ഭാവന: ക്രൂശിന്‍റെ സന്ദേശം | ഷീന ടോമി

ലോകമേ…നിനക്ക് സ്നേഹവന്ദനം !
ഞാൻ …??? കാൽവരി ക്രൂശ് …!!!
അതെ ….രണ്ടായിരത്തിൽപരം വർഷങ്ങൾക്ക് മുമ്പ് ദേവാട്ടിൻകുട്ടി യാഗമായിതീർന്ന അതേ പച്ചമരകുരിശ് …..
നിങ്ങൾ ആർത്തില്ലെങ്കിൽ ഈ കല്ലുകൾ ആർക്കും എന്നരുളിയവന്റെ നാമത്തിന്റെ പുകഴ്ചക്കായ് എന്നാലാവുന്നത് ഞാനും ….
ഇന്നെന്നപോലെ ഓർമയിൽ തെളിയുന്ന ചിത്രങ്ങൾ ….ഭൂമിയുടെ ഗർഭഗൃഹത്തിൽ ,വിത്തിന്റെ ഗർഭപാത്രത്തിൽ കൂമ്പി ഉറങ്ങുകയായിരുന്ന എന്നെ മ്രുദലമായ് തലോടി ഉണർത്തിയ അദൃശ്യകരങ്ങൾ …..സൃഷ്ടി സൃഷ്ടാവിനെ കണ്ടുണർന്ന അനർഘ നിമിഷങ്ങൾ …..ഒരു കുഞ്ഞുനാമ്പായിരുന്ന എനിക്ക് കരുത്തേകി ,ബലമേകി ഭൂമിയുടെ പരുക്കൻ പ്രതലത്തിലേക്ക് അവൻ എന്നെ കൈ പിടിച്ചുയർത്തി ….അവൻ കനിവോടെ പൊഴിച്ച മഴ കുടിച്ച് ,കരുണയോടെ ജ്വലിപ്പിച്ച സൂര്യവെളിച്ചം നുകർന്ന് ,ദയയോടെ ഫലഭൂയിഷ്ടമാക്കിയ ഭൂമിയുടെ വളം വലിച്ച് ഊറ്റി എന്റെ കാമ്പും കാതലും കനക്കവേ പെട്ടെന്നൊരുനാൾ അവരെത്തി ….!കുരിശു തീർക്കുവാൻ ഒരു മരം വേണം പോൽ …..!എനിക്ക് ചുറ്റും തഴച്ച പ്രാകൃത സഹോദരങ്ങളനേകരെ ചെത്തിയും കൊത്തിയും മനോഹരരൂപം പകർന്ന തച്ചൻകൊച്ചൻ ഒരുവൻ താൻ ദൈവം എന്നവകാശപ്പെടുന്നുപോൽ ….!കാട്ടൊലിവനേകരെ മാന്യോപകരണങ്ങളാക്കിയവൻ താൻ തന്നെ വഴിയും സത്യവും ജീവനുമെന്നോതിപോൽ ….!അവനെ കുരിശിലേറ്റുവാൻ ……..പച്ചമരക്കുരിശായ് ദൈവദൂഷകനെ കാത്ത് കിടക്കുമ്പോൾ ആരവാരം അധികമാകുന്നത് ഞാനറിഞ്ഞു ….അവൻ വരുന്നു ……കണ്ടാൽ ആളല്ല എന്ന് തോന്നുമാറു ചാട്ടവാറടിയും മർദ്ദനവും ഏറ്റ് വികൃതമായ ,ഉഴവുചാൽ പോലെ കീറപ്പെട്ട ശരീരം ….മുൾക്കിരീടം ആഴ്ന്നിറങ്ങി ചോര വാർന്നൊഴുകി മൂടപ്പെട്ട മുഖം …വീണും എഴുന്നേറ്റും വീണും എഴുന്നേറ്റും അവൻ അരികിലെത്തി ……എന്നെ ഉയർത്തുവാൻ ആ കരങ്ങൾ തൊട്ട നിമിഷം ഞാനറിഞ്ഞു …..ഇതവനാണ് !!!….ജീവൻ പകർന്ന്
തൊട്ടുണർത്തി പോറ്റി പുലർത്തി ഇതുവരെ എത്തിച്ച അരുമനാഥൻ !!!

അരുതേ …എന്ന നിലവിളി തൊണ്ടയിൽ കുരുങ്ങി …..ഒരു നാവില്ലാതതിൽ ആദ്യമായ് സ്വയം ശപിച്ചുകൊണ്ട് വേദനയോടെ ഞാൻ എന്നെത്തന്നെ ഏല്പ്പിച്ചുകൊടുത്തു ……

ജീവശ്വാസം ഊതിതന്നവൻ ശ്വാസം മുട്ടി പിടഞ്ഞപ്പോൾ ,ജീവജലം ഊറ്റിതന്നവൻ എനിക്ക് ദാഹിക്കുന്നു എന്ന്
പറഞ്ഞപ്പോൾ,അവൻ ചൊരിഞ്ഞ മഴയിൽ വളർന്ന ഞ്ഞാൻ അവന്റെ രക്തത്തിൽ കുതിർന്നപ്പോൾ …….എന്തു പറയേണ്ടു …….

എന്നാൽ സകലവും നിവർതിയായി എന്നരുളി അവൻ പ്രാണനെ വിട്ടപ്പോൾ അവന്റെ മഹാദൗത്യം എന്തെന്ന് ഞാനറിഞ്ഞു .തന്റെ ചുടുനിണം കൊണ്ടവൻ ലോകത്തെ വീണ്ടെടുക്കുകയായിരുന്നു എന്നാ മഹാസത്യം !!!തങ്കചോരയാൽ പാപപരിഹാരം വരുത്തി പാപികൾക്ക് പുതുവഴി പ്രതിഷ്ടിക്കയായിരുന്നു !!!

ആകയാൽ പ്രിയരേ….,എന്റെ ജന്മത്തിൽ ഞാൻ ഏറ്റവും സന്തോഷിക്കുന്നു …എന്റെ നിയോഗത്തിൽ അങ്ങേയറ്റം പ്രശംസിക്കുന്നു …

നിങ്ങളാരിലും മുന്നേ അവന്റെ തിരുനിണം ഒഴുകിയിറങ്ങി കഴുകി ശുദ്ധിയാക്കിയത് എന്നേയാണല്ലോ ….!!!

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.