4 ജില്ലകളില്‍ റെഡ് അലര്‍ട്ട്!! ഞായറാഴ്ച വരെ ദുരിതപെയ്ത്ത് തുടരും! അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിത പെയ്ത്ത് തുടരുകയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഏറ്റവും അധികം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നും ഈ നാല് ജില്ലകളിലും അതിതീവ്രമഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളപ്പൊക്ക, ഉരുള്‍പ്പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് (വെള്ളിയാഴ്ച) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓഗസ്ത് 10ന് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടപണ്ട്. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ സാധ്യത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഞായറാഴ്ച വരെ കാലവര്‍ഷം അതിശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
മഴ കനത്തതോടെ മിക്ക ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ദുരിതപെയ്ത്തില്‍ ഇതുവരെ 21 പേരാണ് മരിച്ചത്. ഇന്ന് മാത്രം 12 പേരാണ് മരണപ്പെട്ടത്. കനത്ത മഴയില്‍ ഏഴ് ജില്ലകളില്‍ വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ഉണ്ടായിട്ടുണ്ട്. പല ഡാമുകളുടേയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. അതേസമയം മഴ ശക്തമാണെങ്കിലും വലിയ ഡാമുകള്‍ ഒന്നും തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എംഎം മണി അറിയിച്ചിട്ടുണ്ട്. ഡാമുകള്‍ തുറന്നു വിടുന്നത് സംബന്ധിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ വിലയിരുത്താനായി ഉച്ചയ്ക്ക് വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.