കവിത: ആവേഗങ്ങൾ | സുനിൽ വർഗീസ്‌ ബാംഗ്ലൂർ

സ്വാതന്ത്ര്യം,

ഞാൻ ഏതു ഗുരുവിന്

പ്രാണൻ ദക്ഷിണ നല്കി

സ്വായത്വമാക്കേണ്ട

അനുഭവമാണ്?

നിന്റെ വാക്കുകളാൽ,

നീയെന്നെ നോവിച്ചു

കൊണ്ടിരുന്നു.

ശലഭത്തിന്റെ ചിറകുകൾ

ചീന്തിയെടുക്കും പോലെയായിരുന്നത്.

എനിക്കലയുവാൻ

നിന്റെ വിതാനങ്ങൾ ഉണ്ടായിരുന്നു.

എന്റെ സ്വാതന്ത്ര്യവും

പൊട്ടിച്ചിരികളുമായി

വിഹരിക്കുവാൻ

നിന്റെ പൂന്തോപ്പുകൾ

ഉണ്ടായിരുന്നു.

 

സർവ്വവും നിന്റേതു തന്നെയാണെന്ന്

ഞാനറിയുമ്പോഴേക്കും

നീയെന്നെ

കൈയെത്തിപ്പിടിച്ചിരുന്നു.

 

നിന്റെ പാദങ്ങളിൽ

നിന്ദ്യനായി ഞാനിഴയുമ്പോൾ,

മരണത്തിലേക്കെന്റെ

കാമന കുതിക്കവേ

അപ്പോഴും ഞാനറിയുന്നു,

മരണവും നിന്റെ മാത്രമായിരുന്നു.

– സുനിൽ വർഗീസ്‌ ബാംഗ്ലൂർ

-ADVERTISEMENT-

-ADVERTISEMENT-

You might also like