ലേഖനം: ദൗത്യം മറക്കുന്ന യോദ്ധാക്കളോ നാം

ഷാജി ആലുവിള

ല്ലാവരും ഏതാണ്ട് കുറെ പക്വത ആകുമ്പോഴേക്കും സർവ്വജ്ഞാനിയാകുമെന്നും, ഏതു സാഹചര്യവും കൈകാര്യം ചെയ്യാനുള്ള അറിവും ധൈര്യവും നേടിക്കഴിഞ്ഞിരിക്കും എന്നൊക്കെ ധരിച്ചേക്കാം. പക്ഷെ വസ്തുത പലപ്പോഴും മറിച്ചാണ്. പ്രായമായവർ പലവിഷയങ്ങളിലും വെറും ശിശുക്കൾ ആണ്. പ്രായത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ഒട്ടും തയാറെടുപ്പില്ലാത്തവർ. പ്രത്യേകിച്ചു പല ദൈവമക്കളും ദൈവവേലക്കാരും. നല്ല മുന്നൊരുക്കത്തോടും സമചിത്തതയോടും നേരിടേണ്ട പല സാഹചര്യങ്ങളും ആത്മീയ ജീവിതത്തിൽ ഉണ്ട്. അവിടെ കലാപകാരികൾ ആകാതെ ലോകം നമ്മെ വീക്ഷിക്കുന്നു എന്നുള്ള അറിവോടെ ആയിരിക്കണം സമ്മർദ്ധങ്ങളെ ജയിക്കേണ്ടത്.
പ്രായമേറുന്തോറും നമുക്ക് അഹംഭാവവും അഹങ്കാരവും കുറയണം. വിവേകവും എളിമത്വവും കൂടണം. ദൈവദാസന്മാർ തമ്മിൽ തമ്മിൽ ബഹുമാനവും വിനയവും കാത്തുസൂക്ഷിക്കണം. എങ്ങനെ ആയിരിക്കണം ദൈവദാസൻമാർ എന്ന്‌ പൗലോസ്‌ ശ്ലീഹ ഓർമ്മിപ്പിക്കുന്നു. മദ്യ പ്രിയനും, തല്ലുകാരനും, ആകരുത്. നിരപവാദ്യൻ ആയിരിക്കണം, ശാന്തനും കലാഹിക്കാത്തവനും ആയിരിക്കണം. നമ്മുടെ സമൂഹത്തിൽ ഈ സ്വഭാവ ഗുണങ്ങൾക്ക് ച്യുതി സംഭവിക്കുന്നതിൽ വരും കാലങ്ങളിൽ നാം വലിയ വിലകൊടുക്കണ്ടി വരും. അതു കൊണ്ട് സഭകളിൽ ആത്മീയരുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കും. കണ്ണു നീരൊഴുക്കി നിലവിളിച്ചു പ്രാർത്ഥിക്കുന്ന മാതാപിതാക്കളും അതിനു മുമ്പുമുള്ള സമർപ്പണ തലമുറയുമൊക്കെ ലോകത്തിൽ നിന്നും യാത്രയായി. സമകാലികരായ പലരും ക്ഷീണിതരും അവശരും ഒക്കെയായി ഒതുങ്ങിക്കൂടി. യുവ തലമുറയ്ക്ക് കാലത്തിനൊത്ത ആരാധന രീതികളും ഉപദേശങ്ങളും ആയിതുടങ്ങി.
ഏതു മഹാനായിരുന്നെങ്കിലും, ആത്മീയ പാപ്പരത്വം സംഭവിച്ചാൽ ആർക്കും വേണ്ടാതെ വരും. ഇതുവരെയുണ്ടായിരുന്ന പ്രശസ്തിവലയമെല്ലാം നിഷ്പ്രഭമാകും. കൂടെ നിന്നു ആരവം മുഴക്കിയവർ കൂറു മാറി കുറ്റം വിധിക്കും. മറ്റുള്ളവർക്ക് മുൻഗണന കൊടുത്തുകൊണ്ട് ഒരു മൂലയിലേക്ക് മാറിനിൽക്കാൻ ഇടയാകുകയും ചെയ്യും.
ദൈവ ശുശ്രൂഷകരുടെ പദവിയും ഉത്തരവാദിത്വവും നിസ്തുല്യമാത്രേ. ദൈവത്തിന്റെ വായ് ആയിരിക്കുന്നത് മഹനീയമെങ്കിലും കനത്ത വില അതിനും കൊടുക്കേണ്ടി വരും. അവിഹിത ഇടപാടുകൾ പലരുടെയും ശുശ്രൂഷകൾ മൂർച്ചയില്ലാത്തതും ഫലരഹിതവും ആക്കി തീർക്കുന്നു. സ്ഥാനവും മാനവും കരാഗതമാകാനുള്ള വഴിയായി കണ്ട് സുവിശേഷ രംഗത്തേക്കിറങ്ങിയാൽ സുവിശേഷീകരണത്തെക്കാൾ ലക്ഷ്യം ഭക്തിയുടെ വേഷം ധരിച്ച്‌ ചടുലതന്ത്രങ്ങൾ മിനഞ്ഞു ലക്ഷ്യങ്ങൾ കയ്യാളുകയത്രെ. നിരന്തര എതിർപ്പുകൾ പ്രതികൂലങ്ങളായി മനസ്സ് ക്ഷീണിപ്പിക്കുമ്പോൾ ദൈവം വിളിച്ചിറക്കിയ ശുശ്രൂഷകർ വിപരീതാനുഭവമദ്ധ്യേ പിന്തിരിയില്ല. ഓരോ തിക്താനുഭവവും അവരെ അധികമധികം ശക്തരാക്കും. പ്രതിപക്ഷ ബഹുമാനം നിലനിർത്തി നാം മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ആണ് സമാധാനവും സ്നേഹവും നമ്മുടെ ഇടയിൽ നിലനിൽക്കുന്നത്.
മറ്റുള്ളവർ നമ്മെ അക്രമിക്കുമ്പോൾ കലാപങ്ങളും പിണക്കങ്ങളും ഒഴിച്ചു മാറ്റി സ്നേഹത്തിലും സാഹോദര്യത്തിലും സുവിശേഷികരണം ലക്ഷ്യമാക്കി മുന്നേറാം.
മുന്നോട്ടുള്ള യാത്രയിൽ പ്രായാധിക്യം കൊണ്ട് പ്രകാശം മങ്ങി മങ്ങി കണ്ണിൽ ഇരുട്ട് മൂടി തുടങ്ങും. മുൻപോട്ടുള്ള വഴി അവ്യക്തമാകാൻ തുടങ്ങും, തുടർന്നുള്ള യാത്രയും ദുഷ്കരമാവും. അതുകൊണ്ടു നമ്മുടെ ഉത്തരവാദിത്വങ്ങൾ ഓർത്തുകൊണ്ട് ലക്ഷ്യപ്രാപ്തിയിലേക്ക് ഓടാം. അൽപ്പം പ്രായമായെന്നു കരുതി ആരും മറ്റുള്ളവരെക്കാൾ അറിവുള്ളവരും ശ്രേഷ്ഠരുമാണെന്നു കരുതരുത്. മുതിർന്ന ആത്മീയരെ വിലകുറച്ചും കാണരുത്. അനാവശ്യമായി ആരുമായും വാഗ്‌വാദത്തിലേർപ്പെട്ട് തമ്മിൽ കലഹിക്കരുത്. അത് മറ്റുള്ളവരെ മുറിവേൽപ്പിക്കുന്നതിനോടൊപ്പം നിങ്ങളെയും മാനസിക പിരിമുറുക്കത്തിലെത്തിക്കും. അതു ബദ്ധശത്രുക്കളായി നമ്മെ മാറ്റും. ഗർവ്വും അഹങ്കാരവും ഒഴിവാക്കി വിനയത്തോടെ ജീവിക്കാൻ പഠിക്കണം. പ്രായമാകുന്തോറും അന്യരെ ബഹുമാനിക്കുന്നതിനും സ്വയം ബഹുമാനിക്കപ്പെടുന്നതിന്റെയും പ്രാധാന്യം തിരിച്ചറിയാൻ സാധിക്കണം. ജീവിതത്തിന്റെ സായം കാലത്തു ലൗകിക ബന്ധങ്ങളോടുള്ള കെട്ടുപാടുകളില്ലാതെ നിർമ്മരായിരിക്കാൻ മാനസികമായി തയാറെടുക്കണം. ജീവിത യാത്ര സ്വാഭാവികമായ ഒഴുക്കാണ്, സമചിത്തതയോടെ അക്ഷഭ്യമായി അത് ജീവിച്ചു തീർക്കുക. ദൈവ ഭയവും വിളിയാലുള്ള ദൈവത്തിന്റെ ആശ എന്തെന്നും മനസിലാക്കി സഭാ പരിപാലനവും വിശ്വാസ ജീവിതവും വിശ്വസ്ഥതയോടെ നിറവേറ്റുക. അങ്ങനെ എങ്കിൽ സമൂഹത്തിൽ നമ്മൾ മാന്യതയോടും, വിശ്വസ്തതയോടും കൂടി ഓട്ടം ഓടി തികക്കുവാൻ ഇടയായി തീരും. ഈ പോർക്കളത്തിൽ യുദ്ധം യഹോവക്കുള്ളത്, നാം വെറും യോദ്ധാക്കൾ. നമ്മൾ തമ്മിലല്ല പോരാട്ടമുള്ളത് അന്ധകാര സേനയോട് ആണന്ന് ഓർത്തു നല്ല യോദ്ധാവായി നമുക്ക് മുന്നേറാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.