അടൂരിൽ ഇനി ആത്മനിറവിന്റെ ആറു ദിനങ്ങൾ

അടൂർ: മുഖ്യധാര മലയാള മാധ്യമങ്ങളിലും ടെലിവിഷൻ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലൂടെയുമായി ഏറെ ജനശ്രദ്ധയാകർഷിക്കുകയും കേരളക്കരയിലും പുറത്തുമുള്ള വേർപെട്ട ദൈവജനത്തിന്റെ അനസ്യൂതമായ പ്രാർത്ഥന പിന്തുണ ലഭിക്കുകയും ചെയ്ത അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ഫെബ്രുവരി 4 ചൊവ്വ വൈകിട്ടു 6 മണി മുതൽ 9 ഞായർ ഉച്ചക്ക് 1 മണി വരെ അടൂർ, പറന്തലിലിലുള്ള പുതിയ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കുന്നു.
പതിറ്റാണ്ടുകളായി കൊല്ലം ജില്ലയിലെ പുനലൂരിൽ നടന്നു വന്നിരുന്ന അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമം ഇന്നി പത്തനംതിട്ട ജില്ലയിലെ അടൂരിന് സ്വന്തം.

അൽപ്പം ചരിത്രം

1915-ൽ ഇന്ത്യയിലെത്തിയ അമേരിക്കൻ ഏ.ജി. മിഷണറി മേരി ചാപ്മാൻ എന്ന ധീരവനിതയാണ് ഭാരതത്തിലെ അസംബ്ലീസ് ഓഫ് ഗോഡ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
തുടർന്ന് ആർ. എഫ് കുക്ക്, ജോൺ എച്ച്.ബർജ്ജസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഒട്ടനവധി തദ്ദേശീയ ശുശ്രൂഷകരും വിദേശ മിഷണറിമാരും ചേർന്ന് നയിച്ച ഈ പ്രസ്ഥാനം സ്വാതന്ത്ര്യാനന്തരം തികെച്ചും തദ്ദേശീയ നേതൃത്വത്തിന്റെ പക്കലെത്തി.
പാസ്റ്റർമാരായ എ.സി. സാമുവൽ, സി കുഞ്ഞുമ്മൻ, പി.ഡി ജോൺസൺ, റ്റി.ജെ ശാമുവൽ എന്നിവർ ഇക്കഴിഞ്ഞ 7 ദശാബ്ദങ്ങളായി ഈ സമൂഹത്തിനു നേതൃത്വം നൽകി. ഇപ്പോൾ റവ.ഡോ. P.S. ഫിലിപ്പ് സൂപ്രണ്ടായി ശുശ്രൂഷിക്കുന്നു.

മാവേലിക്കരയിൽ നിന്നും പുനലൂരേക്ക്, പുനലൂരിൽ നിന്നും അടൂരിലേക്ക്

സ്വാതന്ത്ര്യാനന്തരമാണ് ബെഥേൽ ബൈബിൾ കോളേജ് മാവേലിക്കരയിൽ നിന്നും പുനലൂരിലേക്ക് മാറ്റി സ്ഥാപിക്കുന്നത്. അതോടു കൂടി കാലക്രമേണ പുനലൂർ അസംബ്ലീസ് ഓഫ് ഗോഡിന്റെ ആസ്ഥാനമായി തീർന്നു.
പാസ്റ്റർ P.D. ജോൺസൺ സൂപ്രണ്ടായി ചുമതലയേറ്റശേഷമാണ് വാർഷിക കൺവൻഷൻ ക്രമമായി പുനലൂരിൽ ആരംഭിച്ചത്.
കാലാന്തരത്തിൽ പുനലൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് ഹെഡ്ക്വാർട്ടേഴ്സും കൺവൻഷൻ ഗ്രൗണ്ടും ഏ.ജി.ക്ക് ഉണ്ടായി.
ഇക്കഴിഞ്ഞ ചില വർഷങ്ങളായി വർദ്ധിച്ചു വരുന്ന ജനപങ്കാളിത്തം നിമിത്തം പങ്കെടുക്കുന്നവരെ പൂർണ്ണമായും പുനലൂരിൽ ഗ്രൗണ്ടിൽ ഉൾക്കൊള്ളാനാകാതെ വന്നതുകൊണ്ടാണ് 2019-ലെ ജനറൽ കൺവൻഷനിൽ പുതിയ ഗ്രൗണ്ട് എന്ന ആശയം സൂപ്രണ്ട് റവ.ഡോ. P.എസ്. ഫിലിപ്പ് അവതരിപ്പിച്ചത്. 12 മാസങ്ങൾക്കു ശേഷം അന്നു കണ്ട സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷ തിരത്തള്ളലിലാണ് കേരളക്കരയിലെ ഏ.ജി.സമൂഹം.

ആശയം കൈവന്ന വഴി

വെട്ടിയെടുത്ത പാറയിലേക്കും കുഴിച്ചെടുത്ത ഖനി ഗർഭത്തിലേക്കും തിരിഞ്ഞു നോക്കുവാനാണല്ലോ പ്രവാചകന്റെ ആഹ്വാനം.
വന്ന വഴികളിലൂടെ ഒന്നു തിരികെ സഞ്ചരിച്ചാൽ;
2017-ൽ ഏ.ജി. മധ്യമേഖല ഡയറക്ടറായി ചുമതലയേറ്റ ഇപ്പോഴത്തെ സഭാ സെക്രട്ടറി പാസ്റ്റർ റ്റി.വി. പൗലോസിന് ദൈവം കൊടുത്ത ദർശനമായിരുന്നു അടൂർ ആസ്ഥാനമായി ഒരു കൺവെൻഷൻ നഗർ എന്നു മനസ്സിലാക്കാം.
മേഖല ഡയറക്ടറായി തുടർന്ന ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ അടൂരിന്റെ 5-10 കി.മി. ചുറ്റളവിൽ നിരവധി സ്ഥലങ്ങൾ ഈ ആവശ്യത്തിനായി ചെന്നു കാണുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മാത്രമല്ല 2017 ഡിസംബറിൽ തന്നെ പുതിയ ഗ്രൗണ്ടിനു വേണ്ടിയുള്ള ആദ്യ സംഭാവനയായ 10 ലക്ഷം രൂപയുടെ വാഗ്ദത്തം, സൗദി അറേബ്യയിൽ ബിഷയിൽ ജോലിയോടൊപ്പം കർത്തൃ വേലയിലായിരിക്കുന്ന പാസ്റ്റർ മാത്യു ജോർജ്ജ് കാപ്പിൽ (ബിഷ രാജുച്ചായൻ) – ൽ നിന്നും സമാഹരിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞത് തികെച്ചും അഭിനന്ദനാർഹമാണ്.
ചില മാസങ്ങൾക്കുള്ളിൽ ഡിസ്ട്രിക്ട് സെക്രട്ടറിയായി ചുമതലയേറ്റയുടൻ തന്റെ ദർശനം എക്സിക്യൂട്ടീവ് കമ്മറ്റിയിലെ സൂപ്രണ്ടിനെയും മറ്റംഗങ്ങളെയും അറിയിച്ചു. ബഹുമാനപ്പെട്ട സൂപ്രണ്ട് റവ.ഡോ. പി.എസ് ഫിലിപ്പ് അവർകളുടെ വിശ്രമം കൂടാതെയുള്ള ഇക്കഴിഞ്ഞ ഒരു വർഷത്തിലേറെയുള്ള ആത്മാർത്ഥമായ അദ്ധ്വാനവും പ്രതിഫലേച്ഛകൂടാതെയുള്ള നിതാന്ത പരിശ്രമത്തിന്റെ പ്രത്യക്ഷീകരണമാണ് ഇന്ന് കാണുന്ന പറന്തൽ ഗ്രൗണ്ട് എന്ന യാഥാർത്ഥ്യവും വിസ്മരിക്കാനാവില്ല.
സഭാ ട്രഷറർ പാസ്റ്റർ എ .രാജൻ ദീർഘദൂരം യാത്ര ചെയ്താണ് അടൂരിലെത്തി ഇക്കാര്യങ്ങൾക്ക് നേതൃത്വം വഹിച്ചത്. മറ്റംഗംങ്ങളായ റവ.ഡോ. ഐസക് വി. മാത്യുവും, പാസ്റ്റർ എം.എ ഫിലിപ്പും ഈ സൽപ്രവൃത്തിയിൽ തങ്ങളാലാവോളം ഉത്സാഹികളായിരുന്നു എന്നതും ഇത്തരത്തിൽ സ്മരണീയമത്രേ.
ഓരോരുത്തർക്കും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കർത്താവ് പ്രതിഫലം നൽകട്ടെ.

കാടുവെട്ടിയവർ അഥവാ വഴിതെളിച്ചവർ

അടൂരിലും പരിസരങ്ങളിലുമായി രണ്ടു വർഷത്തിലേറെ കൺവൻഷൻ ഗ്രൗണ്ടിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിച്ച കൊടുമൺ സഭാംഗങ്ങളായ രണ്ട് സഭാംഗങ്ങളായ സഹോദരൻമാരെ വിസ്മരിക്കാൻ ആകില്ല, സോബി ബാലൻ, കുഞ്ഞുമോൻ മണ്ണിൽ എന്നിവരാണവർ.
ഭൂമി കണ്ടെത്തിയനന്തരം അഹോരാത്രം അധ്വാനിച്ചു ഇന്നു കാണുന്ന നിലയിൽ അതിനെ എത്തിക്കുന്നതിലും ഈ സഹോദരന്മാർ വഹിച്ച പങ്ക് നിസ്തുലമാണ്.

പദ്ധതിയെ ഹൃദയത്തിലേറ്റിയവർ

2019 ജനുവരിയിൽ പുതിയ ഗ്രൗണ്ടിനെ പറ്റി സൂപ്രണ്ട് പ്രഖ്യാപിച്ചപ്പോൾ തന്നെ ഏ.ജി.യിലെ ബഹുഭൂരിപക്ഷം ശുശ്രൂഷകൻമാരും ദൈവജനവും പൂർണ്ണമനസ്സോടെ ഏറ്റെടുത്തതു കൊണ്ടാണ് ഇതിത്ര വേഗത്തിൽ പൂർത്തിയാകുന്നത്. പദ്ധതിക്ക് ആവശ്യമുള്ളത്ര തുക ഏതാനും മാസങ്ങൾക്കുള്ളിലാണ് ലഭിച്ചത്. ഇക്കാര്യത്തിൽ മലങ്കര ഏ.ജി. ഇതര സമൂഹങ്ങൾക്കൊരു മാതൃകയാണ്.

പറന്തലിൽ ഈ ആഴ്ച്ച

കർത്താവനുവദിച്ചാൽ ഈ ആഴ്ച്ചയിൽ അടൂരിൽ നാനാദേശത്തു നിന്നും ഒന്നിച്ചു കൂടുന്ന ദൈവജനം ഒരാത്മാവിൽ ആരാധിക്കുന്ന കാഴ്ച്ചക്കായി എല്ലാ വായനക്കാരേയും സ്വാഗതം ചെയ്യുന്നു.
ചൊവ്വാഴ്ച്ച വൈകിട്ട് 6ന് ഗ്രൗണ്ട് സമർപ്പിച്ചു പ്രാർത്ഥിക്കും.
അന്നേ ദിവസം റവ.ഡോ. പി.എസ് ഫിലിപ്പ്, റവ.ഡോ. വി.റ്റി. ഏബ്രഹാം എന്നിവർ ശുശ്രൂഷിക്കും.
തുടർന്നുള്ള രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ
ഡി.മോഹൻ, പോൾ തങ്കയ്യ, കെ.ജെ മാത്യു, ഏബ്രഹാം തോമസ്, റ്റി.ജെ ശാമുവൽ, ജോൺസൺ വർഗ്ഗീസ് തുടങ്ങിയവർ ശുശ്രൂഷിക്കും.
ബുധൻ, വ്യാഴം ദിവസങ്ങളിൽ പകൽ 9 മുതൽ 5 വരെ സുവിശേഷ വേലക്കാരുടെ യോഗവും വെള്ളി രാവിലെ മിഷൻസ് യോഗവും ഉച്ച കഴിഞ്ഞ് പൂർണ്ണ സമയ വേലക്കാരുടെ ഓർഡിനേഷൻ ശുശ്രൂഷയും നടക്കും.
ശനി രാവിലെ സൺഡേ സ്കൂൾ സമ്മേളനവും ഉച്ചകഴിഞ്ഞു യുവജന സമ്മേളനവും നടക്കും. സി.എ സമ്മേളനത്തിനു പാസ്റ്റർ സാം ഇളമ്പൽ നേതൃത്വം നൽകും.

9 ഞായർ രാവിലെ 9 മണി മുതൽ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ നിന്നും വിദേശത്തു നിന്നുള്ള ദൈവദാസൻമാരും ദൈവമക്കളും ഒന്നിച്ചുള്ള സംയുക്ത സഭാ യോഗവും തിരുവത്താഴവും നടക്കും.
റവ.ഡോ. പി.എസ് ഫിലിപ്പും,  റ്റി.വി പൗലോസും ഈ ക്രമീകരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.

അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷന് ക്രൈസ്തവ എഴുത്തുപുരയുടെ പ്രാർത്ഥനാശംസകൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.