ഐ.പി.സിയിൽ എല്ലാവരും തുല്യരാണ്, വ്യാജ പ്രചാരണങ്ങൾ തള്ളിക്കളയണം ; പാസ്റ്റർ ഷിബു നെടുവേലിൽ
കുമ്പനാട്: ഐ.പി.സി യിൽ എല്ലാവരും തുല്യമാണെന്നും, വ്യാജ പ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് ഐ.പി.സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ഐ.പി.സി വെച്ചുച്ചിറ സെന്ററിൽ ചാത്തൻതറ സഭയിൽ തെറ്റായ ചില കാര്യങ്ങൾ സംഭവിച്ചതായി സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നത് ഐ.പി.സി കേരള സ്റ്റേറ്റ് ഗൗരവത്തോടെ കാണുന്നുവെന്നും,
വെച്ചുച്ചിറ സെന്റർ പാസ്റ്റർ, സെന്റർ എക്സിക്യൂട്ടീവ്, ചാത്തൻതറ സഭാ സെക്രട്ടറി, ശുശ്രൂഷകൻ എന്നിവരെ കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി വിളിച്ചു വരുത്തി വിഷയങ്ങൾ ചോദിച്ചു മനസ്സിലാക്കിയെന്നും അദ്ദേഹം അറിയിച്ചു.
ചാത്തൻതറ സഭ ഹാളിന്റെ മുൻപിൽ കൈകൊണ്ട് എഴുതി കണ്ടതായ ബോർഡ് സംബന്ധിച്ച് സഭക്കോ സെന്ററിനോ അറിവോ അനുവാദമോ ഇല്ല എന്ന് വ്യക്തമാക്കി. മനപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനായി ആരോ ചെയ്തിട്ടുള്ളതിനാൽ കുറ്റക്കാരെ കണ്ടെത്തി വേണ്ട ശിക്ഷണ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് സഭ ആവശ്യപ്പെട്ടു.
Download Our Android App | iOS App
ഇൻഡ്യ പെന്തക്കോസ്ത് ദൈവസഭയിൽ ആഗോള വ്യാപകമായി ഏത് സമൂഹത്തിൽ ഉള്ളവർക്കും ദൈവവചനവും സഭാഭരണഘടനയും അനുസരിച്ച് അംഗമാകാൻ അവകാശമുണ്ട്. സഭയുടെ ഭരണഘടനാപ്രകാരം അംഗത്വം നല്കുന്നത് പ്രാദേശിക സഭയാണ് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് സാൻമാർഗിക ജീവിതം നയിക്കുന്ന ഏതൊരാൾക്കും സഭയിൽ അംഗം ആകാമെന്നതാണ് ഐ.പി.സിയുടെ പൊതു നിലപാട്. വർഗ വർണ്ണ വിവേചനം ഐ.പി.സിയിൽ ഇല്ല. സഭയിൽ അംഗങ്ങൾ എല്ലാവരും തുല്യമാണെന്നും, ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ താൻ ഇറക്കിയ പത്ര പ്രസ്താവനയിൽ അറിയിച്ചു.