കവിത: പുത്രവ്യഥ

സ്നേഹ ബ്ലെസ്സണ്‍

ഈ ലോക യാത്രയിൽ എന്നും സ്മരിക്കുവാൻ

ഒരു പിടി ഓർമ്മകൾ തങ്ങി നിൽപ്പൂ.

എൻ ജീവന്റെ ജീവനാം പ്രാണന്റെ പ്രാണനാം

അരുമസുതൻ എന്നെ വിട്ടു പോയി.

 

ലോക സൗഭാഗ്യങ്ങൾ തൻ നടുവിൽ പിറന്നവൻ

തൻ താത സ്നേഹം ത്യജിച്ചങ്ങു പോയ്‌

എൻ മകനെ എൻ നിനവുകൾ നീ അറിഞ്ഞില്ലയോ

എൻ ആയുരാരോഗ്യം ക്ഷയിച്ചതുമറിഞ്ഞീലാ.

എൻ സ്വത്തിൻ പാതി നീ ചോദിച്ച നേരം

എൻ ഹൃത്തിൻ പാതി നീ പറിച്ചെടുത്തു

അരുതേ ! മകനേ ! എന്നോതിയ എൻ രോദനം

കേൾക്കാതെ നിർദ്ദയം നീ പോയ് മറഞ്ഞു

തെരുവുചാലുകൾ നിൻ ശയന ഗൃഹമായ്

നിൻ ഉറ്റ സഖികൾ നിന്നെ വിട്ടു പോയ്

നിൻ മടിശീലയാകെ ഒഴിഞ്ഞു പോയ്

പന്നി തൻ വാളവര നിൻ ഭോജ്യമായ്

നിൻ വിരഹത്തിൻ വ്യഥയിൽ ഞാൻ ഉരുകിയലിഞ്ഞതും

നിൻ ജ്യേഷ്ഠ മനമിടറിയതും നീ അറിഞ്ഞോ ?

ഒരു വിളിപ്പാടകലെ നിൻ മൃദുസ്വരം കേൾപ്പാൻ

ഈ താതൻ കാത്തതും നീ അറിഞ്ഞീലാ.

ഒരു സായംസന്ധ്യയിൽ പ്രാകൃത രൂപിയാം നിൻ

നിഴലെന്റെ ഉമ്മറപ്പടിയിൽ പതിഞ്ഞതും

അപ്പാ ! എന്ന നിൻ വിളി കേട്ടെൻ മനം

പുളകിതമായതും നീ അറിഞ്ഞീലാ.

ഒരു ലോക താതൻ തൻ സ്നേഹമിതെങ്കിൽ

സ്വർഗ്ഗ താതൻ തൻ ദയയെത്ര അഗോചരം !

നഷ്‌ടമായ തൻ സൃഷ്ടിയെ ചൊല്ലി

വിലപിക്കുമാ നെഞ്ചകം ആരു കാണ്മൂ ?

മാറുന്ന കാലത്തിനോടൊപ്പമോടുന്ന

യൗവനക്കാരാ നിൻ സ്രഷ്ടാവേ ഓർക്ക.

ലോകമോഹങ്ങൾ തൻ മായയിലുഴലാതെ

സ്നേഹസ്വരൂപനിൽ ദൃഷ്ടി വയ്ക്ക.

 

ആ സ്നേഹസ്വരൂപനിൽ ദൃഷ്ടി വയ്ക്ക

-സ്നേഹ ബ്ലെസ്സണ്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.