കെ.എസ്.ആര്‍.ടി.സി അപകടങ്ങൾ; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു
കൊട്ടാരക്കര: എം.സി റോഡില്‍ മൈലത്തിന് സമീപം കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസും ആസിഡ് കയറ്റി വന്ന പിക്ക് അപ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് പിക് അപ് ഡ്രൈവര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. തൊടുപുഴ ഉടുമ്ബന്നൂര്‍ കാഞ്ഞിര മലയില്‍ സിജോ തോമസ് (25) ആണ് മരിച്ചത്. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല. ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, കനത്തമഴയില്‍ നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ബസ് കുഴിയിലേയ്ക്ക് മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം. സംഭവത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ മുപ്പത്തഞ്ചോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. കുളത്തുപ്പുഴയില്‍ നിന്നു നെടുമങ്ങാട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസാണ് മറിഞ്ഞത്. ഇന്നു രാവിലെയായിരുന്നു സംഭവം.
കുളത്തുപ്പുഴ – നെടുമങ്ങാട് പാതയില്‍ കരിമണ്‍കോട് വളവില്‍ വച്ചായിരുന്നു അപകടം. കനത്ത മഴയില്‍ നിയന്ത്രണം വിട്ട ബസ് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നെടുമങ്ങാട് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.