സമാധാനത്തിനായി പ്രാര്‍ത്ഥനയുമായി അരുണാചല്‍ പ്രദേശിലെ ക്രൈസ്തവ സമൂഹം

ന്യൂഡല്‍ഹി: ഭാരതത്തില്‍ സമാധാനം പുലരുന്നതിനായി വടക്ക്- കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ മിയാവോ രൂപതയില്‍ ധ്യാനവും പ്രാര്‍ത്ഥനാശുശ്രൂഷയും നടന്നു. സംസ്ഥാനത്തിലെ എട്ടു ജില്ലകളില്‍ നിന്നുമുള്ള അറുനൂറോളം യുവതീയുവാക്കള്‍ പങ്കെടുത്ത ‘ലീഡര്‍ഷിപ്പ് പ്രോഗ്രാം’ മെയ് 19 മുതല്‍ 22 വരെയാണ് നടത്തപ്പെട്ടത്. കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് തുടങ്ങിയ ക്രിസ്ത്യന്‍ സഭകളില്‍ നിന്നുള്ളവര്‍ക്ക് പുറമേ അക്രൈസ്തവരും ധ്യാനത്തില്‍ പങ്കെടുത്തുവെന്നത് ശ്രദ്ധേയമായി. ഭാരതത്തില്‍ സമാധാനം പുലരുവാന്‍ ധ്യാനത്തില്‍ പങ്കെടുത്തവര്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ചു.

post watermark60x60

അക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഈ ധ്യാനം ക്രിസ്തുവിനെക്കുറിച്ച് അറിയുവാനുള്ള ഒരു അവസരമായിരുന്നുവെങ്കില്‍, അകത്തോലിക്കരെ സംബന്ധിച്ചിടത്തോളം കത്തോലിക്കാ സഭയെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ മാറ്റുവാനുള്ള സന്ദര്‍ഭമായിരുന്നു ഇത്. ധ്യാനത്തിനിടെ 15 യുവതികളും 8 യുവാക്കളും സന്യസ്ത-പൗരോഹിത്യ ജീവിതം തെരെഞ്ഞെടുത്തു എന്നത് ശ്രദ്ധേയമാണ്. പരിപാടിയുടെ സമാപനത്തില്‍ പരസ്പര സഹവര്‍ത്തിത്വത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനറാലിയും ശ്രദ്ധയാകര്‍ഷിച്ചു.

“നമുക്ക് സമാധാനത്തിനായി പ്രാര്‍ത്ഥിക്കാം”, “നിഷകളങ്കരേ കൊല്ലുന്നത് അവസാനിപ്പിക്കൂ” എന്നെഴുതിയ പ്ലക്കാര്‍ഡുകളും, പരിശുദ്ധ കന്യകാമാതാവിന്റെ രൂപവും വഹിച്ചുകൊണ്ടായിരുന്നു റാലി നടന്നത്. സമാധാനപൂര്‍ണ്ണമായ പരസ്പര സഹവര്‍ത്തിത്വത്തിനു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. യുവതീ-യുവാക്കളുടെ ആവേശവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ഏറ്റവും നല്ല ധ്യാനമായിരുന്നു ഇതെന്നു വടക്ക്-കിഴക്കന്‍ സഭയുടെ ഔദ്യോഗിക വക്താവായ ഫാ. ഫെലിക്സ് അന്തോണി പറഞ്ഞു. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള നാഷണല്‍ കത്തോലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസസിന്റെ സഹായത്തോടെ മിയാവോ രൂപതയാണ് ധ്യാനം സംഘടിപ്പിച്ചത്.

-ADVERTISEMENT-

You might also like