ചെറുകഥ:’അവൻ ആർക്കും കടക്കാരൻ അല്ല’ | റ്റോബി തോമസ് ,ഇടുക്കി

കോട മഞ്ഞിന്‍റെ തീക്ഷ്ണതയിൽ പ്രെകൃതിയും ജീവജാലങ്ങളും ഒന്നാകെ വിറങ്ങലിച്ചു നിൽക്കുന്ന ഒരു ഡിസംബർ പുലരി. ഹൈറേഞ്ചിലെ മലകളും താഴ്വാരങ്ങളും  ഒന്നാകെ മഞ്ഞിന്‍റെ മേലാപ്പണിഞ്ഞു ശോഭ വിതറി നിന്നിരുന്നു. പതിവ് പോലെ പുതിയ ചക്രവാളങ്ങൾ തേടി യാത്രയാകുന്ന പക്ഷികളുടെ ആരവം അവിടവിടെ ഉയർന്നു കേൾക്കാമായിരുന്നു. മലമുകളിൽ നിന്നും വീശിയടിച്ച ശീതക്കാറ്റിന്‍റെ കാടിന്യം വകവയ്ക്കാതെ സ്വെറ്റർ ധരിച്ചു പണിയായുധങ്ങളുമായി  ഗ്രാമത്തിലൂടെ നടന്നു നീങ്ങുന്ന കർഷകരുടെ കാഴ്ച ആ പ്രെഭാതത്തിലും കാണാമായിരുന്നു.

താഴ്‌വാരത്തോടു ചേർന്നുള്ള പത്രോസ് ഉപദേശിയുടെ ഓടുപാകിയ കൊച്ചു വീട്ടിൽ നിന്നും കുടുംബാംഗങ്ങൾ ഒത്തുള്ള പ്രാർത്ഥന ഗീതത്തിന്‍റെ ശബ്ദാവലികൾ ആ പ്രെഭാതത്തിലും ഉയർന്നു കേൾക്കാമായിരുന്നു . ♫ അതിരാവിലെ തിരുസന്നിധി അണയുന്നൊരു സമയേ അതിയായ് നിന്നെ സ്തുതിപ്പാൻ കൃപ അരുൾക യേശുപരനേ..♫ . മനോഹരമായ പ്രെഭാത ഗീതത്തിന്‍റെ ശബ്ദം വീട്ടിന്‍റെ ചുറ്റും നിറഞ്ഞു നിന്നു. അവക്കൊപ്പം തങ്ങളുടെ സൃഷ്ട്ടി കർത്താവിനെ സ്തുതിക്കുംവണ്ണം ജീവജാലങ്ങളുടെ ശബ്ദവും ചേർന്നപ്പോൾ പരിസരം ആരാധന മുഖരിതമായി തീർന്നു.

മൂത്തമകൻ ജോണികുട്ടിക്കു കാനഡയിൽ പുതിയ ജോലിലഭിച്ചു യാത്രയാകുന്ന ദിനമായതുകൊണ്ടാകാം പതിവിലേറെ സന്തോഷത്തോടെയാണ് ആ കുടുംബം പുതിയ പ്രെഭാതത്തെ വരവേറ്റത്.

തടിച്ച കണ്ണട മുഖത്തോടു തെല്ലൊന്നടിപ്പിച്ചു ഒരുകയ്യിൽ ബൈബിളും മറുകയ്യിൽ ചൂടാറുന്ന ചായയും വഹിച്ചു ഉമ്മറത്തേക്ക് കടന്നു വന്ന ഉപദേശിയുടെ മുഖത്തും പതിവിൽ കവിഞ്ഞ സന്തോഷം കാണാമായിരുന്നു. വീടിന്‍റെ ഉള്ളിൽ ഭാര്യ മേരിക്കുട്ടിയും, ഇളയ മകൾ ലിസ്സിയും ജോണിയെ യാത്രയാക്കുന്ന കാര്യങ്ങളിൽ വ്യാപൃതരായി.

പിന്നിട്ട കാലയളവിൽ താൻ മലയോര ഗ്രാമങ്ങളിൽ ലാഭേച്ഛയില്ലാതെ ഓടിയതിനും അധ്വാനിച്ചതിനും ഇടയിൽ പ്രേതീക്ഷിക്കാതെ ദൈവം നൽകിയ പ്രതിഫലങ്ങളിൽ ഒന്നായിരുന്നു പത്രോസ് ഉപദേശിയെ സംബന്ധിച്ചു ജോണിയുടെ ആ യാത്ര.

♫ അര്‍ഹിക്കാത്ത നന്മകളും എനിക്കേകിടും കൃപാ നിധേ..യാചിക്കാത്ത നന്മകള്‍ പോലുമീ എനിക്കേകിയോനെ സ്തുതി.♫ സന്തോഷത്താൽ പാട്ടിന്‍റെ ഈരടികൾ അറിയാതെ മൂളുമ്പോൾ ഉപദേശിയുടെ കണ്ണും ഈറനണിഞ്ഞിരുന്നു. മലകളും,കുന്നുകളും, ചുരങ്ങളും കയറിയിറങ്ങി ഹൈറേഞ്ചിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സുവിശേഷത്തിന്‍റെ സന്ദേശവാഹകൻ ആയിട്ടു താൻ മൂന്നു പതിറ്റാണ്ടോടുക്കുന്നു. പോയകാലത്തിന്‍റെ ഓർമ്മകൾ മിഴിവുള്ള ചിത്രങ്ങളായി വീണ്ടും മനസിലേക്കായി കടന്നു വരുന്നു.കഷ്ടതയും, കയ്പ്പേറിയ അനുഭവങ്ങളും കണ്ണുനീരിൽ ചാലിച്ചെഴുതിയ ജീവിതാനുഭവങ്ങൾ ആയിരുന്നു അവ ഏറെയും. അവക്കിടയിലും ആരുടെ മുമ്പിലും ലജ്ജിപ്പിക്കാതെ ഓരോ ദിവസവും ഉള്ളം കയ്യിൽ തന്നെയും കുടുംബത്തെയും വഹിച്ച യേശുവിന്‍റെ സ്നേഹത്തെ ഓരോ നിമിഷവും താനും തന്‍റെ കുടുംബവും രുചിച്ചറിയുകയായിരുന്നു.

തൊടുപുഴ പള്ളിയിലെ കണക്കപിള്ളയും പ്രെധാനിയുമായിരുന്ന കപ്പ്യാര് പത്രോസ് കാലാന്തരത്തിൽ പത്രോസ് ഉപദേശിയായി തീർന്നതിന് പുറകിൽ എൺപതുകളിൽ കേരളക്കരയാകെയും വിശിഷ്യാ മലയോരമേഖലകളിലും ഉരുത്തിരിഞ്ഞ കരിസ്മാറ്റിക് പ്രെസ്ഥാനങ്ങൾ നിദാനമായി തീർന്നു.

വർഷം 1985-നോടടുത്ത കാലം . കേരളക്കരയാകെ ക്രിസ്തീയ സഭകളിൽ കരിസ്‌മാറ്റിക് പ്രെസ്ഥാനങ്ങളും, സീയോൻ സംഘങ്ങളും പുതിയ നവോഥാന ആശയങ്ങളുമായി ഉദയം പ്രാപിച്ച സമയം. വിവിധ ഇടങ്ങളിൽ ഭവനങ്ങൾ കേന്ദ്രികരിച്ചു പ്രാർത്ഥന സംഘങ്ങളായി അവ വളർച്ച പ്രാപിച്ചു പൊന്നു. അതിൽ തന്നെ സുവിശേഷത്തെ ആത്മാർത്ഥതയോടെ  സമീപിക്കുകയും വചനം പഠിക്കുകയും ചെയ്ത ഒരു കൂട്ടർ പരമ്പര്യത്തിന്‍റെ വേലികൾ തകർത്തു മുഘ്യധാര പെന്തക്കോസ്തു കൂട്ടങ്ങളോട് ചേർന്നു പൊന്നു. സഭയുടെ നിയമത്തിന്‍റെയും, യാന്ത്രികമായ ആരാധന സംവിധാനത്തിന്‍റെയും  കെട്ടുപിണരിൽ നിന്നും. വചനത്തിന്‍റെ സ്വാതന്ത്രത്തിലേക്കും, ആത്മീക സത്യത്തിന്‍റെ വെളിച്ചത്തിലേക്കുമുള്ള പ്രേവേശനം അവരിൽ പുതിയ ഉണർവും, തങ്ങൾ അറിഞ്ഞ സത്യത്തെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനുമുള്ള ആവേശവുമായി ഭവിച്ചു.

പള്ളിയിലെ പ്രധാനികളിൽ ഒരുവനായ കൊച്ചുപുരയ്ക്കൽ പത്രോസ് എന്ന കപ്യാര് പത്രോസിന്‍റെ ജീവിതത്തിൽ വന്ന ഈ മാറ്റത്തെ ഉൾകൊള്ളാൻ സഭയോ ബന്ധുക്കളോ ഒരുക്കമായിരുന്നില്ല .” നീ പശ്ചാത്തപിക്കേണ്ടിവരും പത്രോസേ..” കയ്യിൽ ബൈബിളുമായി ആവേശത്തോടെ നടന്നു നീങ്ങുന്നത് കണ്ട പത്രോസിനെ നോക്കി പള്ളിയിലെ വികാരിയച്ചൻ പരിഹാസത്തോടെ ഒരിക്കൽ പറഞ്ഞ വാക്കുകൾ ആയിരുന്നു അത്.

അന്നുവരെ ഒപ്പം നടന്നിരുന്ന സുഹൃത്തുക്കൾ തന്നെ നോക്കി പിറുപിറുക്കുവാൻ തുടങ്ങി. ‘തമ്പേറ് കൊട്ടി നടക്കുന്നവൻ’ എന്ന് ചിലരും ‘ ജനങ്ങളെ കലക്കവെള്ളത്തിൽ പിടിച്ചു മുക്കുന്നവരുടെ കൂട്ടത്തിൽ കൂടിയവൻ എന്ന് മറ്റു ചിലരും അടക്കം പറഞ്ഞു തുടങ്ങി. ‘ പത്രോസ് ഉപദേശി പോകുന്നെ..’ എന്ന്‌ നാട്ടിലെ ചില വികൃതി കുട്ടികൾ അദ്ദേഹത്തെ നോക്കി വിളിക്കാൻ തുടങ്ങി. വീട്ടുകാരും സ്വന്തക്കാരും എതിരേറ്റത് മറ്റൊരു തരത്തിൽ ആയിരുന്നു. വീടിന്‍റെ ഉമ്മറത്ത് ഉറഞ്ഞു തുള്ളി നിൽക്കുന്ന പിതാവിന്‍റെ പ്രതികരണം താൻ പ്രതീക്ഷിച്ചതു തന്നായിരുന്നു.  ”സഭയെയും, സഭയുടെ കല്പനകളെയും ധിക്കരിക്കുന്നവൻ ഇനിമുതൽ ഈ കുടുംബത്തിൽ വേണ്ട..”.  പൊതുവെ  കർക്കശ്യക്കാരനും അതിലുപരി പള്ളി ഭക്തനുമായ അദ്ദേഹം ഉച്ചത്തിൽ ആക്രോശിച്ചു.     ” നീ ചെയ്ത തെറ്റ് മനസ്സിലാക്കി  തിരിച്ചു വരാൻ ഒരവസരം കൂടി ഉണ്ട്, ഇല്ലായെങ്കിൽ ഇന്ന് പടിയിറടങ്ങിക്കോണം ഇവിടെ നിന്നും..” ഇത് പറയുമ്പോൾ ദേഷ്യത്താൽ അദ്ദേഹത്തിന്‍റെ കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു. പത്രോസിനു മറുപടി പറയാൻ മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല. ” ഇല്ല അപ്പാ..അറിഞ്ഞ സത്യത്തിൽ നിന്നും പിറകോട്ടു കാൽവെപ്പാൻ ഞാൻ ഇനി ഒരുക്കമല്ല..”

ഭാര്യ മേരിക്കുട്ടിയുടെയും , നഴ്സറി സ്കൂളിൽ പഠിക്കുന്ന മൂത്തമകൻ ജോണിയുടെയും, കൈ കുഞ്ഞായ ലിസ്സിയുടെയും കൈപിടിച്ച് അന്നേദിവസം അവിടെ നിന്നും പടിയിറങ്ങുപോൾ തന്നെ വിളിച്ച ദൈവം അന്ത്യത്തോളം നടത്തുമെന്നുള്ള പ്രേത്യാശയായിരുന്നു തന്നിൽ ബലമായി ഭരിച്ചിരുന്നത്.

അന്ന് തന്നെ മൂന്നാറിൽ ഉള്ള ഇന്ത്യ പെന്തക്കോസ്തു സഭയുടെ ശുശ്രുഷകനും തന്‍റെ സുഹൃത്തുമായ പാസ്റ്റർ ദേവസിയുടെ വീട്ടിലേക്കു യാത്രയാകുമ്പോൾ ഭാര്യ മേരിയുടെ മനസ്സ് നിറയെ ഭാവിയെ കുറിച്ചുള്ള ഒരുകൂട്ടം ചോദ്യങ്ങൾ ആയിരുന്നു. ” അപ്പാ, നമ്മളെങ്ങോട്ടാ പോകുന്നെ..നമ്മെളെവിടാ ഇനിമുതൽ താമസിക്കണെ.?” മൂത്തമകൻ ജോണിയുടെ നിഷ്കളങ്കമായ ചോദ്യത്തിന് മുൻപിൽ മനസൊന്നു തെല്ല് പതറിയെങ്കിലും അവരെ ചേർത്ത് പിടിച്ചു താൻ പറഞ്ഞു. ” കുഞ്ഞേ..മരുഭൂമിയിലെ ചൂരച്ചെടിയുടെ തണലിൽ ഉറങ്ങിയ ഏലിയാവിനായി കാക്കയിലൂടെ ഭക്ഷണം എത്തിച്ചു അവരെ കരുതിയവൻ, വിധവയുടെ കലത്തിലെ മാവ് തീരാതെവണ്ണം നടത്തിയ നല്ല ദൈവം നമ്മളെയും കരുതിക്കൊള്ളും.” കണ്ഡമൊന്നു ചെറുതായി ഇടറിയെങ്കിലും തങ്ങൾ നാലുപേർ കൂടാതെ അഞ്ചാമനായി തങ്ങളുടെ കൂടെ ഉള്ള യേശുവിന്‍റെ സാന്നിധ്യത്തെ തനിക്കു നന്നായി അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു.

ചെകുത്തായ മലകളും, ഹെയർപിൻ വളവുകളും താണ്ടി ഹൈറേഞ്ചിന്‍റെ  ശാന്തതയിലൂടെ വാഹനം മൂന്നാറിനെ ലക്ഷ്യമാക്കി സഞ്ചരിച്ചു. മലയോരമേഖലയിൽ സത്യസുവിശേഷത്തിന്‍റെ മാറ്റൊലി അറിയിക്കുവാൻ മറ്റൊരു സുവിശേഷകൻ കൂടി ഉദയം കൊണ്ടതിന്‍റെ സന്തോഷം കൊണ്ടാകാം, പ്രെകൃതിയും ജീവജാലങ്ങളുമൊന്നാകെ ആ സന്തോഷത്തിൽ ലെയിച്ചെന്നവണ്ണം ഏറെ പ്രസന്നമായിരുന്നു. രാത്രിയോടു കൂടി വാഹനം മൂന്നാർ ടൗണിൽ എത്തി നിൽക്കുമ്പോൾ പാസ്റ്റർ ദേവസ്സിയും കുടുംബവും സ്വീകരിക്കാനായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.  തന്‍റെ ഉള്ളിൽ വെമ്പുന്ന ആത്മാക്കൾക്കായുള്ള ദാഹം അവിടെ അധികനാൾ നില്ക്കാൻ അദ്ദേഹത്തെ അനുവദിച്ചില്ല. സുവിശേഷം ഇതുവരെയും എത്താത്ത ദേശങ്ങളിൽ പ്രവർത്തിക്കണം എന്നുള്ള ആത്മഭാരം തമിഴ്‌നാടിനോട് ചേർന്നുള്ള ചില ഉൾനാടൻ ഗ്രാമങ്ങളിൽ അവരെ എത്തിച്ചു.

സ്വന്തമായി കാടുവെട്ടി തെളിച്ചെടുത്ത പുരയിടത്തിൽ ഓലപ്പുര നാട്ടി അതിൽ പാർത്തുകൊണ്ടു സുവിശേഷത്തിന്‍റെ ശബ്ദം ഗ്രാമഗ്രാമാന്തരങ്ങൾ തോറും എത്തിക്കുവാൻ തുടങ്ങി. ”കാലം തികഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കയാൽ മനസാന്തരപെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ..”പ്രഭാതത്തിൽ മലമുകളിൽ നിന്നും പത്രോസ് ഉപദേശിയുടെ ഹാൻഡ്മൈക്കിലൂടെ ഉയരുന്ന ശബ്ദം കേട്ടുകൊണ്ടായിരുന്നു ഗ്രാമനിവാസികൾ പലപ്പോഴും പ്രെഭാതത്തെ വരവേറ്റിരുന്നത്.

കാലങ്ങൾ പിന്നെയും മുൻപോട്ടുപോയി അൽപ്പം വൈകിയാണെങ്കിലും ഹൈറേഞ്ചിലെ ഗ്രാമങ്ങൾ പലതും പട്ടണങ്ങളായി വളർച്ച പ്രാപിച്ചു. നാലുവരിപ്പാതകളും കോൺക്രീറ്റ് സൗധങ്ങളും അവിടവിടങ്ങളിൽ ഉയർന്നു തുടങ്ങി. ആത്മീക ഗോളത്തിലെ മൂല്യച്യുതികൾക്കും ഈ കാലയളവ് സാക്ഷ്യം വഹിച്ചു.

എന്നാൽ ഭൗതീക നേട്ടങ്ങൾക്കു പുറകെ പോകാതെ വിശ്വസ്ത പോരാളിയായി തനിക്കു പ്രിയം വച്ചിരിക്കുന്ന സ്വർഗീയ നാടിനെ ലക്ഷ്യമാക്കി ഓട്ടം ഓടുവാനാണ് തന്‍റെ വിളിയെന്നു പത്രോസ് ഉപദേശിക്ക്‌ നല്ല ബോധ്യം ഉണ്ടായിരുന്നു.  ഭൗതീകമായി ഏറെ നേടാൻ കഴിഞ്ഞില്ലെങ്കിലും താൻ നേടിയ ആത്മാക്കൾ തന്‍റെ ഏറ്റവും വലിയ നിക്ഷേപങ്ങളായി പത്രോസ് ഉപദേശി കരുതി. അതിൽ തനിക്കെതിരെ കൈകൾ ഉയർത്തിയ വറീതും, തന്‍റെ ലഖുലേഖ പിച്ചിച്ചീന്തിയ വർഗീസുമെല്ലാം തന്നിലും ഉർജ്ജസ്വലതയോടെ സുവിശേഷ പോർക്കളത്തിൽ ആയിരിക്കുന്നതിൽ അദ്ദേഹം ആനന്ദം കണ്ടെത്തി.

തിരിഞ്ഞു നോക്കുമ്പോൾ എല്ലാം കണ്ണീരും സന്തോഷവും നിറഞ്ഞ സുഖമുള്ള ഓർമ്മകൾ മാത്രം. ഭാര്യ മേരിക്കുട്ടി പ്രഭാത ഭക്ഷണത്തിനായി വിളിക്കുമ്പോലാണ് അദ്ദേഹം ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നത്,പോയ കാലങ്ങളിൽ അതിയകരമായി നടത്തിയ ദൈവത്തിന്‍റെ കരുതലിനെ ഓർത്തപ്പോൾ പത്രോസ് ഉപദേശിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

സായാഹ്നത്തോട് കൂടി ജോണിയെ യാത്രയാക്കുന്നതിനായി നെടുമ്പാശേരി എയർപോർട്ടിലേക്കവർ യാത്ര തിരിച്ചു. അങ്ങുദൂരെ ചക്രവാളത്തിനു ചുവപ്പിന്‍റെ നിറം പകർന്നു അസ്തമയ സൂര്യൻ മലകൾക്കു പിന്നിൽ മറയാൻ തുടങ്ങിയിരുന്നു. കൂടുകൾ ലക്ഷ്യമാക്കി ചേക്കേറുന്ന പക്ഷികളുടെ ആരവം താഴ്വാരത്തിന്‍റെ നിശബ്ദതയിൽ പ്രതിധ്വനിച്ചു. പെരിയാർ നദിയുടെ ഓരങ്ങളിലൂടെ വനത്തിന്‍റെ ശീതളിമപ്പറ്റി വാഹനം എയർപോർട്ടിനെ ലക്ഷ്യമാക്കി മുൻപോട്ടു സഞ്ചരിച്ചു. ഒരു നിയോഗം എന്നവണ്ണം മൂന്ന് പതിറ്റാണ്ടു മുൻപ് തന്‍റെ ഭാര്യയുടെയും മക്കളുടെയും കൈപിടിച്ച് ഇറങ്ങിത്തിരിച്ച അതെ പാതയിലൂടെ ആയിരുന്നു ആ യാത്ര.

വാഹനം എയർപോർട്ടിൽ എത്തി നിൽക്കുമ്പോൾ വേർപിരിയുന്നതിന്‍റെ ദുഃഖത്താൽ ജോണിയുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. പ്രതീക്ഷകൾ എല്ലാം അസ്തമിച്ചുവെന്നു ലോകവും, സാഹചര്യങ്ങളും വിധി എഴുതിയിടത്തുനിന്നും തങ്ങളെ മാനിച്ച യേശുവിന്‍റെ കൃപകളെ ഓർത്തു അവന്‍റെ മനസ്സ് നന്ദിയാൽ നിറഞ്ഞു. പിതാവിന്‍റെ മാർവോടു ചാരി ആശ്ലേഷിച്ചു കൊണ്ട് ജോണി അദ്ദേഹത്തോടായി പറഞ്ഞു. ” ഇല്ല അപ്പ..നമ്മുടെ ദൈവം ആർക്കും കടക്കാരൻ അല്ല..!”

ജോണി ഇത് പറഞ്ഞു നിർത്തുമ്പോൾ ഉപദേശിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി പൊഴിയുന്നുണ്ടായിരുന്നു. താൻ പറയാൻ ആഗ്രഹിച്ച വാക്കുകൾ തന്‍റെ മകനിലൂടെ കേട്ടപ്പോൾ വരുംകാലത്തേക്കുള്ള പുതിയ ഉണർവായി മാറുകയായിരുന്നു അത്.

ജോണിയെ വഹിച്ചു കൊണ്ടുള്ള വിമാനം താമസിയാതെ കാനഡയെ ലക്ഷ്യമാക്കി പറന്നുയർന്നു. കുറച്ചു നിമിഷങ്ങൾക്കകം ദൃഷ്ടിയെ മറയ്ക്കുംവിധം മേഘങ്ങൾക്കിടയിൽ അവ മറയുന്നതും അവർക്കു കാണ്മായി.

‘ഇല്ല തന്‍റെ യാത്ര ഇവിടെ അവസാനിക്കുന്നില്ല..ഇനിയും ഏറെയുണ്ട് ഓടുവാൻ . ജീവനുള്ള കാലത്തോളം വചനവുമേന്തി വിളിച്ചവന്‍റെ സന്നിധിയിൽ വിശ്വസ്തതയോടെ വേല തികയ്ക്കണം’. മുൻപോട്ടുള്ള പ്രയാണത്തെ നോക്കി ധൈര്യത്തോടെ  ഈ വാക്കുകൾ മനസ്സിൽ ഉരുവിടുമ്പോൾ സാന്നിധ്യമായി യേശു ഉണ്ടെന്നുള്ള വിശ്വാസം ആയിരുന്നു തന്നിൽ ഭരിച്ചിരുന്നത്.

ജോണി പറഞ്ഞ വാക്കുകൾ വീണ്ടും മനസ്സിൽ അലതല്ലുന്നു. സന്തോഷത്താൽ തന്‍റെ മനസ്സ് അത് വീണ്ടും വീണ്ടും മന്ത്രിച്ചു. ഹൃദയത്തിൽ നിന്നും വാക്കുകളായി അവ പുറത്തേക്കു വന്നു. ”ഇല്ല അവൻ ആർക്കും കടക്കാരൻ അല്ല”.

 

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.