ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്‌ ജനറൽ കൺവൻഷൻ ആരംഭിച്ചു

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ഈ വർഷത്തെ ജനറൽ കൺവൻഷൻ ഇന്ന് തിരുവല്ല ശാരോൻ കൺവൻഷൻ സ്റ്റേഡിയത്തിൽ ആരംഭിച്ചു. പാസ്റ്റർ കെ റ്റി തോമസിന്റെ അധ്യക്ഷതയിൽ സഭാ അന്തർദേശീയ പ്രസിഡന്റ് റവ. ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. വിശ്വാസത്തിന് വേണ്ടി നാം പോരാടണമെന്നും, ഈ കാലഘട്ടത്തിൽ നമ്മുടെ ആത്മീയ ജീവിതവും, ശുശ്രൂഷ ജീവിതവും പ്രവർത്തനവുമെല്ലാം ദൈവത്തിന് പ്രസാദകരമായി തീരണമെന്നും ഉത്‌ഘാടന പ്രസംഗത്തിൽ പാസ്റ്റർ ജോൺ തോമസ് പറഞ്ഞു. വൈസ് പ്രസിഡന്റ് പാസ്റ്റർ ജോണ് വർഗ്ഗീസ് സങ്കീർത്തനം വായിച്ചു. പാസ്റ്റർ സാജു ചാത്തന്നൂർ മുഖ്യ സന്ദേശം നൽകി.

ഈ ദിവസങ്ങളിലെ യോഗങ്ങളിൽ സഭാ ദേശീയ പ്രസിഡന്റ് പാസ്റ്റർ പി എം ജോണ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, റവ. ജേക്കബ് തോമസ് (ഇറ്റാർസി), റവ. കെ ജെ മാത്യു (പുനലൂർ), റവ. ജിജു ഉമ്മൻ (ചിക്കാഗോ), റവ. ഫിന്നി ഏബ്രഹാം (ഡിട്രോയിറ്റ്), പാസ്റ്റർ ഡാനിയേൽ വില്യംസ് (യു എ ഇ), പാസ്റ്റർ വർഗീസ് ജോഷ്വാ, പാസ്റ്റർ സാം റ്റി മുഖത്തല തുടങ്ങിയവർ പ്രസംഗിക്കും. ‘വിശ്വാസത്തിനായി പോരാടുക’ എന്നതാണ് ചിന്താവിഷയം. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും.
പാസ്റ്റഴ്‌സ് സെമിനാർ, ബൈബിൾ സ്റ്റഡി, കാത്തിരിപ്പു യോഗങ്ങൾ, മിഷൻ സമ്മേളനം, സി ഇ എം- സണ്ടേസ്കൂൾ സംയുക്ത സമ്മേളനം, വനിതാ സമ്മേളനം എന്നിവ കൺവൻഷനോടനുബന്ധിച്ചു നടക്കും.

ഡിസംബർ 1 ഞായറാഴ്ച സംയുക്ത ആരാധനയോടും കർതൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും. ഇന്ത്യയിലും വിദേശ രാജ്യങ്ങളിൽ നിന്നുമായി കർതൃദാസന്മാരും വിശ്വാസികളും പങ്കെടുക്കും. കൺവൻഷന്റെ വിപുലമായ നടത്തിപ്പിനായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading