേലക്കായി വിടുന്നില്ല…!”

സുപ്രസിദ്ധനായ ഒരു ആത്മീയ നേതാവ് പല വേദികളിൽ സംസാരിച്ചിട്ടുള്ള ഒരു കാര്യമാണിത്.

സ്വാഭാവികമായ ഒരു സംശയം……

സുവിശേഷ വേല കുലത്തൊഴിലാണോ….?

പണ്ട് നമ്മുടെ രാജ്യത്ത് കുലത്തൊഴിലുകൾ ഉണ്ടായിരുന്നു.
…ആശാരിയുടെ മകൻ ആശാരി.
…കൊല്ലൻ്റെ മകൻ കൊല്ലൻ.
…തട്ടാൻ്റെ മകൻ തട്ടാൻ.
…ബാർബറുടെ മകൻ ബാർബർ.

കുലത്തൊഴിലിന് അതിൻ്റേതായ ഗുണദോഷങ്ങളുണ്ട്. പ്രധാനപ്പെട്ട ഓരോന്ന് മാത്രം പറയാം.

ഗുണം – ബാല്യത്തിൽ തന്നെ പിതാവിൽ നിന്നും കുലത്തൊഴിൽ പഠിക്കുന്നതിനാൽ അതിൽ പ്രാവീണ്യം നേടാൻ കഴിയുന്നു.
ദോഷം – അഭിരുചി മറ്റൊരു തൊഴിലിനോടാണെങ്കിലും അനുവാദമില്ലാത്തതിനാൽ അനിഷ്ടത്തോടെ കുലത്തൊഴിലിൽ തുടരേണ്ടതായി വരുന്നു.

ക്രൈസ്തവ സാക്ഷ്യം പുലർത്തി ജീവിക്കുക എന്ന ഉത്തരവാദിത്തം എല്ലാ ദൈവമക്കൾക്കുമുണ്ടെങ്കിലും, സുവിശേഷ വേലയ്ക്കുള്ള പ്രത്യേക വിളിയും നിയോഗവുമുള്ളവരെക്കുറിച്ച് പുതിയ നിയമം പരാമർശിക്കുന്നുണ്ട്.

അവരെ വിളിക്കുന്നതും വേർതിരിക്കുന്നതും ദൈവമാണ്. അല്ലാതെ പിതാക്കന്മാർ ചെയ്തു വന്നത് മക്കൾ തുടരുകയല്ല. ദൈവവിളി വ്യത്യസ്ത നിലയിൽ വ്യക്തികളിലോ അവരുടെ മാതാപിതാക്കളിലോ വെളിപ്പെടുമ്പോഴാണ് വേലയ്ക്കായി അവർ സമർപ്പിക്കുന്നത്.

പത്രോസിൻ്റെയും മറ്റ് അപ്പൊസ്തലന്മാരുടെയും മക്കൾ ആരും അപ്പൊസ്തലീക ശുശ്രൂഷ ചെയ്തിട്ടില്ല.

പൗലോസിൻ്റെ പിതാവ് അപ്പൊസ്തലനായിരുന്നതുകൊണ്ടല്ല പൗലോസ് അപ്പൊസ്തലനായത്….

ഇടയൻ മക്കളെ പൂർണ്ണ ഗൗരവത്തോടെ അനുസരണത്തിൽ പാലിക്കണമെന്ന്(1 തിമൊ.3:4) പറയുന്നെങ്കിലും മക്കളെയും ഇടയൻമാരാക്കണമെന്നോ, അതിനായി സമർപ്പിക്കണമെന്നോ വ്യവസ്ഥയില്ല. കാരണം വളരെ വ്യക്തമാണ്. തൻ്റെ രാജ്യത്തിൻ്റെ പ്രവൃത്തികൾക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്നത് ദൈവമാണ്.

പഴയ നിയമം പഠിക്കുമ്പോൾ രാജാവിൻ്റെ മകൻ രാജാവാകുന്നതായി കാണാം. പുരോഹിത ശുശ്രുഷ അഹരോന്യ കുടുംബത്തെ ദൈവം ഭരമേൽപ്പിച്ചതിനാൽ മറ്റാർക്കും ചെയ്യാനുള്ള അനുവാദമില്ലായിരുന്നു. എന്നാൽ പ്രവാചകൻമാരെയും ന്യായാധിപൻമാരെയും ശ്രദ്ധിക്കുക. അവരുടെ മക്കളാരും പ്രവാചകന്മാരോ, ന്യായാധിപൻമാരോ ആയില്ല. മോശയുടെ ശേഷം അദ്ദേഹത്തിൻ്റെ മകനല്ല യോശുവയാണ് നേതൃത്വത്തിലേക്ക് വന്നത്.

എന്നാൽ ദു:ഖകരമെന്ന് പറയട്ടെ, ഇന്ന് പലരും ആത്മീയ കാര്യങ്ങളെ ഐഹീക രാജ്യം പോലെ കണ്ട് തങ്ങളുടെ അധികാര പരിധിയിൽ സൂക്ഷിക്കാൻ പെടാപ്പാടുപെടുകയാണ്. അതുകൊണ്ട് അധികാരം നഷ്ടപ്പെടാതിരിക്കാൻ അനാത്മീക കാര്യങ്ങൾ ചെയ്യുകയോ, മക്കളെ അത്തരം ഉത്തരവാദിത്തത്തിൽ അവരോധിക്കുകയോ ചെയ്യുന്നു.

സഭയിൽ വ്യത്യസ്ത ശുശ്രൂഷകവൃന്ദങ്ങളുണ്ട്. ഏതൊരു സഭാംഗത്തിനും അദ്ദേഹത്തിൻ്റേതായ കർത്തവ്യങ്ങളുണ്ട്. ശരീരത്തിൻ്റെ അവയവങ്ങൾ പോലെ അതെല്ലാമുണ്ടെങ്കിലേ സഭയ്ക്ക് നിലനിൽപ്പുള്ളൂ…..!

പ്രിയമുള്ളവരേ,
നമ്മുടെ വിളിയും തിരഞ്ഞെടുപ്പും തിരിച്ചറിഞ്ഞ് വിശ്വസ്തതയോടെ വർത്തിക്കാം.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.