ശുഭദിന സന്ദേശം: അഭിരുചി അഭിവൃദ്ധി | ഡോ.സാബു പോൾ

”ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.”(ഉല്പ.12:2).

Attitude more than aptitude determines altitude.(അഭിരുചിയെക്കാൾ മനോഭാവമാണ് അഭിവൃദ്ധിയെ നിർണ്ണയിക്കുന്നത്.) ഇംഗ്ലീഷിലെ ഈ പ്രയോഗം പല ബൈബിൾ കഥാപാത്രങ്ങളിലും അന്വർത്ഥമാണെന്ന് കാണാം.

വിശ്വാസികൾക്ക് സുപരിചിതനായ വിശ്വാസികളുടെ പിതാവിനെ തന്നെയെടുക്കാം.

ഊരിൻ്റെ തെരുവിൽ വിഗ്രഹങ്ങളെ വിലപേശി വിറ്റവനാണ് അബ്രഹാം എന്നൊക്കെയാണ് പ്രസംഗഭാഷ. ബൈബിളിൽ അതിന് തെളിവില്ലെങ്കിലും എബ്രായ കൃതികളുടെ വ്യാഖ്യാനമായ മിദ്രാഷ് അങ്ങനെ തന്നെയാണ് പറയുന്നത്.

എന്നാൽ അബ്രഹാം ബഹുദൈവ വിശ്വാസിയായിരുന്നു എന്ന് വളരെ വ്യക്തമാണ്.
“നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേറഹ് പണ്ടു നദിക്കക്കരെ പാർത്തു അന്യദൈവങ്ങളെ സേവിച്ചു പോന്നു”(യോശുവ 24: 2).

അബ്രഹാം ജനിച്ചു വളർന്ന കൽദയരുടെ ഊര് ആധുനീക ഇറാക്കിൻ്റെ ദക്ഷിണ ഭാഗമായിരുന്നു. ആകാശത്തെ നിയന്ത്രിക്കുകയും ഭൂമിയുടെ ജീവിതചക്രത്തെ സ്വാധീനിക്കുകയും ചെയ്യുന്ന ചന്ദ്രനായിരുന്നു പ്രധാന ദൈവം. ചന്ദ്രനുണ്ടാകുന്ന രൂപ വ്യത്യാസങ്ങൾ പോലെയാണ് മനുഷ്യന് ഭാഗ്യ – നിർഭാഗ്യങ്ങളും, ഉയർച്ച – താഴ്ചകളും സംഭവിക്കുന്നതെന്ന് അവർ വിശ്വസിച്ചിരുന്നു. ഓരോ ആവശ്യങ്ങൾക്കും ഓരോ ദൈവങ്ങൾ അവർക്കുണ്ടായിരുന്നു.

ഈ പശ്ചാത്തലത്തിൽ ആണ് അബ്രഹാമിന് ഏക സത്യ ദൈവത്തിൻ്റെ പ്രത്യക്ഷതയുണ്ടാകുന്നത്. വിഗ്രഹങ്ങളെ ഉണ്ടാക്കി വിൽക്കുന്നവനായിരുന്നു അബ്രഹാമെങ്കിൽ അവൻ്റെ വിശ്വാസം മാത്രമല്ല, ഉപജീവന മാർഗ്ഗം കൂടിയായിരുന്നുവത്. അഭിരുചി വിട്ടിട്ട് ദൈവത്തെ അനുഗമിക്കാനുള്ള മനോഭാവമാണ് അബ്രഹാമിന് അഭിവൃദ്ധി നൽകിയത്.

ദൈവശബ്ദം കേട്ട അബ്രഹാം എണ്ണമറ്റ ദൈവങ്ങളെ വിട്ട് ഏകദൈവത്തിൻ്റെ പിന്നാലെ ഇറങ്ങിത്തിരിച്ചു. ഇതൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓരോ കാര്യങ്ങൾക്കും സ്പെഷ്യലിസ്റ്റായ ഡോക്ടർമാർ ഉള്ളതുപോലെ ഓരോ കാര്യങ്ങൾക്കും പ്രത്യേക ദൈവമുണ്ടെങ്കിൽ കൂടുതൽ എളുപ്പമാണ്. വില കൊടുക്കാൻ തയ്യാറായ അബ്രഹാമിനോട് വിശ്വസ്തനായ ദൈവം എല്ലാം പ്രവർത്തിക്കാൻ കഴിയുന്ന എൽ ശദ്ദായിയാണ് താനെന്ന് തെളിയിച്ചു.

കാലചക്രം കറങ്ങിത്തിരിയവേ, യിസ്രായേൽ ബഹുദൈവ വിശ്വാസത്താൽ സ്വാധീനിക്കപ്പെട്ടു. ബാലിനെ അവർ ആരാധിച്ചപ്പോൾ പ്രവാചകൻമാർ ശക്തമായ ഭാഷയിൽ അതിനെ അപലപിച്ചു.

ഇന്നും ക്രിസ്തീയ ഗോളത്തിൽ ഇത്തരം ബഹുദൈവ വിശ്വാസത്തിൻ്റെ അവശിഷ്ടങ്ങൾ പുണ്യവാള ആരാധനയെന്ന പേരിൽ രംഗ പ്രവേശം ചെയ്തിട്ടുണ്ട്. ‘ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണകൾ’ നൽകുന്നത് പുണ്യവാളൻ സ്വർഗ്ഗത്തിലിരുന്ന് മനോരമ പത്രം വായിച്ച് നന്ദി സ്വീകരിക്കാനല്ല, ഇത്തരം ഭക്തി ബലഹീന വിശ്വാസികളിൽ കൂടി അടിച്ചേൽപ്പിക്കാനാണ് എന്ന് ആർക്കാണറിയാത്തത്….?

അബ്രഹാം വില കൊടുത്ത് വിട്ടിട്ടുപോന്നവയുടെ പിന്നാലെ ‘അബ്രഹാമിൻ്റെ മക്കൾ’ പായുന്നത് എന്തൊരു വൈരുദ്ധ്യമാണ്…….!

പ്രിയ ദൈവ പൈതലേ,
നിൻ്റെ സകല പ്രാർത്ഥനകൾക്കും, പ്രശ്നങ്ങൾക്കും പരിഹാരകൻ സർവശക്തനായ ദൈവം മാത്രമാണ്. ദൈവത്തിന് നൽകേണ്ട ആരാധനയും പ്രാർത്ഥനയും പിടിച്ചു വാങ്ങാൻ വരുന്ന പൈശാചിക ശക്തികളെയും തന്ത്രങ്ങളെയും തിരിച്ചറിയുക.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.